Advertisment

ദുരന്തങ്ങള്‍ നമ്മളെ ജീവിതം പഠിപ്പിക്കുകയാണോ ? മറന്നുവച്ച സന്തോഷങ്ങൾ നെഞ്ചോടു ചേർത്തുവയ്ക്കാൻ കൊറോണ നമ്മോട് പറയുന്നുണ്ടോ ? വലിയ വിപത്തിന്റെ ആകുലതള്‍ക്കിടയിലും ചില കൊച്ചുകൊച്ചു സന്തോഷങ്ങൾ കൊവിഡ് തിരികെ തരികയല്ലേ ? - മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍ എഴുതുന്നു

New Update

publive-image

Advertisment

കൊവിഡ് 19 തിരികെ നൽകുന്നത്...

ചില നന്മകളിലേക്ക് അവിചാരിതമായാണ് നമ്മൾ എത്തിപ്പെടുക. കൊവിഡ്- 19 ഉം അതിനുള്ള അവസരമാണെന്നു വരാം.

ജീവിതത്തിന്റെ തിരക്കിനിടയിൽ,​ പരി​ഷ്​കാരങ്ങളുടെ വേലിയേറ്റത്തിൽ,​ ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിയിൽ,​ നാഗരികതയുടെ വളർച്ചയിൽ അതിവേഗം മുന്നോട്ടുപോയപ്പോൾ കൈവിട്ടുപോയിട്ടുണ്ട് ചില നന്മകൾ. വ്യക്തികൾക്കും സമൂഹത്തിനും.

ചില സായാഹ്നങ്ങളിൽ,​ ഒറ്റയ്ക്കാവുമ്പോൾ ഗൃഹാതുരതയോടെ അവയെക്കുറിച്ചോർത്ത് നെടുവീർപ്പിടാറുമുണ്ട്.

മഹാപ്രളയം അത്തരത്തിലൊന്ന് വീണ്ടെടുത്തു നൽകിയിരുന്നു. എല്ലാ വേലിക്കെട്ടുകൾക്കും അപ്പുറം മനുഷ്യൻ ഒന്നെന്ന ബോധ്യം. അന്യനും താനും ഒന്നല്ലെന്ന തിരിച്ചറിവിന്റെ തിരിച്ചറിയൽ ക്ഷണികസമയത്തേക്കെങ്കിലും.

കൊറോണ വൈറസ് പടരുമ്പോൾ അതുണർത്തുന്ന ഭീതിയും ആശങ്കയും ചില്ലറയല്ല. അടുത്തും അകലത്തുമുള്ള ബന്ധുക്കളെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും സഹോദരങ്ങളെ കുറിച്ചുമുള്ള ആധി. ഏതു രാജ്യത്തെയും രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തിലുണ്ടാകുന്ന വർധന ഉണ്ടാക്കുന്ന പേടി.

ഇതിനിടയിൽ അതിജീവനത്തിനും രോഗവിമുക്തിക്കും വേണ്ടി പാലിക്കേണ്ട ജാഗ്രതയും മുന്നൊരുക്കങ്ങളും ഉള്ളിലെ യോദ്ധാവിനെ തൊട്ടുണർത്തുന്നു. തളരാതെ പിടിച്ചുനിൽക്കാൻ ഉപദേശിക്കുന്നു. അതിന് ഭരണ നേതൃത്വം,​ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമെല്ലാം,​ ആത്മധൈര്യം പകരുന്നു.

സമ്മിശ്രമായ ഈ വികാരങ്ങൾക്കിടയിലൂടെ മരുഭൂമിയിലകപ്പെട്ട യാത്രികനെപ്പോലെ വേച്ചുനടക്കുന്നതിനിടയിലാണ് അകലെ ഒരു ഹരിതഭംഗി ചെറുതായി തെളിയുന്നത്.

സ്കൂളുകളും പണിശാലകളും അടച്ചും വീട്ടിലിരുന്ന് ജോലി നിർവഹിച്ചും ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും യാത്രകളും പരമാവധി ഒഴിവാക്കിയും കഴിവതും പുറത്തിറങ്ങാതെയും പുതിയ ക്രമം പരിശീലിക്കുന്നവർക്ക് തിരികെ വരുന്ന നന്മകളെ ഇപ്പോൾ തൊട്ടറിയാൻ സാധിക്കുന്നുണ്ട്.

അരനൂറ്റാണ്ടിനു മുൻപുണ്ടായിരുന്ന കേരളം. അല്ലെങ്കിൽ അതിനു മുൻപ് ഏറെ തെളിമയോടെ ഉണ്ടായിരുന്ന കേരളം.

