Advertisment

ശനീശ്വരനും ശനിയോ? ശബരിമല പരീക്ഷണശാലയോ?

New Update

2018 നവംബർ 13. ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങൾ, ഹിന്ദു സമൂഹം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, മറ്റ് മതവിശ്വാസികൾ എല്ലാവരും സുപ്രീംകോടതിയെ ഉറ്റ് നോക്കുകയാണ്. ശബരിമലയിൽ യുവതികൾക്ക് ദർശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി പരിഗണിക്കുന്ന ദിവസമാണ് അന്ന്.

Advertisment

ഒരേ ഒരു പ്രാർത്ഥന, ഒരേ ഒരു ആഗ്രഹം അത് മാത്രമാണ് ഹിന്ദുക്കളുടെ, ഭക്തരുടെ മനസ്സിൽ. അത് നേടിയെടുക്കാൻ ആണ് കണ്ണിൽ എണ്ണയൊഴിച്ച്, കാട്ടിൽ മഴ നനഞ്ഞ്, പോലീസുകാരുടെ മർദ്ദനം സഹിച്ച്, ക്രിമിനൽ എന്ന വിളി സഹിച്ച് അയ്യപ്പന്റെ കാവലാളായത്. കോടതി കനിയണം, യുവതികളെ പ്രവേശിപ്പിയ്ക്കരുത്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിയ്ക്കാൻ ഉത്തരവാദിത്തപ്പെട്ട ഭരണകർത്താക്കൾക്ക് നിർദേശം നൽകണം. ഇതല്ലാതെ ഒരാഗ്രഹവും ഈ ഭക്തർക്ക് ഇല്ല.

publive-image

ശബരിമലയിൽ എത്തിയ എല്ലാവരും ബിജെപിക്കാരല്ല. സ്വാഭാവികമായും ബിജെപി ഈ വിഷയത്തിൽ ഇടപെടും എന്ന് അറിയാവുന്ന സർക്കാർ മുൻപിൻ നോക്കാതെ കോടതി വിധി നടപ്പാക്കാൻ തുനിഞ്ഞതല്ലേ ഇത്രയും സങ്കീർണ്ണമാക്കിയത്. കോടതിയോട് കുറച്ച് സമയം കൂടി ചോദിച്ച് പക്വതയോടെ സമീപിയ്ക്കേണ്ടതായിരുന്നു ഈ വിഷയം.

കേരളത്തിൽ ഉടനീളം ഹിന്ദുക്കൾ, പ്രത്യേകിച്ച് സ്ത്രീകൾ ഈ വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വമേധയാ മുന്നോട്ട് വന്നത് വൈകാരികമായും ആത്മീയമായും ശബരിമല തങ്ങളുടെ വിശ്വാസദുർഗ്ഗം തന്നെയാണ് എന്ന ഉറച്ച വെളിപ്പടുത്തലുമായാണ്. ഇത് മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ദേവസ്വം ബോർഡിനെയും

അദ്ദേഹത്തിന്റെ പാർട്ടിയെയും ആ മുന്നണിയെയും ഞെട്ടിച്ചിട്ടുണ്ട്.

പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി ഒറ്റപ്പെടുന്ന നിലയിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ പിടിവാശിയുടെയും ഉരുക്കുമുഷ്ടിയുടെയും മുന്നിൽ ആ ധിക്കാരവും ധാർഷ്ട്യവും നിവ്രുത്തികേടുകൊണ്ട് സഹിയ്ക്കുകയാണന്ന് ആരെങ്കിലും വിചാരിച്ചാൽ തെറ്റു പറയാൻ പറ്റില്ല.

ജനങ്ങളോടുള്ള സമീപനം

എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി ജനവിധി തേടി അധികാരത്തിൽ വന്നപ്പോൾ, ജനങ്ങൾക്ക് മുഖ്യമന്ത്രിയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ, നാളിതുവരെ ജനങ്ങൾ പ്രതീക്ഷിച്ച നിലവാരം പുലർത്താനായില്ല എന്നത് ഖേദകരമാണ്. ഒടുവിൽ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി കാണിച്ച തിടുക്കം ഒരു സമൂഹത്തെ ആകെ ഉലച്ചു കളഞ്ഞു.

ജനങ്ങളോടുള്ള സമീപനത്തിലെ ക്രൂരത, വെല്ലുവിളി ഉയർത്തുന്ന പ്രസ്താവനകൾ പുശ്ചം നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന മുഖഭാവം, ഏകാധിപതിയുടെ ശരീരഭാഷ.ഇങ്ങനെയുള്ള ഭരണാധികാരിയുടെ ഭാഗത്തുനിന്നും നീതി എങ്ങനെ കിട്ടും എന്ന് ജനം സംശയിച്ചാൽ കുറ്റം പറയുകയാണ് എന്ന് പറയരുത്.

ചാനലുകളും, സോഷ്യൽ മീഡിയയും മറ്റ് മാദ്ധ്യമങ്ങളും സജീവമായി നിലകൊള്ളുമ്പോൾ, നേർക്കാഴ്ചകൾ ജനങ്ങൾക്ക് വിളമ്പുമ്പോൾ എത്ര തന്നെ വിശദീകരിച്ചാലും ന്യായീകരിക്കാൻ ശ്രമിച്ചാലും നീതീകരണം ആവില്ല.

