Advertisment

'ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം വേണം' - മഹാകവി അക്കിത്തം അന്ന് പറഞ്ഞത്

author-image
എസ് പി നമ്പൂതിരി
Updated On
New Update

publive-image

Advertisment

1997 നവംബര്‍ പതിനൊന്നാം തീയതിയിലെ മലയാളമനോരമയില്‍ വന്ന ഒരു പ്രധാനവാര്‍ത്തയുടെ തലക്കെട്ടാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്‌ ആലുവായിലെ തന്ത്രവിദ്യാപീഠമെന്ന ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ രജതജൂബിലി കൊണ്ടാടുന്ന സമ്മേളനത്തില്‍ മഹാകവി അക്കിത്തമായിരുന്നു അദ്ധ്യക്ഷന്‍. അന്നത്തെ അദ്ധ്യക്ഷപ്രസംഗത്തിലാണ്‌ അദ്ദേഹം ഈ അഭിപ്രായം വ്യക്തമാക്കിയത്‌.

കേരളത്തില്‍ തന്ത്രിമാര്‍ക്കും പൂജാരിമാര്‍ക്കും പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന ഒരാധികാരിക സ്ഥാപനമാണ്‌ തന്ത്രവിദ്യാപീഠം. ശാസ്‌ത്രവിധിപ്രകാരം വേദമഭ്യസിക്കുന്നതിന്‌ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്മംകൊണ്ടല്ല, കര്‍മ്മംകൊണ്ടാണ്‌ ബ്രാഹ്‌മണ്യം നേടേണ്ടത്‌.

വേദം അറിവാണ്‌. അതെല്ലാമനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്‌. ഒരു വിഭാഗം ജനങ്ങളുടെ മുമ്പില്‍ ആരോ എന്നോ കൊട്ടിയടച്ച വാതിലുകളും വാതായനങ്ങളും തുറക്കുകതന്നെ വേണം. ആ സമ്മേളനത്തില്‍ പങ്കെടുത്ത പണ്ഡിതരുടെ എല്ലാമഭിപ്രായം ഇത്തരത്തിലേകകണ്‌ഠമായിരുന്നു. സര്‍വ്വശ്രീ. കെ.പി.സി. നാരായണന്‍ ഭട്ടതിരി, പി. കേരളവര്‍മ്മരാജ, കലാമണ്ഡലം സി.ആര്‍.ആര്‍. നമ്പൂതിരി മുതലായ പ്രഗല്‍ഭമതികളെല്ലാം ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

നമ്പൂതിരിസമുദായത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച നവോത്ഥാനപ്രസ്ഥാനത്തില്‍ ഇ.എം.എസ്സിനോടും വി.ടിയോടുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്‌ അക്കിത്തം. വിഖ്യാതമായ ആ നേതൃനിരയില്‍ ഇന്നു ജീവിച്ചിരിക്കുന്ന തിളക്കമാര്‍ന്ന ധിഷണാശാലിയും അക്കിത്തം മാത്രമാണ്‌. ഈ ജീവിതസായാഹ്‌നത്തിലും മാനവികതയോട്‌ പ്രതിബദ്ധത വച്ചുപുലര്‍ത്തുന്ന ഒരു മഹാകവിയാണ്‌ അദ്ദേഹം.

സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന തപസ്യയെന്ന സാംസ്‌കാരികസംഘടനയുടെ രക്ഷാധികാരിയായും അക്കിത്തം പ്രവര്‍ത്തിച്ചിരുന്നു. മഹാകവി അക്കിത്തത്തിന്റെ അഭിപ്രായം തന്നെയാണ്‌ കാല്‍ നൂറ്റാണ്ടിനുശേഷം ശബരിമല സ്‌ത്രീപ്രവേശനവിഷയത്തിലെ കേസിലെ വിധിയില്‍ നാലു സുപ്രീംകോടതി ജഡ്‌ജിമാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

കവിയുടെ ഭാഷയിലല്ല, നിയമഭിഷയിലാണവര്‍ പറഞ്ഞതെന്നുമാത്രമാണ്‌ വ്യത്യാസം. ആചാരധാര്‍മ്മികതയേയല്ല, ഭരണഘടനാ ധാര്‍മ്മികതയേയും ബാധ്യതയേയുമാണ്‌ അവര്‍ ഉയര്‍ത്തിപ്പിടിച്ചത്‌. കാലദേശാതീതമായി ആചാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ നിലനില്‍പ്പില്ലെന്നാണ്‌ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നത്‌.

