Advertisment

ഇന്ത്യന്‍ജനാധിപത്യത്തിന്റെ വ്യക്തിത്വവും അസ്‌തിത്വവും മാറ്റുരക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ്‌ മാമാങ്കം-2019. വൈവിദ്ധ്യവും ബഹുസ്വരതയും നിലനിര്‍ത്തണോ? ഏകമതനേതൃത്വവും ഏകാധിപത്യവും ഗുണകരമോ? ഈ ചോദ്യമാണ്‌ ഇന്ത്യന്‍ പൗരന്‍ ഇന്നു നേരിടുന്നത്‌

author-image
എസ് പി നമ്പൂതിരി
Updated On
New Update

"ജനാധിപത്യം ഒരു സ്വയംഭരണസമ്പ്രദായമാണ്‌. സഹജാതരുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്രമനുഷ്യന്റെ കര്‍ത്തവ്യവിളംബരമാണ്‌ ജനാധിപത്യം."

Advertisment

- ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ്‌.

സ്വതന്ത്രയിന്ത്യ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. സുദീര്‍ഘമായ ഐതിഹാസികസമരങ്ങളിലൂടെയാണ്‌ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്‌. നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യഭരണക്രമവും പല വെല്ലുവിളികളേയും നേരിട്ടാണെങ്കിലും ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും നിലനില്‍ക്കുന്നുവെന്നത്‌ ആശ്വാസപ്രദമാണ്‌-അല്‌പം ആവേശകരവുമാണ്‌.

സമാനസാഹചര്യങ്ങളില്‍ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പട്ടാളഭരണത്തിന്റെ പിടിയിലകപ്പെട്ടുപോയ കഥ ഓര്‍ത്തുപോയതുകൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്‌. ഏതൊരു പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചെഴുതുമ്പോഴും രാഷ്ട്രീയനിരീക്ഷകര്‍ ചാര്‍ത്തിക്കൊടുക്കുന്ന ഒരു വിശേഷണമുണ്ട്‌-അഭൂതപൂര്‍വ്വമായ സവിശേഷതകളുള്ളതാണ്‌ ഈ തെരഞ്ഞെടുപ്പ്‌. എന്നാലീ തെരഞ്ഞെടുപ്പിന്റെ സവിശേഷത മറ്റൊന്നാണ്‌. ഈ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി ജയിച്ചാല്‍ ഇനി തെരഞ്ഞെടുപ്പ്‌തന്നെ ഉണ്ടാവില്ലത്രെ.

publive-image

ഇതു പറയുന്നത്‌ പ്രതിപക്ഷക്കാരൊന്നുമല്ല. ഭരണകക്ഷിയുടെ ആത്മീയബുദ്ധികേന്ദ്രമായ സാക്ഷാല്‍ സാക്ഷിമാഹാരാജാണ്‌. ഉത്തരപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ രാഷ്ട്രീയപ്രവര്‍ത്തനവും സന്ന്യാസവ്രതവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഒരു രാഷ്ട്രീയസന്ന്യാസി. അദ്ദേഹത്തിന്റെ വാദഗതികള്‍ ലളിതമാണ്‌.

കോടാനകോടി രൂപയും വിലമതിക്കാനാവാത്ത മനുഷ്യാദ്ധ്വാനവും ഹോമിച്ചുകൊണ്ട്‌ എന്തിനൊരു തെരഞ്ഞെടുപ്പ്‌ നടത്തണം? രാജ്യത്തിന്റെ ഉത്തമതാല്‌പര്യം മുന്‍നിര്‍ത്തി ഭരിക്കാന്‍ കഴിവുള്ള നെഞ്ചുറപ്പുള്ള ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ നയിക്കാന്‍ അറിവും അനുഭവസമ്പത്തുമുള്ള ഒരു സന്ന്യാസിമണ്ഡലവും ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ്‌ എന്ന ഈ മഹാധൂര്‍ത്ത്‌ ഒഴിവാക്കിക്കൂടെ?

ഈ മന്ത്രിസഭയുടെ നേട്ടങ്ങള്‍ തന്നെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്‌ളാനിംഗ്‌ കമ്മീഷന്‍ പിരിച്ചുവിട്ടു. പ്രധാനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്ന നീതി ആയോഗ്‌ എന്ന ഒരു രാജസേവകസംഘത്തെ പകരം വാഴിച്ചു. റിസര്‍വ്വ്‌ബാങ്ക്‌ നീതിപീഠങ്ങള്‍, സര്‍വ്വകലാശാലകള്‍, ബാങ്കിംഗ്‌ മേഖല, മാധ്യമരംഗം, വ്യവസായം, കൃഷി, വിദേശനയം തുടങ്ങി എല്ലാ മേഖലകളിലും അടിമുടി സമാനമായ പ്രതിലോമനയങ്ങള്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി നടപ്പിലാക്കി വരുന്നു.

