Advertisment

കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്നത് ആര് ? വാട്ടർ അതോറിറ്റിയുടെ അട്ടപ്പാടിയോ കുട്ടനാട് കുടിവെള്ള പദ്ധതി ! - (കുട്ടനാട് പരമ്പര - മൂന്നാം ഭാഗം)

New Update

1984 ലെ വിഡ്ഢിദിനത്തിലായിരുന്നു ഇന്നത്തെ കേരള വാട്ടർ അതോറിറ്റി പിറന്നത്. അതായത് 1984, ഏപ്രിൽ 1 ന്. അന്ന് ഈ അതോറിറ്റിയുടെ പേര് കേരളാ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ അതോറിറ്റി എന്നായിരുന്നു.

Advertisment

കേരളത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെയും ഉപയോഗ യോഗ്യമല്ലാത്ത മലിന ജലത്തിന്റെയും മൊത്തക്കച്ചവടക്കാർ.

publive-image

വിഡ്ഢിദിനത്തിൽ പിറന്നതുകൊണ്ടാവണം, ഈ അതോറിറ്റിയുടെ പ്രവർത്തനങ്ങളും പദ്ധതികളും സ്വയം വിഡ്ഢിത്തരമാകുന്നതും ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നതും. നാണക്കേടുകൊണ്ടാകണം പേരിൽ നിന്നും 'വേസ്റ്റ് വാട്ടർ' ഒഴിവാക്കി.

കുട്ടനാട്ടിലെ ജലവിതരണത്തിന്റെ ചുമതലയും ഈ അതോറിറ്റിയുടെ കീഴിലാണ്.  അമ്പത് കൊല്ലം മുമ്പ് എം പി ഗംഗാധരൻ ജലസേചന മന്ത്രി ആയിരുന്ന കാലത്ത് ആണ് ആദ്യമായി 'കുട്ടനാട് കുടിവെള്ള പദ്ധതി' ആരംഭിച്ചതെന്ന് നേരത്തെ പറഞ്ഞുവല്ലോ.

കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്നവർ

കുട്ടനാട് കുടിവെള്ള പദ്ധതിക്കായി ജലസേചന പൈപ്പുകൾ ഇറക്കുന്നത് മുതൽ അഴിമതി തുടങ്ങി. ലോഡുകണക്കിന് പൈപ്പുകൾ തോന്നിയിടത്തൊക്കെ ഇറക്കി പൈപ്പ് കമ്പനിക്കും ലോറിക്കും ഇറക്ക് തൊഴിലാളികൾക്കും കാശ് വാങ്ങിക്കൊടുത്ത് വിശാല ഹൃദയരും ഉദാരമതികളുമായ ഉദ്യോഗസ്ഥർ.

പദ്ധതി നിർവഹിക്കേണ്ട സ്ഥലത്ത് പൈപ്പുകൾ ഇറക്കിയിരുന്നുവെങ്കിൽ മറ്റൊരു കയറ്റി ഇറക്കും ലോറി വാടകയും ഒഴിവാക്കാമായിരുന്നു.

30 ദശലക്ഷം ലിറ്റർ കുടിവെള്ളം ദിവസവും വേണ്ട കുട്ടനാട്ടിൽ ആവശ്യമുള്ളതിന്റെ നാലിലൊന്നു ജലം പോലും വിതരണം ചെയ്യാൻ അതോറിറ്റിക്ക് കഴിയുന്നില്ല. അതോറിറ്റി രൂപീകരിക്കുന്നതിന് മുമ്പ് കുടിവെള്ള വിതരണം നടത്തിയിരുന്ന പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് (P.H.E.D) സ്ഥാപിച്ച പൈപ്പിൻ കുഴലുകൾ മാറ്റി സ്ഥാപിക്കാത്തത് വിതരണത്തെ തടസപ്പെടുത്തി.

കുട്ടനാട്ടിലെ ജലവിതരണത്തിന് മാത്രമായി നടപ്പിലാക്കിയ പദ്ധതി താറുമാറാക്കിയത് ഉദ്യോഗസ്ഥർ തന്നെ.

