Advertisment

വഴിമുട്ടിയ ബി ജെ പി, വഴി കാട്ടാൻ പിണറായി

author-image
admin
Updated On
New Update

- ആസിഫ് കുന്നത്ത് (ചെയർമാൻ, സബർമതി ഫൗണ്ടേഷൻ)

Advertisment

publive-image

നായാടി മുതൽ നമ്പൂതിരി വരെ പോലുള്ള സകല അഭ്യാസങ്ങളും പയറ്റിയിട്ടും കേരളത്തിൽ ക്ലച്ച് പിടിക്കാതെ പോയ ബി ജെ പി ക്ക് കേരളത്തിൽ വേരുറപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുന്നത് പിണറായിയും സി പി എമ്മുമാണെന്ന് കേരളത്തിലെ പൊതു സമൂഹം തിരിച്ചറിഞ്ഞതിൽ വിളറി പൂണ്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതനായ കോൺഗ്രസ് നേതാവ് എ കെ ആന്റണിയടക്കമുള്ളവരെ അപകീർത്തിപ്പെടുത്താനും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനുമാണ് ശ്രമിക്കുന്നത്.

നെഹ്റു കോളജിലെ ജിഷ്ണുവെന്ന വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് മഹിജ നടത്തിയ സമര സ്ഥലത്ത് കൂടി സഞ്ചരിച്ച് പോയി എന്ന കുറ്റത്തിന് മുൻവൈരാഗ്യം കൊണ്ട് മാത്രം സ്വന്തം പാർട്ടി നേതാവ് വി എസ് അച്ചുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സമയത്ത് അദ്ധേഹത്തിന്റെ എൺപത് കഴിഞ്ഞ മാതാവ് തങ്കമ്മ ഒരു ചാനലിൽ പ്രതികരിച്ചത് പ്രസക്തമായ ഒരു പോയന്റാണ്.

" ഞാൻ സജീവമായ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ കേരളപ്പിറവിക്ക് ശേഷം കേരളത്തിലുണ്ടായ ഇ എം എസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള സകല ഇടതുമുന്നണി മുഖ്യമന്ത്രിമാരെയും നേരിട്ടറിയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇത്രയേറെ വൈര്യ നിര്യാതനബുദ്ധി കൊണ്ടു നടക്കുന്ന, എന്താണ് ചിന്തിക്കുക എന്താണ് പ്രവർത്തിക്കുക എന്ന് മനസിലാക്കാൻ കഴിയാത്ത മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല".

ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ഉടൻ യാതൊരു മുൻപിൻ ആലോചനയുമില്ലാതെ ചാടി വീണ് വിധി നടപ്പാക്കുമെന്ന് വീമ്പിളക്കിയിട്ട് ഒരു മണ്ണാങ്കട്ടയും സംഭവിച്ചില്ല എന്ന് മാത്രമല്ല സർക്കാറിന് നിരവധി തവണ നിലപാടിൽ നിന്ന് പിന്നോട്ടും പോവേണ്ടി വന്നു.

ഫലമോ ബിജെപിക്ക് ഏറ്റവും നല്ല മുതലെടുപ്പിനുള്ള അവസരമായി മാറുകയും ചെയ്തു. എന്നും ബിജെപിയെ മുഖ്യ പ്രതിപക്ഷ കക്ഷിയായി ഉയർത്തിക്കാട്ടി കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന സി പി എം ഇതിനെ അത്തരത്തിലുള്ള ഒരവസരമായി കണ്ടു എന്നിടത്താണ് അബദ്ധം.

പലരെയും നിലക്കലിൽ വെച്ച് തന്നെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പറഞ്ഞയച്ച പോലീസുകാർ രഹന ഫാത്തിമയെന്ന മുസ്ലിം നാമധാരിയെ സർവ്വ സന്നാഹങ്ങളെയും കൂട്ടി പോലീസ് വേഷവും കൊടുത്ത് സന്നിധാനത്തിനടുത്ത് വരെ എത്തിച്ചത് എന്ത് ഉദ്ധേശത്തിലാണ് എന്ന് അരി ഭക്ഷണം കഴിക്കുന്നവർക്കെല്ലാം അറിയാം. ബി ജെ പി ക്ക് അതു കൊണ്ടുണ്ടായ നേട്ടം കണക്കില്ലാത്തതാണ്.

ലോകത്തെങ്ങുമില്ലാത്ത രീതിയിൽ തീർത്ഥാടന കേന്ദ്രത്തിൽ ആഴ്ചകളോളമായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ശരണം വിളിയുടെ പേരിൽ ആൾക്കൂട്ടങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് വിശ്വാസി സമൂഹത്തെയാകെ അരക്ഷിതാവസ്ഥയിലെത്തിച്ച് ബി ജെ പി ക്ക് രക്ഷക റോൾ കൊടുക്കാൻ പരിശ്രമിക്കുന്നു.

