Advertisment

പൗരത്വ രജിസ്റ്ററും പ്രവാസികളും - ആശങ്കയുടെ മാനസിക സമ്മർദ്ധം - അധികാരികളിൽ നിന്നും വിശദീകരണം ആവശ്യമുണ്ട്‌

author-image
admin
New Update

- മുബാറക്ക്‌ കാമ്പ്രത്ത്‌ 

Advertisment

പൗരത്വ രജിസ്റ്ററിലേക്ക്‌ സമയത്ത്‌ ട്രിബ്യൂണലിനു മുന്നിൽ രേഖകൾ ഹാജറാക്കാൻ കഴിഞ്ഞില്ലേങ്കിൽ സമയപരിതി കഴിഞാൽ പിന്നെ ഹാജറാക്കുന്നത്‌ വരെ പൗരത്വവും അനുബന്ധ ആനുകൂല്യങ്ങളും അവകാശങ്ങളും സ്വത്തും സമ്പത്തും ആധികാരികമായ്‌ നിലനിൽക്കുമോ എന്നതാണു പ്രവാസികളുടെ മുഖ്യമായ ആശങ്ക.

publive-image

പ്രഖ്യാപിത ഇന്ത്യൻ പൗരനു മാത്രം അവകാശപ്പെട്ട ഏതെല്ലാം കാര്യങ്ങൾ ആണു ഉള്ളത്‌ എന്ന് ഒന്ന് പരിശോധിച്ചാൽ പ്രശ്നം പ്രവാസികളെ എത്രത്തോളം ഇത്‌ ദൂരവ്യാപകമായ്‌ ബാധിക്കും എന്ന് മനസിലാക്കാം.

നിലവിൽ പാസ്പോർട്ട്‌ പോലും നഷ്ടപ്പെട്ട്‌ അനധികൃതമായ്‌ കഴിയുന്ന പൊതുമാപ്പ്‌ പ്രതീക്ഷിച്ച്‌ കൊണ്ട്‌ ‌ ഒരു രേഖയും കയ്യിൽ ഇല്ലാതെ ജോലിതുടരുന്ന ലക്ഷക്കണക്കിനു ഇന്ത്യക്കാരും അടങ്ങുന്നതാണു പ്രവാസലോകം.

ലേബർ / ഗാർഹിക തൊഴിലാളികളും ഡ്രൈവർ-ടെക്നിക്കൽ‌‌ തുടങ്ങിയവരും അടങ്ങുന്ന 70% അവിദഗ്ദ്ധ/ അർദ്ധ വിദഗ്ദ്ധ ജീവനക്കാരായ പ്രവാസികൾ എല്ലാ വർഷവും കൃത്യമായ്‌ അവധിക്ക്‌ പോകുന്നവരല്ല. തുഛമായ ശംബളം, നീണ്ട അവധി ലഭിക്കാനുള്ള സാഹചര്യ കുറവ്‌, ജീവിത ബാധ്യതകൾ, പോക്കുവരവിനുള്ള ചിലവ്‌ എന്നിവയെല്ലാം ഇതിനു കാരണമായ വസ്തുതകൾ ആണു.

ഇപ്പോൾ തന്നെ അവധിയ്ക്ക്‌ നാട്ടിൽ പോകുമ്പോൾ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി ചെറിയ കാര്യങ്ങൾ സാധിക്കാൻ പോലും വളരെയധികം അലയുന്ന പ്രവാസിയുടെ കഥകൾ വ്യക്തിഗതമായത്‌ കൊണ്ട്‌ മുഖ്യധാരയിൽ ചർച്ചക്ക്‌ വന്നിട്ടില്ല.

മാത്രമല്ല ഇടകാലത്ത്‌ വന്ന ആധാർ, പാൻകാർഡ്‌ അടക്കം പലതും പ്രവാസികൾക്ക്‌ നിർബന്ധം അല്ലാത്തത്‌ കൊണ്ട്‌ ഭൂരിപക്ഷം ആളുകളും അത്‌ എടുത്തിട്ടും ഇല്ല. ഡ്രൈവിംഗ്‌ ലൈസൻസുകൾ വർഷങ്ങൾക്ക്‌ മുൻപേ തന്നെ കാലാവധി തീർന്ന് പോയവരും നിരവധിയാണു.

കുറഞ്ഞ അവധിക്ക്‌ പോയി വിവാഹം കഴിച്ച്‌, മാര്യേജ സർട്ടിഫിക്കറ്റിനു അപേക്ഷിക്കാൻ ശ്രമിക്കാത്തവരും ലഭിക്കാത്തവരും മുൻകാലത്തെ രീതിയിൽ ആരാദനാലയങ്ങളിലെ കല്യാണ രെജിസ്റ്ററിൽ മാത്രം മാര്യേജ്‌ രേഖകൾ ഉള്ളവരും ധാരാളമാണു.

സ്വന്തമായി ഭൂമി വാങ്ങിയിട്ടും തണ്ടപ്പേരടക്കം കൈമാറ്റ ക്രയവിക്രയങ്ങൾ പൂർത്തിയാവാത്തതും വർഹങ്ങൾ ആയി ഭൂനികുതി അടക്കാത്തതും വാടക കരാർ പുതുക്കാത്തതും ആയ നൂലാമാലകൾ വേറെയും.