കുട്ടനാട് പദ്ധതിയ്ക്ക് മേൽ നോട്ടം വഹിയ്ക്കാനെത്തുന്നവർ അതോറിറ്റിയുടെ  കോട്ടയം, ആലപ്പുഴ ഡിവിഷനിൽ നിന്നുള്ളവരാണ്. കുട്ടനാട് പദ്ധതിക്ക് മാത്രമായി ഒരു ഡിവിഷൻ അനുവദിക്കുകയും ക്വാളിഫൈഡായ എഞ്ചിനീയർമാരെ തന്നെ നിയമിക്കുകയും ചെയ്‌താൽ കാര്യങ്ങൾ വേഗത്തിലാകും.

വകുപ്പ് തലപ്പത്തേക്ക് എത്തുന്ന പലരും പ്രമോഷനായി വരുന്നതിനാൽ പ്രവർത്തികളുടെ നടത്തിപ്പിൽ കുറ്റങ്ങളും കുറവുകളും ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.

നീരേറ്റുപുറത്ത് 2013 ൽ സ്ഥാപിച്ച ജലശുദ്ധീകരണ ശാല കമ്മീഷൻ ചെയ്യുന്നതിന് മുമ്പേ തന്നെ തിരുവല്ലയിലെ കറ്റോട് നിന്ന് കുട്ടനാട്ടിലേക്കുള്ള ജലവിതരണം നിർത്തിയത് ഇതുപോലെയുള്ള ചില ഉദ്യോഗസ്ഥരുടെ മണ്ടൻ തീരുമാനമായിരുന്നു.

നീരേറ്റുപുറം ജലശുദ്ധീകരണ ശാലയിൽ നിന്നും പൈപ്പുകൾ ഓവർഹെഡ് ടാങ്കുകളുമായി ബന്ധിപ്പിക്കാൻ കഴിയാതെ പോയതിനാൽ നീരേറ്റുപുറത്ത് നിന്നുമുള്ള വെള്ളവും തിരുവല്ലയിൽ നിന്നുള്ള വെള്ളവും ഇല്ല.

വകുപ്പുകളുടെ ഏകോപനമില്ലായ്മ

വകുപ്പുകൾ തമ്മിലുള്ള കിടമത്സരവും തർക്കവും മൂലം കേരളത്തിലെ എല്ലാ പദ്ധതികളും തുടക്കത്തിൽ തന്നെ മുടങ്ങുകയാണ് പതിവ്. ഇനി തുടങ്ങിയാൽ തന്നെ പകുതിപോലും എത്തിയ്ക്കില്ല.

ഉദ്യോഗസ്ഥർക്ക് ആണ്ടോടാണ്ട് ശമ്പളം കൂട്ടിക്കൊടുക്കാൻ മത്സരിക്കുന്ന മാറി മാറി വരുന്ന സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു ചുക്കും ചെയ്യുന്നില്ല.

ഉദ്യോഗസ്ഥരുടെ തന്നിഷ്ടവും ധിക്കാരവും താന്തോന്നിത്തരവും അഴിഞ്ഞാടുന്ന ഓരോ വകുപ്പുകളും ഈഗോ തലയ്ക്ക് പിടിച്ചിരിക്കുന്നതുകാരണം നിയമത്തിന്റെ നൂൽപാലം പണിത് ജനങ്ങളെ ഉപദ്രവിക്കുകയാണ്.

സർക്കാർ ഏതുതന്നെയായാലും സർക്കാരിന്റെ നയം നടപ്പാക്കി മുഖം നന്നാക്കേണ്ട ഉദ്യോഗസ്ഥർ നായയുടെ നന്ദി പോലും സർക്കാരിനോട് കാണിക്കുന്നില്ല.

കുട്ടനാട് പദ്ധതിയുടെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായത്. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള തർക്കം മൂലം എടത്വ - മാമ്പുഴക്കരി റോഡിലുള്ള പാലത്തിൽ കൂടി പൈപ്പ് വലിയ്ക്കാൻ പൊതുമരാമത്ത് അനുമതി  നൽകിയില്ല.