സ്‌ത്രീപ്രവേശനത്തെക്കാള്‍ ഗുരുതരമായ ആചാരലംഘനമാണ്‌ അബ്രാഹ്‌മണരുടെ പൂജാരീസ്ഥാനലബ്‌ധി. പൂജാരിയായി നിയമനം നേടി ആദ്യമായെത്തിയ അബ്രാഹ്‌മണപൂജാരിയെ ഭക്തജനങ്ങള്‍ ബഹിഷ്‌കരിക്കുകയും ആ നിര്‍ഭാഗ്യവാന്‍ ദേവസ്വംബോര്‍ഡിനുകീഴില്‍ മറ്റൊരു ജോലി സ്വീകരിക്കുകയും ചെയ്‌ത അനുഭവം നമ്മുടെ ഓര്‍മ്മയിലുണ്ട്‌.

പക്ഷെ, പില്‍ക്കാലത്തതു പ്രശ്‌നമല്ലാതായിത്തീര്‍ന്നു. ഇന്നും അബ്രാഹ്‌മണപൂജാരിമാരെ സ്വീകരിക്കാന്‍ മടി കാണിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. എല്ലാ പരിവര്‍ത്തനസന്ധികളിലും ഇതൊക്കെ സ്വാഭാവികമാണ്‌.

publive-image

ശബരിമല കേസില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ ചിലതു താഴെക്കൊടുക്കുന്നു.

`ഈശ്വരാരാധനക്കുവേണ്ടിയുള്ള ഒരു പൊതുസ്ഥലത്ത്‌ പുരുഷനു പ്രവേശിക്കാമെങ്കില്‍ അതേ അവകാശബോധത്തോടെ സ്‌ത്രീക്കും പ്രവേശിക്കാം. പുരുഷനു ബാധകമാവുന്നതെല്ലാം സ്‌ത്രീക്കും ബാധകമാണ്‌.'

ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര.

(ശബരിമലയിലെ സ്‌ത്രീ പ്രവേശനവിഷയത്തില്‍ വാദം കേട്ട ഭരണഘടനാബഞ്ചിന്റെ തലവന്‍)

`സ്‌ത്രീകളുടെ ആര്‍ത്തവകാലമെന്ന ഒരു സ്വാഭാവികശാരീരിക പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി അവരെ ജോലിയില്‍നിന്നോ ഈശ്വരസന്നിധിയില്‍ നിന്നോ മാറ്റിനിര്‍ത്തുന്നത്‌ ശരിക്കും സ്‌ത്രീവിവേചനമാണ്‌. ഇത്‌ ഭരണഘടന പണ്ടേ നിരോധിച്ച അയിത്തത്തിനു തുല്യമാണ്‌.

സ്‌ത്രീകളും അവരുടെ സഹജമായ ശാരീരികപ്രവര്‍ത്തനങ്ങളും ദൈവസൃഷ്ടിയാണ്‌-അല്ലെങ്കില്‍ പ്രകൃതിനിയമമാണ്‌. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം, ഇഷ്ടമുള്ള മതത്തെ പിന്തുടരാനും ആചരിക്കാനും പ്രചരിപ്പിക്കാനമുള്ള അവകാശം-ഇതെല്ലാം ഭരണഘടനാദത്തമാണ്‌- (ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍25-1) ഇതിനര്‍ത്ഥം സ്‌ത്രീകളുടെ ഈ അവകാശസംരക്ഷണാര്‍ത്ഥം ഒരു നിയമനിര്‍മ്മാണം പോലും ആവശ്യമില്ലെന്നതാണ്‌.