ജില്ലകൾ മാറി പുതിയ വീടുകൾ വെച്ചവർ, ഫ്ലാറ്റുകളിലേക്ക്‌ താമസം മാറിയവർ, കുടുംബമായ്‌ പ്രവാസ ലോകത്ത്‌ ജീവിക്കുന്നവർ, 2014നു മുൻപ്‌ വിദേശത്ത്‌ ജനിച്ച കുട്ടികൾ തുടങ്ങി നാട്ടിലെ 1956-1971-2014 വർഷം നോക്കി പാരമ്പര്യ‌ രേഖകൾക്ക്‌ പിന്നാലെ പോയാൽ ജോലി പോലും ഇല്ലാതാക്കി മാസങ്ങൾ അലയേണ്ട സാഹചര്യം പലർക്കും നിലനിൽക്കുന്നും ഉണ്ട്‌.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല, സംഘടിതമല്ലാത്തത്‌ കൊണ്ടും അവതരിപ്പിക്കാൻ പൊതു വേദികൾ ഇല്ലാത്തത്‌ കൊണ്ടും ചർച്ചയാവാത്ത വിഷയങ്ങൾ ആണു.

ദേശിയ പൗരത്വ രെജിസ്റ്ററും അനുബന്ധ പൗരത്വ ഭേദഗതി നിയമവും 2021-2024 കാലഘട്ടത്തിൽ ആണു നിലവിൽ വരിക എന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്‌.

വോട്ടർ ഐഡന്റിറ്റി കാർഡും ആധാർ കാർഡും ഡ്രൈവിംഗ്‌ ലൈസൻസും പാസ്പോർട്ടും പാൻ കാർഡും റേഷൻ കാർഡും ജനന സർട്ടിഫിക്കറ്റും സെക്കണ്ടറി സ്കൂൾ രേഖകളും അടക്കം വിവിധോദ്ദേശപരമായ 10 തരം തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ച്‌ ജീവിക്കുന്ന നാട്ടിൽ ഉള്ളവരെ അപേക്ഷിച്ച്‌ പാസ്പോർട്ട്‌ എന്ന എല്ലാത്തിലും വലിയ രേഖയുടെ ബലത്തിൽ ആണു പ്രവാസികൾ മുന്നോട്ട്‌ പോയിരുന്നത്‌.

നിലവിൽ തന്നെ ഒരു രേഖ ഉണ്ടാക്കാൻ തദേശ സ്വയംഭരണ/ വില്ലെജ്‌ / ഇതര ഓഫീസുകളിൽ 1 രൂപ അപേക്ഷ ചിലവും 1000 രൂപ കൈകൂലിയും നൽകാതെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ പൊടിപടലങ്ങളിൽ നിന്നും പുറത്ത്‌ ‌‌വരാത്ത രക്തദാഹികളായ ഉദ്യോഗസ്ഥരുടെ കീശവീർപ്പിക്കൽകൂടെയാകും ഈ പാരമ്പര്യ തെളിവെടുപ്പ്‌.

അലമാറകളിൽ ഉള്ള പഴയകാല കടലാസുകെട്ടുകളിൽ ഏതെല്ലാം ഇന്നും പ്രളയവും തീയും ചിതലും കാലവും കൊണ്ട്‌ പോയതിനു ശേഷം ബാക്കിയുണ്ട്‌ എന്ന് കണ്ടറിയേണ്ടതുണ്ട്‌. ആധാർ വന്നപ്പോൾ അതുണ്ടെങ്കിൽ ഇനി ഒന്നും വേണ്ട എന്ന പ്രചരണം ആയിരുന്നു, ഇപ്പോ ആധാർ തന്നെ രേഖയല്ലാതാകുന്ന അവസ്ഥയാണു പൗരത്വ തെളിവെടുപ്പിൽ സംജാതമാകുന്നത്‌.

ഇത്‌ നടപ്പിലായാൽ 2021-2024 ൻള്ളിൽ നാട്ടിൽ പോയി സ്വയവും കുടുംബത്തിന്റെയും പൗരത്വ രേഖകൾ സമർപ്പിച്ച്‌ ജോലി കളയാതെ തിരിച്ച്‌ വരാൻ എത്ര പ്രവാസികൾക്ക്‌ കഴിയും എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്‌.

സമയത്ത്‌ രേഖകൾ സമർപ്പിക്കാതിരുന്നാൽ നിലവിലെ പാസ്പോർട്ട്‌ അടക്കം "പൗരനു മാത്രം അവകാശപ്പെട്ടവ", പൗരത്വ ട്രിബ്യുണൽ മുൻപാകെ രേഖകൾ സമർപ്പിച്ച്‌ ബോധ്യപ്പെട്ടു എന്ന് അംഗീകരിക്കും വരെ അസാധു ആകുമോ എന്നതിലും വ്യക്തതയില്ല.

ആകെ ത്രിശങ്കുവിലാണു പ്രവാസികൾ, ഏറ്റവും അവഗണനകൾ അധികാരികളിൽ നിന്നും നേരിടുന്ന പ്രവാസികൾക്ക്‌ ഉത്തരം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഇങ്ങനെ ഒരു വിഭാഗം ഉണ്ട്‌ എന്ന് ഭരണവർഗ്ഗത്തെ ഓർമ്മിപ്പികേണ്ടിയും വരും.

Advertisment