പൈപ്പ് ഇടുന്നതിനായി അതോറിറ്റി ചെറിയ പാലം സ്ഥാപിച്ചു പൈപ്പ് ഇട്ടുകൊണ്ടിരിക്കുകയാണ്. എ സി റോഡിൽ കൂടി പൈപ്പ് സ്ഥാപിക്കാൻ കെ എസ് ടി പിയുമായി വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് അനുമതി കിട്ടിയത്.

1969 ൽ ആരംഭിച്ച പദ്ധതി ഇതുവരെ പൂർത്തീകരിക്കാൻ സാധിക്കാതെ പോയതിനാൽ പഴി മുഴുവനും ജനപ്രതിനിധികൾക്ക്.

publive-image

ജനപ്രതിനിധികളെ വെള്ളം കുടിപ്പിക്കുന്നവർ

ആരെയും പേടിയില്ലാത്ത ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടിൽ വെള്ളം കുടിക്കുന്നത് ജനപ്രതിനിധികളാണ്. പഞ്ചായത്ത് മെമ്പറായാലും എം എൽ എ ആയാലും എം പി ആയാലും ഇവർക്ക് പുല്ലാണ് എന്ന് ജനങ്ങൾക്കറിയാം.

കുട്ടനാട് കുടിവെള്ള പദ്ധതി തുടക്കം മുതലേ താറുമാറാക്കാൻ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് കാരണമെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാവില്ല.

ഉദ്യോഗസ്ഥരെ മൂന്ന് വർഷത്തിൽ കൂടുതൽ ഒരു സ്ഥലത്ത് തുടരാൻ അനുവദിക്കുന്നത് പദ്ധതികൾ അവതാളത്തിലാക്കും.

കാര്യശേഷിയും അനുഭവ സമ്പത്തും അത്യാധുനിക യന്ത്രസാമഗ്രികളും കൈവശമില്ലാത്ത കരാറുകാരും പദ്ധതികളുടെ മെല്ലെപ്പോക്കിന് കാരണക്കാരാണ്. ത്രിതല പഞ്ചായത്ത് ഓഫീസിലും പൊതുമരാമത്ത്, ജല അതോറിറ്റി തുടങ്ങിയ ഓഫീസിലും കയറിയിറങ്ങുന്ന കരാറുകാർ പലരും സാമ്പത്തിക ശേഷി കുറഞ്ഞവരാണ്.

അതുമൂലം നൂറുപണിക്കാർ ദിവസവും വേണ്ടിടത്ത് അഞ്ചുപേരെ പോലും നിർത്താൻ സാധിക്കുന്നില്ല. യന്ത്രസാമഗ്രികൾ ഇല്ലാത്തതിനാൽ പണി അനന്തമായി നീളുന്നു. ഈ മേഖലയിലെ വൈദഗ്ധ്യമില്ലായ്മ മൂലം കരാറുകാരൻ പലപ്പോഴും തൊഴിലാളികളുടെ മനോധർമ്മത്തിന് വിട്ടുകൊടുക്കുന്നത് ഏറ്റെടുക്കുന്ന ജോലി ഭംഗിയായി ചെയ്യാൻ സാധിക്കാതെ പോകുന്നു.

ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് കരാർ നേടിയാലും സമയബന്ധിതമായി പണി പൂർത്തിയാക്കാൻ പലപ്പോഴും ഇവർക്ക് കഴിയാറില്ല. ഇതുമൂലം ജനങ്ങളുടെ പാഴിയും ശാപവും ഏറ്റുവാങ്ങുന്നത് ജനപ്രതിനിധികൾ തന്നെ.

കുട്ടനാട് പദ്ധതിക്കായി അനുവദിക്കൂന്ന പണം പോകുന്ന വഴിയും പോയ വഴിയും അന്വേഷിക്കാൻ സോഷ്യൽ ഓഡിറ്റ് അനിവാര്യമാണ്. വാട്ടർ അതോറിറ്റിയുടെ അട്ടപ്പാടിയാകാൻ കുട്ടനാട് പദ്ധതിയെ ഇനിയും വിട്ടുകൊടുക്കരുത്.

(നാളെ - കുട്ടനാട്ടിലൂടെ കുടിവെള്ളം ഒഴുകുമോ ? പതിമൂന്നു പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ രാഷ്ട്രീയം മറന്നു മുന്നോട്ട് വരണം)

Advertisment