ശബരിമലയും കോടതി വിധിയും

ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന കോടതി വിധി ഉയർത്തി പിടിച്ച് വിധി നടപ്പാക്കാൻ ശ്രമിച്ചത് സാങ്കേതികമായി ശരിയാണെങ്കിലും ഒരു സമൂഹത്തെ ആകമാനം വിഷമസ്ഥിതിയിലാക്കരുതായിരുന്നു. ജനങ്ങളുടെ എതിർപ്പ് കൂടിയപ്പോൾ അവർണ സവർണ തുരുപ്പ് ചീട്ടിറക്കിയതും എസ്എൻഡിപിയെയും കെപിഎംഎസ്നെയും ശബരിമല വിഷയത്തിൽ സർക്കാരിനൊപ്പം നിർത്തിയതും ജനം മനസ്സിലാക്കിയിട്ടുണ്ട്.

അവർണരുടെ ക്ഷേത്രപ്രവേശന സമരവും ശബരിമലയിലെ യുവതീ പ്രവേശനവും രണ്ടും രണ്ടാണ്.പത്തുവയസ്സ് വരെ ഉള്ള പെൺകുട്ടികൾക്കും ഋതുവിരാമം വന്ന സ്ത്രീകൾക്കും ശബരിമലയിൽ ദർശനാനുമതിയുണ്ട് എന്ന് കോടതിയിൽ ഉണർത്തിച്ച് യുവതീ പ്രവേശനം തടയാമായിരുന്നു. ദേവസ്വം ബോർഡും സർക്കാരും അതിന് ശ്രമിയ്ക്കാതിരുന്നത് അതീവ ഖേദകരമായി എന്ന് പറയാതിരിക്കാൻ കഴിയില്ല.

കോടതി വിധിയുടെ ചുവടു പിടിച്ച് കുടുംബത്തിൽ പിറന്ന ഒരു യുവതി പോലും ശബരിമലയിൽ പോകാൻ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഒരു കമ്യൂണിസ്റ്റ്കാരന്റെ വീട്ടിൽ നിന്നും ആരും പുറപ്പെട്ടില്ല. വന്നവരുടെ മഹിമയും പശ്ചാത്തലവും ജനം നേരിട്ട് കണ്ടുകൊണ്ട് ഇരിയ്ക്കുകയും ആയിരുന്നു.

പിന്നെ ആർക്കുവേണ്ടി,എന്തിനുവേണ്ടി ആയിരുന്നു ശബരിമലയെ വിവാദത്തിൽ എത്തിച്ചത് എന്നത് ദുരൂഹത ഉയർത്തുന്നു.ഡിജെ പാർട്ടി കഴിഞ്ഞ് ഇരുമുടിക്കെട്ടിൽ പഴങ്ങളും സാനിട്ടറി നാപ്കിനുമായി മലകയറാനെത്തിയ ഒരു യുവതിയെ പോലീസ് സംരക്ഷണയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആനയിച്ചത് സർക്കാരിനും പോലീസിനും ഒരുപോലെ നാണക്കേടും ഉണ്ടാക്കുകയും ചെയ്തു.

നവോത്ഥാനത്തിന്റെ വഴി

ആക്ടിവിസ്റ്റ്കളെ ശബരിമലയിൽ കയറ്റിയല്ല നവോത്ഥാനത്തിന്റെ പാത പിന്തുടരേണ്ടത്. നവോത്ഥാനത്തിന്റെ ആവശ്യം ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ ആണോ? ഈ ആചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വാസം ഹിന്ദു സമൂഹം എന്നേതന്നെ ഉൾക്കൊണ്ടതാണ്!

തന്ത്രിമാരുടെ മാത്രം അഭിപ്രായവും നിർദേശങ്ങളും ഉപദേശങ്ങളും ഭയഭക്തി ബഹുമാനത്തോടെ സ്വീകരിച്ചു കൊണ്ട് ആണ് ഓരോ ക്ഷേത്രങ്ങളിലും പൂജകളും വഴിപാടുകളും ആരാധനയും നടത്തിവരുന്നത്. രാഷ്ട്രീയ ഇടപെടലുകൾ അതിന്റെ പവിത്രത നശിപ്പിക്കാൻ മാത്രമേ ഉതകൂ.

കേരളപ്പിറവി മുതൽ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഇന്നും പുലർന്നു വരുന്ന ദുരാചാരങ്ങൾ നവോത്ഥാനം കാത്ത് കഴിയുമ്പോൾ അത് കാണാതെ, ആർക്കും ഒരുപദ്രവും ഉണ്ടാക്കാത്ത വിശ്വാസികളെ, അവരുടെ ആചാരാനുഷ്ഠാനങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിയ്ക്കുന്നതിനെക്കുറിച്ച് എന്ത് പറയാനാ.

പ്രത്യയ്യശാസ്ത്രങ്ങളിലെ കാലഹരണപ്പെട്ട ദുരാചാരങ്ങളിലാണ് നവോത്ഥാനം വേണ്ടത് എന്ന് വിനയത്തോടെ പറയട്ടെ. തലമുറകളുടെ വലിയ വിടവ് അതിൽ ഉള്ളത് കൊണ്ട് ആണ് അഭിപ്രായസമന്വയം ഉണ്ടാകാത്തതും.

മറ്റ് എന്തിനെയോ ലക്ഷ്യമാക്കി ആണോ ശബരിമല വിഷയത്തിൽ നവോത്ഥാനം നടത്താൻ വ്യഗ്രതയും തിടുക്കവും കാട്ടുന്നത് എന്ന് തോന്നിയാൽ ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. കാരണം ഇന്ന് ഒന്നിനെയും ഒളിയ്ക്കാനും ഒളിപ്പിയ്ക്കാനുമാവില്ല എന്നറിയാമല്ലോ.

Advertisment