ഇവയുടെയൊക്കെ സ്വാഭാവികപരിണാമമാണ്‌ സാക്ഷിമഹാരാജ്‌ പ്രവചിച്ച തെരഞ്ഞെടുപ്പില്ലാത്ത ഭരണവ്യവസ്ഥ. പഴയ രാജഭരണരീതിയിലേക്കുള്ള ഒരു തിരിച്ചുപോക്ക്‌ എന്നു വേണമെങ്കില്‍ പറയാം. ഇന്നും രാജഭരണം നിലനില്‍ക്കുന്ന പല രാജ്യങ്ങളുമുണ്ടല്ലോ. പലതും വിജയകരമായി ഭരണം നടത്തിവരുന്നു. രാഷ്ട്രീയാദര്‍ശങ്ങളേക്കുറിച്ചും ഭരണനിര്‍വ്വഹണ തത്ത്വങ്ങളേക്കുറിച്ചും പറയുമ്പോള്‍ ഭാരതീയജനതാപ്പാര്‍ട്ടിയുടെ കേരളത്തിലെ അദ്ധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ളയേപ്പോലുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്‌:

"രാജനീതി". ഇതെത്രയും അര്‍ത്ഥവത്താണ്‌. ജനനീതി അല്ല, രാജനീതിയാണവര്‍ ലക്ഷ്യം വ�ുന്നത്‌. ഇപ്പോളിന്ത്യഭരിക്കുന്ന ഭ.ജ.പാ. ആണ്‌ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതെങ്കില്‍ അവര്‍ നടപ്പാക്കുന്ന രാജനീതിയുടെ പരിണതഫലങ്ങള്‍ എന്തൊക്കെ ആയിരിക്കും ഒന്നോര്‍ത്തുനോക്കാം.

ഒന്ന്‌: ഇന്ത്യന്‍ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം ഹിന്ദുക്കളാണ്‌. ജനഹിതം മാനിച്ച്‌ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. മുസ്ലീം-ക്രിസ്‌ത്യന്‍-ബുദ്ധ-ജൈന-പാഴ്‌സി-സിഖ്‌ മതങ്ങള്‍ക്കൊന്നും ഔദ്യോഗികാംഗീകാരമുണ്ടാവില്ല. ഫലത്തില്‍ പാകിസ്ഥാന്റെ ഒരിന്ത്യന്‍ പതിപ്പായിത്തീരും.

രണ്ട്‌: സമസ്‌തമേഖലകളിലും സ്വകാര്യവല്‍ക്കരണം നടപ്പാക്കും. ഇപ്പോള്‍ത്തന്നെ അതിനുതുടക്കം കുറിച്ചുകഴിഞ്ഞു. അഞ്ചു വിമാനത്താവളങ്ങള്‍ വില്‍ക്കുന്നതും തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉള്‍പ്പെടെ ഇന്ത്യയുടെ ആകാശവും ഭൂമിയും കടലും മൂലധനശക്തികള്‍ക്കു മുന്നില്‍ കാഴ്‌ചവച്ചുകൊണ്ടിരിക്കുകയാണ്‌. ഇതുപോലെ സ്വകാര്യവല്‍ക്കരണം ഊര്‍ജ്ജിതമാക്കിവരുന്നു-ത്വരിതഗതിയിലാക്കുകയും. വ്യവസായം നടത്തുന്നത്‌ വ്യവസായികളായിരിക്കും. അതു സര്‍ക്കാരിന്റെ ചുമതലയല്ല.

മൂന്ന്‌: സ്വാതന്ത്ര്യസമരകാലം മുതല്‍ നാം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വവിരുദ്ധസമീപനം ഇന്ത ്യ ഉപേക്ഷിക്കും. ചേരിചേരാനയം, പഞ്ചശീലം, കോളനികളിലെ വിമോചനപ്രസ്ഥാനങ്ങളോടുള്ള ഐക്യദാര്‍ഢ്യം മുതലായവയെല്ലാം പുന:പരിശോധിക്കും. 'ലന്ത പറങ്കിയും ഇങ്കിരിയേസും' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ച അധിനിവേശശക്തികളെ എതിര്‍ത്തുകൊണ്ടാണല്ലോ നമ്മുടെ ദേശീയപ്രസ്ഥാനം വളര്‍ന്നത്‌.