ക്ഷേത്രപ്രവേശനവിഷയത്തില്‍ പുരുഷന്മാര്‍ക്കു മാത്രമായി പ്രത്യേകാവകാശമൊന്നുമില്ല. മതവിശ്വാസത്തിന്റെ മറവില്‍ സ്‌ത്രീകളെ പൊതുഇടങ്ങളില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌ അനുവദിക്കാനാവില്ല. ആര്‍ത്തവംപോലുള്ള ശാരീരികസവിശേഷതകള്‍ ജന്മസിദ്ധമാണ്‌. വ്യക്തിപരമായ അന്തസ്സ്‌ മൗലികാവകാശങ്ങളുടെ ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രമാണ്‌.

വേദഗ്രന്ഥങ്ങളും ലഭ്യമായ തെളിവുകളും സ്‌ത്രീപ്രവേശന നിരോധനത്തെ സാധൂകരിക്കുന്നില്ല. അയ്യപ്പന്റെ ബ്രഹ്‌മചര്യസ്വഭാവം അംഗീകരിച്ചാലും അതിന്‌ പ്രത്യേകപ്രായത്തിലുള്ള സ്‌ത്രീപ്രവേശനവുമായി എന്തുബന്ധം?' ജസ്റ്റീസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌

(ഇതേ ഭരണഘടനാബഞ്ചിലെ മറ്റൊരു ജഡ്‌ജി)

`നിങ്ങളും ദൈവവും അല്ലെങ്കില്‍ നിങ്ങളും വിശ്വപ്രകൃതിയും തമ്മിലുള്ള ബന്ധമാണ്‌ മതം. മതമനുശാസിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കുവേണ്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു തടയാന്‍ ആരോഗ്യത്തിനോ സദാചാരസംഹിതകള്‍ക്കോ ശാരീരികപ്രതിഭാസങ്ങള്‍ക്കോ കഴിയില്ല.'

ഇന്ദിര ജയ്‌സിംഗ്‌

(ഈ കേസിലെ വാദിഭാഗം അഡ്വക്കേറ്റ്‌)

`ചിന്താസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ പരിരക്ഷയുണ്ട്‌. സ്‌ത്രീക്കും പുരുഷനുമൊരുപോലെ ഈ ഭരണഘടനാസംരക്ഷണം ബാധകമാണ്‌.'

ജസ്റ്റീസ്‌ രോഹിംഗ്‌ടണ്‍ നരിമാന്‍

(ഇതേ ഭരണഘടനാബഞ്ചിലെ മറ്റൊരു ജഡ്‌ജി)

സ്‌ത്രീകള്‍ക്കു പ്രവേശനാനുവാദമുള്ള പരശ്ശതം ശാസ്‌താക്ഷേത്രങ്ങള്‍ ഉണ്ടല്ലോ. സ്‌ത്രീകള്‍ക്കവിടെ പോയാല്‍ പോരേ? ശബരിമലയില്‍ത്തന്നെ പോകണമെന്ന്‌ എന്താണൊരു വാശി? വിചാരണവേളയില്‍ സ്‌ത്രീവിരുദ്ധപക്ഷത്തുനിന്നും ഉയര്‍ന്നുവന്ന ഒരു വാദമുഖമാണിത്‌. അതേക്കുറിച്ച്‌

ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്രയുടെ പ്രതികരണം:

'ജഗന്നാഥ പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങള്‍ ധാരാളമുണ്ടാവും എന്നാല്‍ പുരിയില്‍ത്തന്നെ പോകണമെന്നത്‌ ഒരു ഭക്തന്റെയോ ഭക്തയുടേയോ വിശ്വാസമാണ്‌. ആ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതല്ലേ?. വിശ്വാസത്തിന്റെ പേരില്‍ ആണയിട്ടുകൊണ്ട്‌ സ്‌ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കെങ്ങിനെ ഈ വിശ്വാസത്തെ എതിര്‍ക്കാന്‍ കഴിയും?'