പുറത്തുനിന്ന് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഉമ്മറത്ത് കിണ്ടിയിലോ,​ ഓട്ടുപാത്രത്തിലോ കരുതിവച്ചിരുന്ന വെള്ളം. അതുകൊണ്ട് കാലു കഴുകിത്തുടച്ചല്ലാതെ വീടിനുള്ളിൽ കടന്നിരുന്നില്ല.

സന്ധ്യാനേരത്തു പ്രാർഥനയും നാമജപവും മുഴങ്ങിയിരുന്ന ഗൃഹാന്തരീക്ഷം. വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ആഹ്ലാദം.

അണുകുടുംബങ്ങളിലേക്കു നീങ്ങിയപ്പോൾ ഉല്ലാസം നഷ്ടമായ ചില വീടുകളിൽ കഴിഞ്ഞ കുറച്ചു ദിവസമായി തെളിച്ചം കാണാൻ കഴിഞ്ഞു. ഭാര്യയ്ക്കും ഭർത്താവിനും ജോലിക്കു പേകേണ്ടിവരുമ്പോൾ വീട്ടിൽ തനിച്ചായ കുട്ടികളെ വീണ്ടും അച്ഛനും അമ്മയ്ക്കും ഒപ്പം ആക്കിയിരിക്കുകയാണ്. ക്രഷോ,​ ഡേ കെയറോ ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നെന്നു പറഞ്ഞവരെയും കണ്ടു.

സിനിമയ്ക്കോ,​ പാർക്കിലോ പോകാനാകാത്തതിനാൽ വീടിനുള്ളിൽ ഒതുങ്ങേണ്ടിവരുന്നു. ടിവിയും മൊബൈലുമെല്ലാം ഉണ്ടെങ്കിലും ഇപ്പോൾ വീടുകൾ മൗനം വെടിഞ്ഞു ചിരിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇന്നുവരെ കനംവച്ച മുഖവുമായി നിന്നിരുന്ന വീട്ടമ്മ അടുത്ത വീട്ടിലെ യുവാവിനോടു പറയുന്നു: മോൻ പുറത്തു പോവുകയാണോ,​ തിരിച്ചുവരുമ്പോൾ രണ്ടു കൂട് മാവു മേടിച്ചു തരണേ.

യുവാവിന്റെ മുഖത്ത് വിസ്മയത്തിൽ പൊതിഞ്ഞ സമ്മതഭാവം.

ഓഫിസിൽ പോകാനിറങ്ങുന്ന മകൻ അച്ഛനോടു പറയുന്നു: പുറത്തൊന്നും ഇറങ്ങേണ്ട. പ്രായമായവർ കൂടുതൽ സൂക്ഷിക്കണമെന്നാ. എന്തെങ്കിലും വേണമെങ്കിൽ വത്സയോടു പറഞ്ഞാൽ മതി. അവൾ എനിക്ക് വാട്സാപ് ചെയ്തോളും. ഞാൻ വാങ്ങിവരാം.

അച്ഛൻ അമ്മയോട്: അവർ നാലു ദിവസം കൂടിയാ എന്നോട് എന്തെങ്കിലും പറയുന്നത്.

പുറത്തുനിന്ന് വീട്ടിലെത്തിയ ഭർത്താവിനോട് ഭാര്യയുടെ നിർദേശം: വെളിയിൽ നിന്നു വന്നതല്ലേ,​ കുളിച്ചിട്ടു വാ. ഞാൻ രസവും ചൂടാക്കിവച്ചിട്ടുണ്ട്.

വിമാനത്താവളത്തിലേക്കു പോകുന്ന മകന്റെ കൈയിൽ പിടിച്ച് വാത്സല്യത്തോടെ അമ്മ: മോനേ,​ അടുത്തിരിക്കുന്നവരെ കരുതണേ. അമ്മയുടെ കൈ ചേർത്തുവച്ച് മകൻ: അമ്മേ,​ അമ്മ എന്നെയിങ്ങനെയൊന്നു തൊട്ടിട്ട് എത്ര നാളായെന്ന് ഓർക്കുന്നണ്ടോ?

മറന്നുവച്ച സന്തോഷങ്ങൾ ഓർത്തെടുക്കാൻ,​ നെഞ്ചോടു ചേർത്തുവയ്ക്കാൻ ചിലർക്കെങ്കിലും കൊവിഡ് സന്ദർഭം നൽകിയിരിക്കുന്നു. സമൂഹജീവിയാകുന്നതിലെ സന്തോഷവും സുഖവുമാണ് പ്രളയം മടക്കി നൽകിയതെങ്കിൽ വ്യക്തിപരവും കുടുംബപരവുമായ ചില കൊച്ചുകൊച്ചു സന്തോഷങ്ങൾ കൊവിഡ് തിരികെ തന്നെന്നു വരാം. അതിൽ സന്തോഷിച്ച് കരുതലോടെ ഇരിക്കുക!

 

Advertisment