സാര്‍വ്വദേശീയചക്രവാളത്തില്‍ ഇന്നവയൊന്നും തിളങ്ങുന്ന താരശോഭകളല്ല. അമേരിക്കന്‍ ഐക്യനാടുകളുടെ നേതൃത്വത്തില്‍ പുതിയൊരു താരമണ്ഡലം ഉദയം ചെയ്‌തിരിക്കുകയാണ്‌. ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നീ കരണത്രയത്തിന്റെ ഇടിമുഴക്കവും മിന്നല്‍പ്പിണര്‍ വെളിച്ചവും ഭാ.ജ.പാ.യെ ആവേശഭരിതരാക്കുന്നു-വര്‍ഷാഗമത്തിലെ വേഴാമ്പലിനെയെന്നപോലെ.

നാല്‌: പൊതുഭരണമൊഴിച്ച്‌ സമസ്‌തമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങും. പിന്മാറ്റം ആരംഭിച്ചുകഴിഞ്ഞു. കേരളസര്‍ക്കാര്‍ വിട്ടുകൊടുത്ത സ്ഥലത്തു പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം ഒരു സ്വകാര്യവ്യവസായിക്ക്‌ സമ്മാനിച്ചതുപോലെ-ഇതൊരുദാഹരണം മാത്രം. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. വിദേശമൂലധനം അനിയന്ത്രിതമായി ആകര്‍ഷിക്കപ്പെടുന്നു. കൃഷി കര്‍ഷകന്റെയല്ലാതാകുന്നു.

കോര്‍പ്പറേറ്റുകളുടെ സാങ്കേതികവൈദഗ്‌ധ്യവും സാമ്പത്തികശേഷിയും കൊണ്ട്‌ കാര്‍ഷികമേഖല രക്ഷപ്പെടുമത്രേ. ചെറുകിടവ്യാപാരമേഖലയില്‍പ്പോലും നേരിട്ടുള്ള വിദേശനിക്ഷേപം വരുന്നു. വിവിധസേവനമേഖലകളും വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും സ്വകാര്യമേഖലയുടെ കരുത്തുറ്റകരങ്ങളില്‍ സുരക്ഷിതമാണെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു.

റെയില്‍വേ സംവിധാനത്തിന്റെ സ്ഥാപകരായ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍പോലും ചെയ്യാന്‍ മടിച്ച തരത്തിലുള്ള സ്വകാര്യവല്‍ക്കരണശ്രമങ്ങളാണ്‌ ഇപ്പോള്‍ റെയില്‍വേയില്‍ നടന്നുവരുന്നത്‌. കടലില്‍ത്താഴ്‌ന്നു കിടക്കുന്ന അഴിമതിമലയുടെ ശൃംഗാഗ്രം മാത്രമാണ്‌ റാഫേല്‍ വിമാനമിടപാട്‌.

ഐതിഹാസിക പരിശ്രമങ്ങളിലൂടെ നാം വളര്‍ത്തിയെടുത്ത എച്ച്‌.എ.എല്ലിനെ അവഗണിച്ചുകൊണ്ട്‌ ഇക്കാര്യത്തില്‍ യാതൊരു പൂര്‍വ്വപരിചയവുമില്ലാത്ത പാപ്പരായ അംബാനിക്ക്‌ വിമാനനിര്‍മ്മാണച്ചുമതല കൊടുക്കാന്‍ പോകുന്നു. പ്രധാനമന്ത്രിയുമായുള്ള പൂര്‍വ്വപരിചയം മാത്രമാണ്‌ യോഗ്യതയായി പരിഗണിക്കപ്പെട്ടത്‌. അപ്പോള്‍ സര്‍ക്കാരിന്റെ റോള്‍ അല്ലെങ്കില്‍ കര്‍ത്തവ്യം എന്താണ്‌ എന്നു ചോദിക്കുന്നവര്‍ക്ക്‌ കരണത്രയത്തിന്റെ വക്താക്കളുടെ മറുപടിയിങ്ങനെ:

'അടിസ്ഥാനസൗകര്യങ്ങളൊരുക്കിക്കൊടുക്കയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന രക്ഷാധികാരി മാത്രമായിരിക്കും സര്‍ക്കാര്‍.'

ഇത്തരത്തില്‍ രാജ്യം പുരോഗമിക്കുമ്പോള്‍ ഉദ്യോഗസ്ഥദുഷ്‌പ്രഭുത്വത്തില്‍ നിന്നും നാം മോചിതരാവുമെന്നും വാഗ്‌ദാനമുണ്ട്‌. ഇതോടൊപ്പം സ്വകാര്യമേഖലയുടെ കാര്യക്ഷമത പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ രക്ഷാധികാരിയായ സര്‍ക്കാരിന്റെ ജോലി എന്താണ്‌?