കോൺഗ്രസ് പാർട്ടിയുടെ സമയോചിത ഇടപെടൽ മൂലം ഒരു വലിയ വിഭാഗം വിശ്വാസികളെ മതേതര പക്ഷത്ത് നിലനിർത്താൻ കഴിഞ്ഞു. സമാധാനകാംക്ഷികളായ കേരള ജനത കോൺഗ്രസിനെ പുൽകാനാണാഗ്രഹിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

കേരളത്തിൽ തീരെ അപ്രസക്തനും ബിജെപിയിൽ തന്നെ പൂർണ്ണാംഗീകാരവുമില്ലാത്ത ഉള്ളി സുര എന്ന് സാമൂഹമാധ്യമത്തിൽ വിളിപ്പേരു പോലുമുള്ള കെ.സുരേന്ദ്രനെ കേരളത്തിലെ തന്നെ വലിയ മഹാനായ നേതാവാക്കാനുള്ള ശ്രമമാണിപ്പോ നടന്നു കൊണ്ടിരിക്കുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം കോടതിയിൽ പോവാനെന്ന പേരിൽ നാമജപ സ്വീകരണമാണ് പോലീസ് നേതൃത്വത്തിൽ സുരേന്ദ്രന് സംഘടിപ്പിച്ച് കൊടുക്കുന്നത്. ഭരണകൂടത്തിന്റെ ഇഛക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന സംവിധാനമാണല്ലോ പോലീസ്, അത് കൊണ്ടു തന്നെ ഇതിന്റെ പിന്നിലാരാണെന്നും ആരാണ് സുരേന്ദ്രനെയും അത് വഴി ബിജെപിയെ വളർത്താൻ ശ്രമിക്കുന്നതിന് പിന്നിലാരാണെന്ന് വ്യക്തമല്ലേ.

വിഭാഗീയത മൂലം പൂർണമായും ഉൾവലിഞ്ഞു പോയിരുന്ന സുരേന്ദ്രന് നല്ലൊരു എൻട്രി സമ്മാനിച്ച സർക്കാറിനോട് സുരേന്ദ്രൻ എത്ര നന്ദി പറഞ്ഞാലും മതിവരികയില്ല.

വർഗീയ വിഷം ചൊരിയുന്ന പ്രസംഗങ്ങൾ നടത്തിയതിന് ശശികലക്കെതിരെ ചെറുവിരൽ പോലുമനക്കാത്ത പോലീസ് ഇരുമുടിക്കെട്ട് ഏന്തിയ സമയത്ത് തന്നെ അറസ്റ്റ് ചെയ്ത് വർഗീയതക്ക് വടി കൊടുക്കുവാനാണ് തിടുക്കം കാട്ടിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പോലീസിനെ നിയമിച്ച് അവരെ കയറൂരി വിട്ട സർക്കാറിന് ചെകിടത്തേറ്റ അടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.

ജനങ്ങളെ നിരീക്ഷിക്കാൻ പോലീസും പോലീസിനെ നിരീക്ഷിക്കാൻ ഹൈക്കോടതി സമിതിയും .ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത രണ്ട് ജഡ്മാരും സർക്കാറുമായി ഉടക്കി നിൽക്കുന്ന ഡിജിപി ഹേമചന്ദ്രനും അടങ്ങുന്ന സമിതിയെയാണ് ഹൈക്കോടതി നേരിട്ട് നിയമിച്ചിരിക്കുന്നത്. സർക്കാറിന് ഇതിനേക്കാൾ വലിയ പ്രഹരം വേറെ കിട്ടാനുണ്ടോ.

വിശ്വാസികളെ ചൂഷണം ചെയ്യുകയും ക്ഷേത്രങ്ങളുടെ ആചാരങ്ങളെ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഈ നടപടികൾ മത വർഗീയ വാദികൾക്ക് വെള്ളവും വളവും നൽകുക മാത്രമാണ് ചെയ്യുക. സാവകാശ ഹരജി നൽകാനുള്ള തീരുമാനം ആദ്യഘട്ടത്തിൽ തന്നെ എടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഈവർഗീയ ധ്രുവീകരണം ഒഴിവാക്കാമായിരുന്നു എന്നിരുന്നാലും വൈകിയാണെങ്കിലും ബുദ്ധി ഉദിച്ചത് നന്നായി.

