അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു … പിന്നെയും ? – ദുരിതാശ്വാസ ദൗത്യം / അധ്യാപകര്‍ക്കും പറയാനുണ്ട്

Thursday, August 23, 2018

അഭയാർത്ഥി ക്യാമ്പുകളിൽ 4 ദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടി വന്ന റെവെന്യു ഉദ്യോഗസ്ഥൻ അധ്യാപകർ വെറുതെ ഇരിക്കുകയാണെന്നും അവരെ ഉടനെ തിരിച്ചു വിളിച്ചു ക്യാമ്പുകളിൽ ഡ്യൂട്ടിക്ക് ഇടേണ്ടതാണെന്നും സർക്കാരിനോട് നിർദേശിച്ചു കൊണ്ടെഴുതിയ കുറിപ്പ് വായിച്ചു …

വളരെ വിശദമായി അധ്യാപകരെ എങ്ങനെ അക്കൗണ്ടബിൾ ആക്കാമെന്നും അവരുടെ ഷിഫ്റ്റ് എങ്ങനെ വേണമെന്നും വരെ ആ സഹോദരൻ വിശദമായി നിർദേശിച്ചിട്ടുണ്ട്. വിവരമില്ലാത്തവർ എന്നും മടിയന്മാർ എന്നും മസ്കിയടിച്ചു നടക്കുന്നവർ എന്നും അധ്യാപകരെ വിശേഷിപ്പിച്ചുകൊണ്ടുള്ള ആ കുറിപ്പ് പൊതുസമൂഹത്തിൽ അദ്യാപകരെപ്പറ്റി പ്പറ്റി തെറ്റിദ്ധാരണകൾ ഉണ്ടാക്കും എന്നതുകൊണ്ട് അതിനുള്ള ഒരു മറുപടിയായി ഇതിനെ കാണുക.

ഇപ്പോൾ ഇത് പറയേണ്ട സമയമാണോ എന്ന് പലവട്ടം ആലോചിച്ചു , പക്ഷെ പറയേണ്ടത് പറയേണ്ടപ്പോൾ പറഞ്ഞില്ലെങ്കിൽ പറയുന്നവർ പറയുന്നതാണ് ശരി എന്ന് കേൾക്കുന്നവർ വിചാരിക്കും മഹാപ്രളയത്തിന്റെ കെടുതികൾ അതിജീവിക്കാൻ പരിശ്രമിക്കുന്നതിനോടൊപ്പം ഈ ദുരന്തത്തിന്റെ യഥാർത്ഥ കാരണക്കാരെ പൊതു സമൂഹം തിരിച്ചറിയേണ്ടതല്ലേ?

ഈ കുറിപ്പെഴുതി അധ്യാപകരെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ തന്നെയാണ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഹാപ്രളയത്തിന്റെ മൂലകാരണക്കാർ.

നിങ്ങൾ ഈ നാട്ടിലെ സമ്പന്നർക്കും കൈയേറ്റക്കാർക്കും ഈ നാട്ടിലെ മലകൾ തീറെഴുതിയപ്പോൾ പാറകൾ പൊട്ടിച്ച് മാറ്റാൻ ക്വാറി മാഫിയക്ക് വളം വച്ചപ്പോൾ പുഴകളെ മാന്തിയെടുക്കാൻ മണലൂറ്റുകാർക്ക് എസ്കോർട്ട് പോയപ്പോൾ പാടം മുഴുവൻ നികത്തി വിൽക്കാൻ ഒത്താശ ചെയ്തപ്പോൾ ഈ നാടിനെ അതിന്റെ പ്രകൃതിയെ മണ്ണിനെ പുഴയെ കാടിനെ കല്ലിനെ ജലത്തെ അങ്ങനെ വിൽക്കാവുന്നതെന്തും വിൽക്കാൻ നിങ്ങൾ കച്ചവടക്കാർക്ക് ഒത്താശ ചെയ്തു.

അതിന്റെ പങ്കു വാങ്ങി നിങ്ങൾ മണിമാളികകൾ കെട്ടിപ്പൊക്കി ആഡംബര കാറുകളിൽ കറങ്ങി നടന്ന് ഇനിയും വിൽക്കാൻ ബാക്കിയെന്ത് എന്നന്വേഷിച്ചു. ‘ ഈ നാടിനെയും അവിടുത്തെ ജനത്തെയും മുക്കിക്കൊന്നിട്ട് ഇപ്പൊ ദുരിതാശ്വാസ ക്യാമ്പിൽ പണി കൂടുതലാണത്രേ, മാഷന്മാരെ ഡ്യൂട്ടിക്കിടണമത്രേ, കൈക്കൂലിക്ക് വകുപ്പില്ലാതെ ജീവിതത്തിലാദ്യമായി 4 ദിവസം പണി ചെയ്തപ്പോൾ നിങ്ങൾക്ക് ഉണ്ടാവുന്ന വിഷമം ഞങ്ങൾക്ക് മനസിലാവും.

