നാം നേരിട്ട ദുരന്തത്തെയും പ്രകൃതിക്ഷോഭത്തെയും നിസാരവൽക്കരിക്കരുത്. കുടിയേറ്റമേഖലകളിലും പരിസ്ഥിതി ലോല മേഖലകളിലും സേവനം ചെയ്യുന്ന വൈദികർ ആളുകളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണ് – സൈജു മുളകുപാടം

Saturday, September 1, 2018

–  സൈജു മുളകുപാടം 

നാം നേരിട്ട മഹാ പ്രളയത്തിനുശേഷം നമ്മുടെ ചില വൈദികർ ഇതുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിൽ ലേഖനങ്ങളുമായി എത്തുകയുണ്ടായി. ചിലതെല്ലാം ഏറെ സ്വീകാര്യത ഉള്ളതും അർത്ഥവത്തുമാണ് എന്നാൽ ചിലത് സമൂഹത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്.

അത്തരം അഭിപ്രായങ്ങൾ പറയുന്ന പ്രിയപ്പെട്ട വൈദികർ ഒന്ന് ഓർക്കുക നിങ്ങളുടെ വാക്കുകൾ സാകൂതം ശ്രവിക്കുന്നവർ ഏറെയുണ്ട്. അതിനാൽ നമ്മളുടെ കാഴ്ചപ്പാടുകൾ കൃത്യവും വ്യക്തവും ശാസ്ത്രീയ പഠനങ്ങൾക്ക് വിരുദ്ധവും ആകാതിരിക്കുവാൻ ശ്രദ്ധിക്കുക.

കേരളത്തിന്റെ കുടിയേറ്റ മേഖലകളിൽ വസിക്കുന്ന ജനവിഭാഗങ്ങളിൽ ഏറെയും കത്തോലിക്കാ, പ്രത്യേകിച്ച് സിറോമലബാർ സഭാവിശ്വാസികളാണ് എന്നുള്ളത് നമുക്ക് അറിവുള്ളതാണല്ലോ. അവർ സഭയോടും സഭാസംവിധാനങ്ങളോടും സ്നേഹവും വിധേയത്വവും വച്ചുപുലർത്തുന്നവരും നഗരവാസികളെ അപേക്ഷിച്ച് നിഷ്കളങ്ക ജനവിഭാഗവുമാണ്. അവർക്കിടയിൽ സഭയ്ക്കും സഭയിലെ വൈദികർക്കും സ്വാധീനവും ഉണ്ട്. ആമുഖമായി ഇത്രമാത്രം പറഞ്ഞു കാര്യത്തിലേക്ക് കടക്കട്ടെ.

നൂറ്റാണ്ടിന്റെ പ്രളയവും പ്രകൃതിക്ഷോഭവും ഏൽപ്പിച്ച ആഘാതത്തിൽ നിന്നും നമ്മൾ ഇന്നും മുക്തരായിട്ടില്ല. അനേക ലക്ഷങ്ങളുടെ സ്വപ്നങ്ങൾ തച്ചുടച്ച ദുരന്തത്തിന്റെ കാര്യകാരണങ്ങൾ ഇനിയും നമ്മൾ കണ്ടെത്തിയിട്ടില്ല.

എങ്കിലും ഈ മഹാദുരന്തം നമുക്ക് നൽകുന്ന ചില പാഠങ്ങൾ ഉണ്ട് അത്‌ ഉൾക്കൊള്ളാതെ നാം മുന്നോട്ടുപോയാൽ സമാനതകൾ ഇല്ലാത്ത മറ്റൊരു മഹാ ദുരന്തത്തെ വീണ്ടും ക്ഷണിച്ചുവരുത്തുകയാകും നമ്മൾ ചെയ്യുക. അത്തരം പഠനങ്ങളിലേക്കു ശ്രദ്ധ ചെലുത്തേണ്ടത് സർക്കാരുകൾ മാത്രമല്ല സമൂഹത്തിൽ ഉത്തരവാദിത്തങ്ങളുള്ള ഓരോരുത്തരുടെയും ചുമതലയാണ്.