ആചാരങ്ങളെ ഒരു പരിധി വരെയെങ്കിലും മറികടന്നാൽ മാത്രമേ നവോത്ഥാനവും പുരോഗമന ചിന്താഗതിയുള്ള ഒരു സമൂഹവും ഉയർന്ന് വരികയുള്ളൂ എന്നത് പച്ചയായ യാഥാർത്ഥ്യമാണ് എന്നാൽ ഒരിക്കലും ഇത് ഒറ്റയടിക്ക് അടിച്ചേൽപ്പിക്കാൻ കഴിയുന്നതല്ല. നവോത്ഥാന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവർക്ക് അതിനുള്ള യോഗ്യതയും വേണം.

അല്ലാതെ താൽക്കാലിക നേട്ടത്തിന് ഏത് മതമേലധ്യക്ഷന്റെയും കാൽക്കീഴിൽ അഭയം പ്രാപിക്കുന്ന രാഷ്ട്രീയ എതിരാളികളോട് വൈര്യ നിര്യാതനബുദ്ധിയോടെ പെരുമാറുന്ന അഭിപ്രായ വ്യത്യാസങ്ങളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സങ്കുചിത മാനസികാവസ്ഥ വെച്ചു പുലർത്തുന്നവർക്ക് നവോത്ഥാനത്തിന് നേതൃത്വം കൊടുക്കുക എന്നത് ദിവാസ്വപ്നം മാത്രമാണ്.

അജണ്ട നടപ്പിലാക്കുന്നതിനിടയിൽ നവോത്ഥാനം ബോണസായി കിട്ടുമെന്ന് കരുതി വിഢികളുടെ സ്വർഗത്തിൽ കഴിയുകയാണ് പിണറായിയും കൂട്ടരും എന്ന് വിഷമത്തോടെ പറയേണ്ടി വരും.

യഥാർത്ഥത്തിൽ ബിജെപിയുടെയും സി പി എമ്മിന്റെയും അജണ്ടകൾ ഓരോന്നോരോന്നായി തകർന്നടിയുമ്പോൾ രണ്ട് കൂട്ടരും വീണിടത്ത് കിടന്ന് ഉരുളുകയാണ്. എങ്ങനെയെങ്കിലും അറസ്റ്റ് വരിച്ച് ധീര രക്തസാക്ഷിത്വം നേടാൻ ബി ജെ പി നേതാക്കൾ തമ്മിൽ മത്സരമാണ്. അതവരുടെ ഉൾപ്പാർട്ടി പോര് തന്നെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര അമ്പേ പരാജയപ്പെടുകയും കോൺഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥകളിലെ വിശ്വാസികളുടെ ബാഹുല്യത്തിൽ മുങ്ങിപ്പോയതും നാം കണ്ടതാണ്. അങ്ങനെയാകെ വഴിമുട്ടിക്കിടക്കുന്ന ബി ജെ പി ക്ക് വഴി കാട്ടാൻ ഇറങ്ങിയിരിക്കുകയാണ് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനും അദ്ധേഹത്തിന്റെ പാർട്ടിയായ സി പി എമ്മും.

ശബരിമല വിഷയത്തിൽ സി പി എമ്മും ബി ജെ പിയും ഒത്തുകളിച്ച് കോൺഗ്രസ് വോട്ടുകൾ ബി ജെ പിയിലേക്ക് എത്തിക്കുകയും നേരിട്ട് ബി ജെ പി യെ പ്രതിരോധിക്കുന്നത് സി പി എമ്മാണെന്ന് കാണിച്ച് ന്യൂനപക്ഷ വോട്ടുകൾ എൽ ഡി എഫിലേക്കാകർഷിച്ച് യുഡിഎഫിനെ തകർക്കാനായിരുന്നു ഇവരുടെ പദ്ധതി.എന്നാൽ പൂർണമായും മതവൽക്കൃതമായ സി പി എം അണികളും അനുഭാവികളും കൂട്ടത്തോടെ കോൺഗ്രസ് ജാഥകളിലേക്ക് ഒഴുകി വരുന്നതാണ് കണ്ടത്.

ബി ജെ പിയുടെ ഇരട്ടത്താപ്പ് കേരള സമൂഹം കൃത്യമായി മനസിലാക്കുകയും വിശ്വാസ സമൂഹ മടക്കമുള്ള പൊതുജനം അവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു.

പരസ്പര ബഹുമാനത്തോടെയും ആദരവോടെയും കൊണ്ടും കൊടുത്തും ജീവിക്കുന്ന വിവിധ മതസ്ഥരടങ്ങുന്നതാണ് കേരള സമൂഹം അതിനാൽ ന്യൂനപക്ഷ മടക്കമുള്ളവർ ശബരിമലയിലെ സർക്കാർ നീക്കത്തിൽ പൂർണ അതൃപ്തരായതും സി പി എമ്മിന്റെ അജണ്ടക്ക് തിരിച്ചടിയായി.