തന്ത്രവിദ്യാപീഠത്തിന്റെ രജതജൂബിലിയാഘോഷങ്ങളില്‍ പങ്കെടുത്ത അക്കിത്തമുള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ ആചാരലംഘനമാണെന്ന്‌ ഇതുവരെയാരും പറഞ്ഞുകേട്ടിട്ടില്ല. ആര്‍.എസ്‌.എസ്സിന്റെ താത്വികാചാര്യനായ മാധവ്‌ജിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഒരു പ്രസ്ഥാനമാണ്‌ തന്ത്രവിദ്യാപീഠം.

തന്ത്രവിദ്യാപീഠത്തിലെ പാഠപുസ്‌തകങ്ങളായ തന്ത്രസമുച്ചയവും കുഴിക്കാട്ടുപച്ചയും ഉള്‍പ്പെടെയുള്ള ആധികാരികഗ്രന്ഥങ്ങള്‍ വിശദപഠനത്തിന്‌ വിധേയമാക്കിയതിനുശേഷമാണ്‌ ജഡ്‌ജിമാര്‍ വിധിയെഴുതിയിരിക്കുന്നത്‌. കേരളത്തിലെ തന്ത്രിമാരുടേയും പൂജാരിമാരുടേയും ഒരു സെമിനാരിയാണ്‌ തന്ത്രവിദ്യാപീഠം.

അതിന്റെ രജതജൂബിലിയാഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കൊന്നും ആചാരങ്ങളുടെ അലംഘനീയതയെക്കുറിച്ച്‌ ആവേശമുണ്ടായിരുന്നില്ല. അന്ന്‌ അതിനെതിരെ സംഘജിഹ്വകളൊന്നും ശബ്‌ദിച്ചുകണ്ടില്ല. കലാമണ്ഡലം സി.ആര്‍.ആര്‍. നമ്പൂതിരി വിഖ്യാതകഥകളിനടനും ഹൈന്ദവതത്വശാസ്‌ത്രത്തില്‍ പണ്ഡിതനും ആര്‍.എസ്‌.എസ്സിന്റെ സ്ഥാപകനേതാക്കളിലൊരാളുമായിരുന്നു.

പി.കേരളവര്‍മ്മരാജ, തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു. കെ.പി.സി. തന്ത്രവിദ്യാവിശാരദനുമായിരുന്നു. ഇന്ന്‌ ഒരു പന്തീരാണ്ടു നീണ്ട നീതിന്യായവിചാരണകള്‍ക്കൊടുവില്‍ വന്ന സുചിന്തിതമായ വിധിക്കെതിരെ നടത്തുന്ന പ്രതിഷേധകോലാഹലങ്ങളുടെ കാരണമെന്താവും? ഒരുത്തരമേ കണ്ടെത്താന്‍ കഴിയുന്നുള്ളു.

2019-ല്‍ പൊതു തിരഞ്ഞെടുപ്പു വരുന്നു അപ്പോള്‍ ഒന്നോ രണ്ടോ സീറ്റു കിട്ടാന്‍ വേണ്ടി ഇവിടെ മതവികാരത്തെ ആളിക്കത്തിച്ചുനോക്കാം. മതപരമായ വിശ്വാസങ്ങളുംല ആചാരങ്ങളും മനുഷ്യന്റെ ഒരു ദൗര്‍ബല്യമാണല്ലോ. രാമജന്മഭൂമിയില്‍ ആ ദൗര്‍ബല്യത്തെ ആളിക്കത്തിച്ച്‌ ഭരണം പിടിച്ചെടുത്ത അനുഭവസമ്പത്തുമുണ്ട്‌. ഒന്ന്‌ പയറ്റിനോക്കാം.

പക്ഷെ, ഇതു കേരളമാണ്‌-സമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങളിലൂടെ ആചാരവിപ്‌ളവങ്ങള്‍ തന്നെ സൃഷ്ടിച്ച കേരളം-സാക്ഷരകേരളം-മതമൈത്രിയുടെ വളക്കൂറുള്ള മണ്ണില്‍ വളര്‍ന്നുവികസിച്ച സാംസ്‌കാരികോല്‍ബുദ്ധകേരളം.

Advertisment