Advertisment

ശബരിമലയിലെ സ്‌ത്രീ പ്രവേശനം: പരമോന്നതനീതിപീഠത്തിന്റെ ഐതിഹാസികവിധി

New Update

"നമ്മുടെ മനസ്സുകള്‍ സമാനമായിത്തീരട്ടെ

സമാനമായ്‌ തുടിക്കട്ടെ സമസ്‌ത ഹൃദയങ്ങളും

നമ്മുടെ അഭീഷ്ടങ്ങള്‍ സമാനമായിരിക്കട്ടെ"

ഋഗ്വേദം

Advertisment

യാഥാസ്ഥിതികവിഭാഗങ്ങളുടെ സംഘടിതമായ എതിര്‍പ്പുകളെ മറികടന്നാണ്‌ ഞാന്‍ ശബരിമലയിലെ സ്‌ത്രീപ്രവേശനവിഷയത്തില്‍ സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരാനിടയായത്‌. സ്‌ത്രീപ്രവേശനം അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സുപ്രീം കോടതിയെ സമീപിച്ച ഏകവ്യക്തിയും ഞാനാണെന്നു തോന്നുന്നു.

മഹാക്ഷേത്രങ്ങളിലൂടെ എന്ന എന്റെ പുസ്‌തകത്തില്‍ ശബരിമല എന്നൊരു അദ്ധ്യായമുണ്ട്‌. എന്റെ ലങ്കാദര്‍ശനമെന്ന പുസ്‌തകം ഡല്‍ഹിയില്‍ വച്ചാണ്‌ പ്രകാശനം ചെയ്യപ്പെട്ടത്‌. ആ ചടങ്ങിലെ മുഖ്യാതിഥി ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രകാശ്‌ കാര്യവാസമായിരുന്നു. സുപ്രീംകോടതിയോടുചേര്‍ന്നുള്ള ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചായിരുന്നു സമ്മേളനം.

publive-image

അവിടെ എന്റെ മറ്റു പുസ്‌തകങ്ങളോടൊപ്പം മഹാക്ഷേത്രങ്ങളിലൂടെ എന്ന പുസ്‌തകവും പ്രദര്‍ശിപ്പിച്ചിരുന്നു. ഈ കേസിലെ വാദികളായ യംഗ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയില്‍ പെട്ട ചില അഭിഭാഷകസുഹൃത്തുക്കള്‍ ഈ പുസ്‌തകം വാങ്ങാനും വായിക്കാനുമിടയായി. അവരുടെ ആവശ്യപ്രകാരമാണ്‌ ഞാനിതില്‍ കക്ഷിചേര്‍ന്നത്‌. ശബരിമലക്ഷേത്രത്തിന്റെ ബുദ്ധമതപശ്‌ചാത്തലം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഏകവ്യക്തിയും ഞാനാണ്‌ .

ബുദ്ധംശരണം ഗച്ഛാമി-സംഘം ശരണം ഗച്ഛാമി-ധര്‍മ്മം ശരണം ഗച്ഛാമി എന്ന ശരണത്രയമല്ലേ ശബരിമലയിലെ ശരണംവിളിയുടെ ഉറവിടം? മറ്റുക്ഷേത്രങ്ങളില്‍ അവര്‍ണ്ണര്‍ക്ക്‌ പ്രവേശനമില്ലാതിരുന്ന കാലത്തും ശബരിമല എല്ലാവരേയും ഉള്‍ക്കൊണ്ടിരുന്നു. അതും ശബരിമലയുടെ ബുദ്ധമതപശ്‌ചാത്തലത്തേയാണ്‌ സൂചിപ്പിക്കുന്നത്‌. ബുദ്ധമതത്തില്‍ ജാതിമതഭേദങ്ങളില്ല.

സംസ്‌കൃതഭാഷയില്‍ ബുദ്ധനും ശാസ്‌താവിനും ഒരേ പര്യായപദങ്ങളാണ്‌. ഇതെങ്ങിനെ വന്നു? തഥാഗതാത്‌ഭുതകഥന്‍ ശാസതാവു നീതന്നെയാം. എന്ന്‌ ശബരിഗിരീശസ്‌തവത്തില്‍ മഹാകവി മഠം ശ്രീധരന്‍ നമ്പൂതിരി വ്യക്തമാക്കുന്നുണ്ട്‌. നിത്യബ്രഹ്‌മചാരികളുടെ ബുദ്ധവിഹാരത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമില്ല. ബുദ്ധവിഹാരം ക്ഷേത്രമായപ്പോഴും ആ സമ്പ്രദായം തുടര്‍ന്നുപോന്നു- ക്ഷേത്രാചാരമായിത്തീര്‍ന്നു.

ശാസ്‌താവിന്റെ പ്രതിഷ്‌ഠയുള്ള മറ്റുക്ഷേത്രങ്ങളിലെല്ലാം സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം. ഇതെങ്ങിനെവന്നുവെന്നും പരിശോധിക്കണം. ശാസ്‌താവ്‌ നിത്യബ്രഹ്‌മചാരിയാണെന്ന വാദത്തിനും പുരാണകഥകളുടെയൊന്നും പിന്‍ബലമില്ല. അഷ്ടോത്തരശതകത്തില്‍ ശാസ്‌താവിന്റെ ഗൃഹസ്ഥാശ്രമജീവിതം വിവരിക്കുന്നുണ്ട്‌.

ഈ പൗരോഹിത്യം എന്നുമെവിടെയും സ്‌ത്രീപക്ഷത്ത്‌ നിന്ന ചരിത്രമില്ല. പരസ്‌പരം പോരടിക്കുന്ന മതമേധാവിത്വങ്ങളും സ്‌ത്രീവിവേചനവിഷയത്തില്‍ ഒരേതൂവല്‍പക്ഷികളാണ്‌. ഈ ഭരണഘടനാബെഞ്ചില്‍ സ്‌ത്രീപ്രാതിനിധ്യം വേണമെന്ന ആവശ്യമുന്നയിച്ചതും ഞാനാണ്‌. പക്ഷെ, ആ വനിതാജഡ്‌ജി സ്‌ത്രീപക്ഷത്തു നിന്നില്ലെന്നത്‌ ഒരു വിരോധാഭാസമായിത്തീര്‍ന്നിരിക്കുന്നു.

കാലാകാലങ്ങളായി നിലനില്‍ക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഘനീഭൂതമായി മനുഷ്യമനസ്സിന്റെ ഉപബോധതലങ്ങളില്‍ അവശേഷിക്കുന്നുണ്ടാവും. നല്ല സാമൂഹ്യബോധവും ചരിത്രദര്‍ശനവും ഉള്ളവര്‍ക്കുമാത്രമേ കാലത്തിന്റെ ചുവരെഴുത്തുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. ആദരണീയരായ നാലുജഡ്‌ജിമാര്‍ കാലത്തിന്റെ കാഹളംവിളി കേട്ടു എന്നതില്‍ നമുക്കാശ്വസിക്കാം.

Advertisment