പൂർണമായും ജനങ്ങളിൽ നിന്നൊറ്റപ്പെട്ട പിണറായി വിജയനും മാർക്സിസ്റ്റ് പാർട്ടിയും തങ്ങളിൽ നിന്നു ഒലിച്ചുപോവുന്ന വോട്ടുകൾ പിടിച്ച് നിർത്താൻ മറ്റു ചില വൃത്തികെട്ട കൈവിട്ട കളിക്കാണ് തുടക്കമിട്ടതും കോപ്പുകൂട്ടി കൊണ്ടിരിക്കുന്നതുമെന്നതാണ് ഇപ്പോഴത്തെ ഗൗരവമായ വിഷയം.

ഇത്തരത്തിൽ കൈവിട്ട കളി കളിച്ച് കേരളത്തിന്റെ തനത് മൂല്യങ്ങളെയെല്ലാം നശിപ്പിച്ച് കലാപകലുശിതമാക്കാനുള്ള നീക്കം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. രണ്ട് ഉദാഹരണങ്ങൾ നമുക്കിവിടെ ചർച്ച ചെയ്യാം.

ഒന്ന് വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ കലോത്സവത്തിലവതരിപ്പിച്ച "കിത്താബ്" എന്ന നാടകവും അതിന് ഒന്നാം സ്ഥാനം നൽകാനുള്ള അധികൃതരുടെ അത്യുത്സാഹവും മറ്റൊന്ന് മതനിന്ദയാരോപിച്ച് രഹനാ ഫാത്തിമയെ അറസ്റ്റ് ചെയ്ത സംഭവവും.

ആദ്യം നമുക്ക് കിതാബിനെ കുറിച്ച് ചർച്ച ചെയ്യാം, വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ പൂർണമായും സി പി എം നിയന്ത്രണത്തിലും പാർട്ടി ഭാരവാഹികളെ മാത്രം ജീവനക്കാരാക്കുന്ന ഒരു സ്ഥാപനമാണ് കൃത്യമായ അജണ്ടയുടെ ഭാഗമായാണ് ഈ പ്രത്യേകമായ കാലഘട്ടത്തിൽ ഇങ്ങനെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തെ തന്നെ വികലമാക്കുന്ന രീതിയിൽ വിശ്വാസി മനസുകളെ വ്രണപ്പെടുത്തി മുക്രിയുടെയും മകളുടെയും കഥ ഇറക്കിയത് എന്നതാണ് പാർട്ടി അണിയറയിലെ രഹസ്യം.

ആവിഷ്കാരസ്വാതന്ത്ര്യം വകവെച്ച് കൊടുക്കേണ്ടത് തന്നെയാണങ്കിലും ഇതിന് പിന്നിലെ രാഷ്ട്രീയ താൽപര്യമറിയുമ്പോഴാണ് മറിച്ചുള്ള ചിന്ത വരുന്നത്.ഒരു തരത്തിലുമുള്ള പുരോഗമനത്തിനുമല്ല, ഭൂരിപക്ഷ സമുദായത്തിന്റെ പ്രീതിയാഗ്രഹിച്ചു മാത്രമാണിത്. അത് പോലുള്ള മറ്റൊന്നാണ് മതനിന്ദ ആരോപിച്ചു കൊണ്ടുള്ള രഹന ഫാത്തിമയുടെ അറസ്റ്റും.

രഹന ഫാത്തിമയുടെ ഒരു നിലപാടിനോടും വ്യക്തിപരമായ യോജിപ്പില്ലങ്കിലും ഈ വിഷയത്തിലെ നിയമ, മനുഷ്യാവകാശ ലംഘനം അതിഗുരുതരമാണ്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെട്ട് നിറച്ച് മല കയറാൻ വന്നത് നിയമ ലംഘനമായി ഒന്നുമില്ലാ, പിന്നെ ഒരാരോപണം പവിത്രമായ അയ്യപ്പ വേഷത്തിൽ ലൈംഗിക ചുവ തോന്നുന്ന ചിത്രം മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തുവെന്നതാണ്. ആ ഫോട്ടോ എന്നാണിട്ടത്? എന്നും ആ ഫോട്ടോയിൽ ലൈംഗിക ചുവ കാണുന്നവർക്കുള്ള ലിംഗസമത്വബോധം എത്രയാണെന്നും നാം പഠിക്കേണ്ടതായിട്ടുണ്ട്.

Advertisment