ഇത്തരുണത്തിൽ നമ്മുടെ സഭയിലെ പ്രത്യേകിച്ച് കുടിയേറ്റമേഖലകളിലും പരിസ്ഥിതി ലോല മേഖലകളിലും ഒക്കെ സേവനം ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട വൈദികർ ആളുകളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണ്. അതുകൊണ്ടുതന്നെ നാം നേരിട്ട ദുരന്തത്തെയും പ്രകൃതിക്ഷോഭത്തെയും നിസാരവൽക്കരിക്കരുത്.

ഈ പ്രളയം എന്തെങ്കിലും സന്ദേശം നൽകുന്നുണ്ടെങ്കിൽ അത്‌ ഉൾകൊള്ളാൻ നമ്മൾ തയാറാകണം. സാഹചര്യങ്ങൾക്കും ഭൂമിയുടെ കിടപ്പിനും മണ്ണിന്റെ സ്വഭാവത്തിനും,ബെയറിംഗ് കപ്പാസിറ്റിക്കും അനുസൃതമായി നമ്മുടെ നിർമ്മാണ രീതികളിൽ, നമ്മുടെ കൃഷി രീതികളിൽ, വികസന കാഴ്ചപ്പാടുകളിൽ മാറ്റം ആവശ്യമെങ്കിൽ വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വരുത്തുവാൻ സമൂഹത്തിൽ ഉത്തരവാദിത്തമുള്ള വ്യക്തിത്വങ്ങൾ തയ്യാറാകണം.

അല്ലാതെ 1924 ഉം കടലിൽ മഴപെയ്യുന്നതും കാട്ടിൽ ഉരുൾപൊട്ടുന്നതും ഒക്കെ പറഞ്ഞു സാധാരണ ആളുകളെ കാര്യങ്ങളുടെ ഗൗരവത്തിൽനിന്നും മുഖം തിരിക്കുവാൻ പ്രേരിപ്പിക്കരുത്. പരമ്പരാഗത രീതികളിലെ നന്മയും ആധുനികതയും ചേർത്തുവച്ചുള്ള രീതികളിലേക്ക് ആളുകളെ എത്തിക്കുവാൻ സാമൂഹിക പ്രതിബദ്ധതയുള്ള അങ്ങയെപോലെയുള്ള വൈദികർ ശ്രമിച്ചാൽ പ്രകൃതിയും നമ്മളും സമാന്തര രേഖകളിൽ സഞ്ചരിക്കുന്ന നിലയിലേക്ക് എത്തും.

കേരളത്തിലെ ജനതയോ സർക്കാരോ മലയോര ജനതയുടെ അതിജീവന മാർഗ്ഗത്തിനു എതിരായി നിൽക്കും എന്ന് കരുതുന്നില്ല. എന്നാൽ അതിന്റെ മറവിൽ മറ്റിടങ്ങളിൽ താമസിച്ചുകൊണ്ട് കയ്യേറ്റക്കാരാകുകയും വൻകിട നിർമ്മാണം നടത്തുകയും ഭൂമിയുടെ നെഞ്ചു പിളർന്നു ലാഭക്കൊതിയോടെ ഉള്ളതുമുഴുവൻ കൊള്ളയടിക്കുകയും ചെയ്യുന്ന മാഫിയകൾക്ക് സ്തുതിപാടുന്നവരോ ദൈവത്തിന്റെ ദാനമായ പ്രകൃതിയെയും പ്രകൃതിയിലെ ധാതു സമ്പത്തിനെയും കൊള്ളയടിക്കുന്നവർക്ക്‌ കുടപിടിക്കുന്നവരോ ആകരുത് നമ്മൾ.

യഥാർത്ഥ കർഷകൻ അവൻ പ്രകൃതി സംരക്ഷകനും പ്രകൃതി മിത്രവുമാണ്. അവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും നമ്മൾ ഓരോരുത്തരുടെയും ചുമതലയാണ്.

×