Advertisment

തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടാതെ കുട്ടനാട്ടുകാർ (കുട്ടനാട് പരമ്പര - രണ്ടാം ഭാഗം)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കുട്ടനാട്ടിൽ വെള്ളമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ, പറയുന്നവന് എന്തോ കുഴപ്പം ഉണ്ടെന്ന് വിചാരിക്കും. ചുറ്റിനും വെള്ളം, പക്ഷെ കുടിയ്ക്കാൻ പോയിട്ട് തൊണ്ട നനയ്ക്കാൻ കിട്ടില്ലെന്ന്‌ മാത്രം.

Advertisment

കുട്ടനാട് നിയോജക മണ്ഡലത്തിലെ പതിമൂന്ന് പഞ്ചായത്തിലും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കുടിവെള്ളം തന്നെ.

അമ്പത് കൊല്ലം മുമ്പ് എം പി ഗംഗാധരൻ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് കുട്ടനാട് കുടിവെള്ള പദ്ധതി ആദ്യമായി ആരംഭിച്ചത്. വലിയ ഒച്ചപ്പാടുണ്ടാക്കിയ പൈപ്പ് കുംഭകോണമെന്ന അഴിമതിയിലവസാനിച്ചു ആ പദ്ധതി.

publive-image

അതിനുവേണ്ടി തിരുവല്ലയിൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങുകയും ചെയ്തു. പക്ഷെ പൈപ്പ് ഇടീൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വെളിയനാടും എടത്വായിലും തലവടിയിലും ഇട്ട പൈപ്പുകളിലൂടെ കുറച്ചു ഭാഗത്ത് വെള്ളം കിട്ടി.

ബാക്കി കിടന്ന പൈപ്പുകൾ തിരുവല്ലയിൽ തന്നെ ഉപയോഗിച്ച് തിരുവല്ലക്കാർക്ക് കുടിവെള്ളം കൊടുത്ത് തുടങ്ങി.

കാവാലം, പുളിങ്കുന്ന്, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെള്ളം പള്ളിക്കൂട്ടുമ്മയിൽ നിന്ന് എത്തിക്കാനുള്ള പദ്ധതി പതിനേഴുവര്ഷം മുമ്പ് നിന്നുപോയി. പതിനേഴുവർഷമായി ഈ മൂന്നു പഞ്ചായത്തിലും വാട്ടർ അതോറിറ്റിയുടെ ഒരു തുള്ളിവെള്ളം കിട്ടുന്നില്ല എന്നത് ഗുരുതരമായ നീതിനിഷേധമാണ്.

കാവാലം പഞ്ചായത്ത് വണ്ടികളിൽ വെള്ളം എത്തിക്കുന്നതിന് വേണ്ട നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതിനായി അഞ്ചു ലക്ഷം രൂപ നീക്കിവച്ചിട്ടുമുണ്ട്. പ്രളയാനന്തരമുണ്ടായ ദുരന്തനിവാരണ ഭാഗമായി കുടിവെള്ളത്തിന് വേണ്ടിയും ശുദ്ധജല സ്രോതസുകൾ വൃത്തിയാക്കുന്നതിനുമായി പഞ്ചായത്ത് മുടക്കിയ 12 ലക്ഷം രൂപ ഇനിയും സർക്കാർ കൊടുത്തിട്ടില്ല.

കൈനകരി പഞ്ചായത്തിൽ പമ്പാ പ്രൊജക്ടിൽ നിന്നും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കുന്നതിന് ഊന്നൽ നൽകിയാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്. ഇവിടെയും കുടിവെള്ളം ആണ് ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നം.

നീലംപേരൂർ പഞ്ചായത്തിൽ ജി പി എസ് സംവിധാനം ഉള്ള ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാൻ ശ്രമം ആരംഭിച്ചു. അതുകൊണ്ട് ശുദ്ധജല സ്രോതസ്സിൽ നിന്ന് തന്നെ കൊണ്ടുവരുന്ന വെള്ളമാണ് വിതരണം ചെയ്യുന്നതെന്നും ഉറപ്പുവരുത്താൻ പറ്റും.

അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുട്ടനാട് ജനത കാത്തിരിക്കുന്നത് ശുദ്ധജലത്തിനു വേണ്ടി തന്നെയാണ്. വാട്ടർ അതോറിറ്റി ആലപ്പുഴ - ചങ്ങനാശേരി റോഡിൽ സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പിൽ നിന്ന് കിലോമീറ്റർ അകലെ നിന്ന് വന്ന് ആളുകൾ വെള്ളം ശേഖരിക്കുന്നുണ്ട്.

സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ജലശുദ്ധീകരണ ശാലയിൽ നിന്ന് പൈസ നൽകി വെള്ളം കൊണ്ടുപോകുന്നവരും ഉണ്ട്. എ സി റോഡിലെ പൊതുടാപ്പുകളിൽ മിക്കവാറും വെള്ളം വാട്ടർ അതോറിറ്റി ലഭ്യമാക്കുന്നത് പെട്ടെന്നൊരു അന്വേഷണത്തിന് തടയിടാനാണെന്ന് നാട്ടുകാർ പറയുന്നു.

