Advertisment

അയല്‍പക്ക തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികള്‍ : ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍

New Update

കൊച്ചി: ഫേസ്ബുക്കിലൂടെ ഗാർഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷൻ. വനിത കമ്മീഷന്റെ മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേൽ വിശദമായ റിപ്പോർട്ട് നൽകാൻ പോലീസിനോട് വനിത കമ്മീഷൻ ആവശ്യപ്പെട്ടത്. യുവതിക്ക് പ്രൊട്ടക്ഷൻ ഓർഡറും വനിത കമ്മീഷൻ നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ യുവതിയുടെ പരാതി ചർച്ചയായതോടെ കമ്മീഷൻ അംഗങ്ങൾ യുവതിയെ നേരിൽ കണ്ട് സംസാരിച്ച്‌ ആവശ്യമായ സഹായങ്ങൾ ഉറപ്പ് നൽകിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തിൽ തന്നെ യുവതിയുടെ പ്രശ്‌നം കമ്മീഷൻ വീണ്ടും പരിഗണിക്കുകയായിരുന്നു.

Advertisment

ചോറ്റാനിക്കരയിൽ സ്ത്രീകൾക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകൾ നൽകിയ പരാതിയിലും അന്വേഷണം നടത്താൻ ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെടാൻ വനിത കമ്മീഷൻ അദാലത്തിൽ തീരുമാനമായി. പ്രദേശത്ത് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ പരാതികൾ രജിസ്റ്റർ ചെയ്ത പോലീസ് സ്‌റ്റേഷനുകളിൽ നിന്ന് വിശദമായ റിപ്പോർട്ടും വനിത കമ്മീഷൻ ആവശ്യപ്പെടും.

പ്രായമായ അമ്മയെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം ഒറ്റക്കാക്കിയ മകനെതിരായ പരാതിയും വനിത കമ്മീഷൻ പരിഗണിച്ചു. വനിത കമ്മീഷന് മുമ്ബ് തന്നെ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അമ്മയുടെ അനുവാദമില്ലാതെ വീട് വാടകക്ക് നല!്കിയെന്നതായിരുന്നു പുതിയ പരാതിയുടെ ആധാരം. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ഡി.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും.

സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുവെന്ന പരാതിയും അദാലത്തിൽ കമ്മീഷൻ പരിഗണിച്ചു. പ്രദേശത്തെ ലഹരി വിൽപനസംഘവുമായി ബന്ധപ്പെട്ട വിഷയത്തിൽ അപകീർത്തികരമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യത്തിൽ മാതാപിതാക്കൾ ഗൗരവകരമായ സമീപനം കാണിക്കണമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിരവധി അപകടങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ടെന്നും ലഹരി ഉപഭോക്താക്കൾ ആയിട്ടുള്ളവരെ കൗൺസിലിങ്ങിന് വിധേയരാക്കാൻ മടി കാണിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു.

അയൽപക്ക തർക്കം, ഗാർഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികൾ ആണ് അദാലത്തിൽ വനിത കമ്മീഷന് മുമ്ബിലെത്തിയത്.

ലോക്ക് ഡൗണിന് ശേഷം നടത്തിയ വനിത കമ്മീഷൻ അദാലത്തിൽ 55 പരാതികൾ ആണ് ആകെ പരിഗണിച്ചത്. ഇതിൽ 15 കേസുകൾ തീർപ്പാക്കി. 5 കേസുകൾ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. ഒരു പരാതിയിൽ കൗൺസിലിങ്ങ് നിർദേശിച്ചിട്ടുണ്ട്. 34 പരാതികൾ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. കേരള വനിത കമ്മിഷൻ ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാൽ, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേട്ടു.

Advertisment