ഇനി പ്രളയമുണ്ടായപ്പോഴോ നിങ്ങളുടെ കാര്യക്ഷമത ഞങ്ങൾ വീണ്ടും കണ്ടു. റാന്നിയിൽ റെഡ് അലർട്ട് കൊടുക്കുന്നത് വെള്ളം വന്ന് പട്ടണം മൂടിക്കഴിഞ്ഞ് രാത്രി 1 മണിക്ക്. അപ്പോഴും 30 കിലോമീറ്ററകലെ ചെങ്ങന്നൂരിൽ വെള്ളം കയറുമെന്ന് നിങ്ങൾക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ബാണാസുര സാഗർ തുറക്കുന്നത് ആരും അറിഞ്ഞത് പോലും ഇല്ലത്രെ …

അധ്യാപകരെ കാര്യക്ഷമത പഠിപ്പിക്കുന്നതിന് മുമ്പ് സ്വന്തമായി അങ്ങനെയൊന്നുണ്ടോ എന്ന് വിലയിരുത്തുന്നത് നന്നാവും. സാധാരണയായി മറ്റൊന്നും ശ്രദ്ധിക്കാതെ തങ്ങളിലേൽപിച്ച ഉത്തരവാദിത്തം നിർവഹിക്കുന്ന സൈന്യം പോലും റവന്യൂ ഉദ്യോഗസ്ഥരെപ്പറ്റി പരാതി പറയുന്നതും പൊതുജനം കാണുന്നുണ്ട് സാറന്മാരെ.

ദുരിതാശ്വാസ ക്യാമ്പുകളെല്ലാം ഭംഗിയായി നടക്കുന്നത് സന്നദ്ധ സംഘടനകളും നാട്ടുകാരും സഹകരിക്കുന്നതു കൊണ്ടാണെന്നും റവന്യൂ ഉദ്യോഗസ്ഥർ അവിടെ കാഴ്ചക്കാരാണെന്നും ഏതെങ്കിലുമൊരു ക്യാമ്പ് സന്ദർശിച്ച ആർക്കും മനസിലാവും പിന്നെ അധ്യാപകർക്ക് അക്കൗണ്ടബിലിറ്റിയോടെ ജോലി ഏൽപിക്കണം എന്ന് പറഞ്ഞല്ലോ, തീർച്ചയായും എല്ലാ സർക്കാർ ജീവനക്കാർക്കും അവരുടെ ജോലിയിൽ ഉത്തരവാദിത്തബോധം വരാൻ ഈ അവസരം സർക്കാരിന് ഉപയോഗിക്കുന്നതാണ്.

കഴിഞ്ഞ 40 വർഷം തങ്ങളിൽ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാതെ കള്ളപ്പട്ടയമുണ്ടാക്കിയും കൈയേറ്റക്കാർക്ക് ഒത്താശ ചെയ്തും കേരള മണ്ണിനെ മുറിച്ചുവിൽക്കാനും കാടും മലയും വെട്ടിത്തെളിക്കാനും മണലൂറ്റി വിൽക്കാനും പാടം നികത്താനും കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരുടെ മേൽ ഈ മഹാപ്രളയത്തിന്റെ ഉത്തരവാദിത്തമേൽപിച്ച് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണം.

മാത്രമല്ല ജീവനക്കാരുടെ സ്വത്തു വകകൾ അടിയന്തരമായി പരിശോധിക്കാനും അനധികൃതമായി കാണുന്നവ ജപ്തി ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താനും സർക്കാർ തയ്യാറാകണം. കേരളത്തിന്റെ പുനർനിർമാണം മറ്റാരെയും ആശ്രയിക്കാതെ നടത്താൻ ആ തുക ധാരാളം മതിയാകും.