നികുതിപിരിക്കുക-ശമ്പളം കൊടുക്കുക എന്നതിലേക്ക്‌ ഒതുങ്ങുകയോ ചുരുങ്ങുകയോ ചെയ്യുന്ന അവസ്ഥ. ഒരു പ്രസിദ്ധ കഥയാണിപ്പോള്‍ ഓര്‍മ്മ വരുന്നത്‌. ഒരു രാജാവ്‌ മന്ത്രിയോട്‌ ഒരു സംശയം ചോദിച്ചു:

"എന്തിനാണ്‌ നികുതി പിരിക്കുന്നത്‌?"

മന്ത്രി: ഉദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍?

രാജാവ്‌: എന്തിനാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം കൊടുക്കുന്നത്‌?

മന്ത്രി: നികുതി പിരിക്കാന്‍

സാക്ഷി മഹാരാജ്‌ പറഞ്ഞതുപോലെ തെരഞ്ഞെടുപ്പില്ലാത്ത അവസ്ഥ വന്നാല്‍ ഈ രാജനീതി നടപ്പായാലും അത്‌ഭുതപ്പെടേണ്ടതില്ല.

അഞ്ച്‌: വിദേശനയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അധ:പതനം വിവരണാതീതമാണ്‌. ഇന്ത്യ മൂന്നാംലോകരാജ്യങ്ങളുടെ നേതാവായിരുന്നു. ചേരിചേരാനയത്തിന്റെ ഉപജ്‌ഞാതാവായിരുന്നു. കോളനികളിലെ വിമോചനപ്രസ്ഥാനങ്ങളെ സഹോദരതുല്യമായ സ്‌നേഹാനുഭാവങ്ങളോടെ കണ്ടിരുന്ന സമരസഖാവായിരുന്നു. പാലസ്‌തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്‌ പ്രസിദ്ധമാണ്‌. ഇന്നിപ്പോഴിന്ത്യ ഇസ്രയേലിന്റെ ഉറ്റ ചങ്ങാതിയാണ്‌. ചുരുക്കത്തില്‍ സ്ഥായിയായ സാമ്രാജ്യത്വവിരുദ്ധനിലപാടുപേക്ഷിച്ച്‌ സമ്രാജ്യത്വശക്തികളുടെ വിനീതവിധേയത്വം സ്വീകരിച്ചിരിക്കുന്നു.

ആറ്‌: നാനാത്വത്തിലെ ഏകത്വമെന്ന ഇന്ത്യയുടെ സവിശേഷവ്യക്തിത്വത്തെക്കുറിച്ച്‌ നാം മേനി നടിക്കാറുണ്ട്‌. ഈ തെരഞ്ഞെടുപ്പില്‍ ഭാ.ജ.പാ. വിജയിച്ചാല്‍ നാനാത്വം ഒരു ഭൂതകാലപ്രതിഭാസമായി മാറും. ഏകാത്മമാനവവാദമാണവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌. അവിടെ മറ്റുമതങ്ങള്‍ക്കും വ്യത്യസ്‌ത ചിന്താഗതികള്‍ക്കും രണ്ടാംകിടപൗരത്വമേയുള്ളു- സ്‌ത്രീകള്‍ക്കുപോലും. 'ന: സ്‌ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന മനുസ്‌മൃതിവാക്യമാണ്‌ അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്‌.

മനുസ്‌മൃതി മുതല്‍ തന്ത്രസമുച്ചയം വരെ ഹൈന്ദവാചാരസംബന്ധമായി കിട്ടാവുന്നത്ര കൃതികളൊക്കെ പരിശോധിച്ചും സനിഷ്‌കര്‍ഷം പഠിച്ചും സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച്‌ പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള ഭാ.ജ.പാ.യുടെ പ്രതിഷേധകോലാഹലങ്ങള്‍ നാം കണ്ടതാണല്ലൊ. ഈ തെരഞ്ഞെടുപ്പില്‍ ഭാ.ജ.പാ. വീണ്ടുമധികാരത്തില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നതിന്റെ പ്രത്യക്ഷവിളംബരമാണ്‌ ശബരിമലപ്രക്ഷോഭം.

