Advertisment

‘പല ക്ഷേത്രങ്ങളിലും മേല്‍ശാന്തിയായിട്ടുണ്ട്, പക്ഷെ ഇതുപോലൊരു അനുഭവം ആദ്യം’; ഈഴവനായ മേല്‍ശാന്തിയെ പുറത്താക്കാന്‍ ഭീഷണി

New Update

കൊല്ലം: ഈഴവനായ മേല്‍ശാന്തിയെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള കരുനാഗപ്പളളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഈഴവ മേല്‍ശാന്തിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കാതെ കാണിക്ക വഞ്ചി എണ്ണാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രോപദേശക സമിതിയിലെ ഒരു വിഭാഗം ഭീക്ഷണി മുഴക്കുകയായിരുന്നു.

Advertisment

publive-image

മുപ്പത് വര്‍ഷമായി ശാന്തിയായി പ്രവര്‍ത്തിച്ചു വരുന്ന മൈനാഗപ്പള്ളി നവരംഗം ചെറുവിലില്‍ അശോകനെ പുറത്താക്കാനാണ് നീക്കം. കഴിഞ്ഞ രണ്ടര വര്‍ഷമായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് അശോകന്‍. നേരത്തേ അശോകനെതിരെ പോസ്റ്ററും ബാനറും ഇറക്കി ഇവര്‍ അപമാനിക്കാനും ശ്രമിച്ചിരുന്നു.

1988 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അശോകന്‍ തിരുമേനിയെ ശാന്തിയായി നിയമിച്ചത്. ക്ഷേത്രത്തിലെ തളി ജോലികള്‍ ചെയ്യുന്ന ഓച്ചിറ സ്വദേശിയായ ഈഴവ സ്ത്രീ ഉഷയെയും പുറത്താക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഷ ജോലിയില്‍ നിന്ന് വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമാണ് ശേഷിക്കുന്നത്.

ഈഴവന്‍ മേല്‍ശാന്തി ആയതിന്റെ പേരിലുള്ള ഇഷ്ടക്കേടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അശോകന്‍ പറയുന്നു. പക്ഷെ പൂജ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ആദ്യമാണ്. മുപ്പത് വര്‍ഷത്തെ ഈശ്വരോപാസനയ്ക്കിടെ ഓച്ചിറ ദേവസ്വം, കായംകുളം പുതിയിടം ദേവസ്വം, കരുനാഗപ്പള്ളി പുതിയകാവ് ദേവീക്ഷേത്രം, കട്ടച്ചിറ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും അദ്ദേഹം പറയുന്നു.

Advertisment