ഇലക്ഷനു പോലും അധ്യാപകരെ ഉപയോഗിക്കാറുണ്ട് എന്നൊരു പ്രയോഗവും ആ കുറിപ്പിൽ കാണുന്നു. അതിന്റെ യഥാർത്ഥ കാരണം അധ്യാപകരല്ലാതെ മറ്റു ജീവനക്കാരെ പൊതുജനം വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് സർ. ഒരു കൂട്ടം കൈക്കൂലിക്കാരും അഴിമതിക്കാരുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് പൊതുജനത്തിന് തോന്നിയാൽ പിന്നെ തെരഞ്ഞെടുപ്പിനെന്ത് വില?

പൊതു വിജ്ഞാനം കുറവാണ് അധ്യാപകർക്ക് എന്നൊരു ആരോപണവും കണ്ടു. ശരിയാണ് സർ, പ്രകൃതി അമ്മയാണെന്നും അവളെ ബഹുമാനിക്കണമെന്നും സംരക്ഷിക്കണമെന്നും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ഞങ്ങൾക്ക് വിവരം കുറവാണെന്ന് സമ്പത്തിന്റെയും അധികാരത്തിന്റെയും പുതിയ പ്രത്യയശാസ്ത്രം പരിശീലിക്കുന്ന നിങ്ങൾക്ക് തോന്നുന്നതിൽ അത്ഭുതമില്ല.

അമ്മയായാലും സഹോദരിയായാലും നിങ്ങൾക്ക് പണമാണല്ലോ മുഖ്യം. പക്ഷേ നിങ്ങളുടെ കൂട്ടത്തിലെ ചിലർ ഈ പണിത്തിരക്ക് കഴിയുമ്പോൾ വരുന്ന നല്ല കാലത്തെപ്പറ്റി സ്വപ്നം കാണാൻ തുടങ്ങിയിട്ടുണ്ട് എന്നും ഞങ്ങൾക്കറിയാം. എല്ലാം നഷ്ടപ്പെട്ടവർ നിങ്ങളുടെ മുമ്പിൽ വന്ന് സർക്കാർ സഹായത്തിനായി കാത്തു നിൽക്കും. അവരുടെ മുന്നിൽ നിങ്ങൾ നിയമത്തിന്റെ നൂലാമാലകൾ നിരത്തും.

തുറന്നു വച്ച മേശ വലിപ്പിലേക്ക് നോട്ടുകൾ വീഴുമ്പോൾ അവസാനം നിങ്ങളാ ചിരി ചിരിക്കും… അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ അധ്യാപകർ മടി കൂടാതെ ജോലി ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് കഴിഞ്ഞ കൊല്ലങ്ങളിൽ പൊതു വിദ്യാലയത്തിലെ അഡ്മിഷനിലുണ്ടായ വർധന. താങ്കളുടെ ഡിപ്പാർട്ട്മെൻറിൽ എന്ത് തെളിവാണ് അങ്ങനെ പൊതു സമൂഹത്തിനു മുമ്പിൽ വെക്കാനുള്ളത്?

കുത്തിപ്പൊളിച്ച പഞ്ചിങ്ങ് മെഷീനുകളോ? അങ്ങയുടെ അറിവിലേക്കായി ഒരു കാര്യം കൂടി പറയട്ടെ… ധാരാളം അധ്യാപകർ ക്യാമ്പുകളിൽ സേവനം ചെയ്യുന്നുണ്ട്.. ആവശ്യമായി വന്നാൽ ആയിരക്കണക്കിനു പേർ ഇനിയും തയ്യാറാവുകയും ചെയ്യും… ഒരു കാര്യം ഉറപ്പാണ് 4 ദിവസം കഴിയുമ്പോൾ ജോലിഭാരം കൂടുതലാണ് എന്ന് പറഞ്ഞ് ഞങ്ങൾ നിലവിളിക്കില്ല.

കാരണം രാവിലെ ജോലിക്കെത്തുമ്പോൾ ഞങ്ങൾ താങ്കളെപോലെ എനിക്കിന്ന് എന്ത് കിട്ടും എന്നല്ല, മറിച്ച് എനിക്കിന്ന് എന്ത് കൊടുക്കാൻ പറ്റും എന്നാണ് ചിന്തിക്കാറുള്ളത് …. കുറിപ്പെഴുതിയ വ്യക്തിയെയും സമാന ചിന്താഗതിക്കാരെയും മാത്രം ഉദ്ദേശി്ച്ചാണീ മറുപടി… ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും മനസാ നമിച്ചു കൊണ്ട് അദ്ധ്യാപക വർഗം.

– ഒരു കൂട്ടം അധ്യാപകരുടെ പ്രതികരണം 

×