രാജാറാംമോഹന്‍റോയിയേപ്പോലുള്ള വിഖ്യാതനവോത്ഥാനനായകര്‍ നമുക്കുണ്ടായിരുന്നു. സതിയെന്ന അനാചാരമവസാനിപ്പിക്കാന്‍ നേതൃത്വം കൊടുത്ത നവോത്ഥാനപ്രസ്ഥാനങ്ങളുടെ പാരമ്പര്യസ്‌മരണകളില്‍ നിന്ന്‌ ആവേശമുള്‍ക്കൊള്ളാന്‍ ശബരിമല കോലാഹലം പ്രേരകശക്തിയായിത്തീര്‍ന്നു. അന്‍പത്തിയഞ്ചുലക്ഷം വനിതകളണിനിരന്ന ചരിത്രം സൃഷ്ടിച്ച വനിതാമതില്‍ ഉയര്‍ന്നുവന്നു.

ഈ വനിതാമുന്നേറ്റത്തെ തടയാന്‍ ശ്രമിച്ച പ്രതിലോമശക്തികളുടെ നേതൃത്വം ഭാ.ജ.പാ. �ായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശമുപയോഗിക്കുന്ന ഓരോ വോട്ടറും ഈ വിഷയം ശരിക്കും പഠിക്കണം. നാളെ ഇവരധികാരത്തിലെത്തിയാല്‍ സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ കഥ എന്തായിരിക്കുമെന്ന്‌ അപ്പോള്‍ വ്യക്തമാവും.

7. നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ നാളുകള്‍ മുതല്‍ നവോത്ഥാനത്തിന്റെ പുരോഗമനചിന്തകള്‍ ഇന്ത്യയില്‍ സജീവമായിരുന്നു-അതിനെതിരയി യാഥാസ്ഥിതികത്വത്തിന്റെ പശ്‌ചാത്‌ഗമനചിന്തകളും പിടിച്ചുനില്‍ക്കാന്‍ പടപൊരുതിക്കൊണ്ടിരുന്നു. രാജാറാംമോഹന്‍ റോയ്‌, വിവേകാനന്ദന്‍, ടാഗോര്‍, ഗാന്ധിജി, നെഹ്രു, ഗാഫര്‍ഖാന്‍, ഭഗത്‌സിംങ്‌, അംബേദ്‌കര്‍, കേളപ്പന്‍, ഇ.എം.എസ്‌. എ.കെ.ജി. മുതലായവരുള്‍ക്കൊള്ളുന്ന ഒരു നവോത്ഥാനഭാരതമൊരു വശത്ത്‌.

വീരസവര്‍ക്കര്‍, ഹെഗ്‌ഡവാര്‍, ഗോള്‍വള്‍ക്കര്‍, ഗോഡ്‌സേ മുതലായവരുടെ യാഥാസ്ഥിതചകഭാരതം മറുവശത്ത്‌. ഇത്തരമൊരു ഏറ്റുമുട്ടലാണ്‌ ഈ തെരഞ്ഞെടുപ്പിലും നടക്കാന്‍ പോകുന്നത്‌. ലേഖനാരംഭത്തിലെ ഉദ്ധരണിയില്‍ റൂസ്‌വെല്‍റ്റ്‌ ചൂണ്ടിക്കാണിച്ചതുപോലെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ നവോത്ഥാനപക്ഷത്തിന്‌ വിജയകിരീടം ചാര്‍ത്തിക്കൊടുക്കണം.

ഒരു മതേതര ഭാരതത്തിനായി ആത്മാവര്‍പ്പിച്ച്‌ സമരം ചെയ്യാന്‍ പ്രതിജ്‌ഞാബദ്ധരായി നമുക്ക്‌ തെരഞ്ഞെടുപ്പിന്റെ പടക്കളത്തിലേക്കിറങ്ങാം. നമുക്കിന്ത്യയെ ഒരു സോഷ്യലിസ്റ്റ്‌ റിപ്പബ്‌ളിക്കായി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാം. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ കാത്തുസൂക്ഷിക്കുമെന്ന്‌ ഉറപ്പുവരുത്താം.

1. രാഷ്ട്രനിര്‍മ്മാണയജ്‌ഞത്തില്‍

കാര്‍മ്മികത്വം വഹിക്കുവോര്‍

നാനാത്വം കാത്തുസൂക്ഷിക്കും

രാഷ്ട്രനായകശക്തികള്‍

2. അധികാരമദം പൂണ്ട

മതമൗലികവാദികള്‍

രാഷ്ട്രീയവ്യവഹാരത്തില്‍

മതത്തിന്‍ ദുഷ്ടശക്തികള്‍

3. ഇണചേര്‍ന്നു ജനിക്കുന്ന

ദുഷ്ടശക്തിപരമ്പര

തകര്‍ക്കും നാടിനെയാകെ

നാടിന്‍ വൈവിദ്ധ്യശോഭയെ

Advertisment