ആര് നോക്കിയാലും ഈ പൈപ്പുകളിൽ വെള്ളമുള്ളപ്പോൾ കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വെള്ളം ഉണ്ടാകുമല്ലോ എന്ന പ്രതീതി ജനിപ്പിക്കാനാണ് ഇതെന്നും നാട്ടുകാർ.

publive-image

എ സി റോഡിലെ പൊങ്ങയെന്ന സ്ഥലത്തിനപ്പുറം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് വേദനയോടെ നോക്കിനിൽക്കാനേ പറ്റൂ എന്ന് സമീപത്തെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു.

പല പ്രാവശ്യം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഈ തൊഴിലാളികളും എ സി റോഡിലെ പൈപ്പിൽ നിന്ന് വെള്ളം ശേഖരിച്ചു വീട്ടിലെത്തിക്കുന്നവരാണ്.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ എടത്വ ജല അതോറിറ്റിഉപരോധിക്കാനും തുടങ്ങിക്കഴിഞ്ഞു. കൊടുപ്പുന്ന, തകഴി, ചമ്പക്കുളം, എടത്വ, തലവടി, മുട്ടാർ, വീയപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഉപരോധത്തിലേർപ്പെടുന്നുണ്ട്.

കുട്ടനാട്ടിലെ പതിമൂന്ന് പഞ്ചായത്തിലെയും ജനങ്ങൾ ഉപരോധിക്കാൻ വരുമോ എന്ന ഭയാശങ്കയിലാണ് പഞ്ചായത്ത് ഭരണസമിതികൾ.

കുടിവെള്ള പ്രശ്നം പരിഹരിക്കാം എന്ന വാഗ്ദാനവുമായി ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികൾ മത്സരിക്കുന്നു, ജയിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വർഷമായിട്ടും കുട്ടനാട്ടിൽ കുടിവെള്ളം സ്ഥിരമായി ലഭിക്കാൻ മാറിമാറി വരുന്ന ഒരു സർക്കാരിനും കഴിയാതെ പോകുന്നു.

2013 ൽ തോമസ് ചാണ്ടി മത്സരിച്ചതും ജയിച്ചതും കുടിവെള്ള പരിഹാരം കാണും എന്ന് പറഞ്ഞായിരുന്നു.

തോമസ് ചാണ്ടി ജയിച്ചതിനു ശേഷം ജലശുദ്ധീകരണശാല സ്ഥാപിക്കാൻ സ്വന്തം പൈസ മുടക്കി നീരേറ്റുപുറത്ത് സ്ഥലം വാങ്ങി വാട്ടർ അതോറിറ്റിയ്ക്ക് നൽകിയെങ്കിലും മരിക്കുന്നതിന് മുമ്പ് അതിൽ നിന്ന് ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞില്ല.

തോമസ് ചാണ്ടിയുടെ വീടിനു മുന്നിൽ, അദ്ദേഹത്തിൻറെ വീട്ടിൽ ശുദ്ധീകരിക്കുന്ന വെള്ളം അയൽക്കാർക്ക് കൊടുക്കാനായി ഒരു ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്നും കുടിക്കാൻ അയൽക്കാരിൽ ചിലർ വെള്ളം ശേഖരിക്കുമായിരുന്നു. ഇപ്പോൾ ഏതാനും ദിവസമായി അതും ഇല്ല.

തോമസ് ചാണ്ടിയുടെ വീടിന് പരിസരത്തുള്ള പല വീടുകളിലും ശുദ്ധജലം ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റി വക കണക്ഷൻ ഉണ്ടെങ്കിലും ടാപ്പിൽ വെള്ളം ഉണ്ടാകാറില്ല. എന്നാൽ ടാപ്പിൽ നിന്നും ലഭിക്കുന്ന വായുവിന്റെ സീൽക്കാര ശബ്ദത്തിന് എല്ലാ മാസവും വാട്ടർ അതോറിറ്റിക്ക് പൈസയും നൽകേണ്ടി വരുന്നു.

കുട്ടനാട്ടിലെ ജനപ്രതിനിധികൾ 365 ദിവസവും പഴി കേൾക്കുന്നത് കുടിവെള്ളത്തിന്റെ പേരിലാണ്. തകഴി പഞ്ചായത്തിലെ പടിഞ്ഞാറ് ഭാഗത്തുള്ള 1, 2, 10, 11, 12, 13 വാർഡുകൾ റെയിൽവേ ലൈൻ വിഭജിച്ചു കടന്നു പോകുന്നതിനാൽ അവിടേയ്ക്ക് പൈപ്പ് ഇടാനും കഴിയുന്നില്ല. റെയിൽവേ അധികൃതരുമായി ഉന്നത തലത്തിലുള്ള ചർച്ച നടന്നുവരുന്നു.

(നാളെ - കുട്ടനാട് കുടിവെള്ള പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് ആര് ? "വാട്ടർ അതോറിറ്റിയുടെ അട്ടപ്പാടിയോ" കുട്ടനാട് കുടിവെള്ള പദ്ധതി. പരമ്പര തുടരുന്നു)

Advertisment