Advertisment

കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരെയും വേദിയില്‍ കൊണ്ടുവരേണ്ടിയിരുന്നില്ലേ ? അതിപ്രധാനമായൊരു സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്കു പോലും പ്രതിപക്ഷ നേതാക്കളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ഒരുമിച്ചണിനിരത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് എങ്ങനെ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കും? കര്‍ണാടകയിലെ പ്രതിപക്ഷ വിരോധം: മുഖ പ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്‌

New Update

കൊട്ടിഘോഷിച്ച വിജയത്തിനു ശേഷം കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്‍റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങിലേയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചില്ല. തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ക്ഷണിതാക്കളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.

Advertisment

publive-image


ദക്ഷിണേന്ത്യയില്‍ നിന്ന് ഇതാ ബിജെപിയെ അപ്പാടേ കെട്ടുകെട്ടിച്ചിരിക്കുന്നുവെന്നാണ് കര്‍ണാടകയില്‍ ബിജെപിയെ തകര്‍ത്ത് വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചത്. അതൊരു വലിയ നേട്ടമായിരുന്നു താനും. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഇപ്പോള്‍ ഭരണമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഇതു ബിജെപി മുക്ത ദക്ഷിണേന്ത്യ.


2024 - ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് യാത്ര തുടങ്ങുന്നത്‌ കര്‍ണാടകയില്‍ നിന്നാണ്. ഇവിടെയാണ് ബിജെപിയുടെ ദക്ഷിണേന്ത്യയിലെ അവസാന തുരുത്തും തകര്‍ന്നത്. അതെ. ബിജെപി ഇവിടെ പരാജയം ഏറ്റുവാങ്ങിയത് കോണ്‍ഗ്രസിന്‍റെ കൈയില്‍ നിന്നാണ്‌.

ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരെയും വേദിയില്‍ കൊണ്ടുവരേണ്ടിയിരുന്നില്ലേ ? ദേശീയ തലത്തില്‍ ബിജെപിയ്ക്കെതിരായ പ്രചാരണം തുടങ്ങാവുന്ന പ്രൗഢഗംഭീരമായ നിമിഷങ്ങളാകുമായിരുന്നില്ലേ അത് ?

എന്‍സിപി നേതാവ് ശരത് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ ക്ഷണിക്കപ്പെട്ടവരിലെ പ്രധാനികള്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടനും രാഷ്ട്രീയ നേതാവുമായ കമലഹാസന്‍, മുന്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തുടങ്ങിയവരും പങ്കെടുത്തു.

പശ്ചിമ ബംഗള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ക്ഷണിച്ചുവെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികളുണ്ടായിരുന്നതിനാല്‍ ബംഗളൂരുവിലേയ്ക്കു വന്നില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട് (രാജസ്ഥാന്‍), ഭൂപേഷ് ഭാഗേല്‍ (ഛത്തിസ്ഗഢ്), സുഖ്‌വീന്ദർ സിങ്ങ് സുഖു (ഹിമാചല്‍ പ്രദേശ്) എന്നിവര്‍ സ്വാഭാവികമായും പങ്കെടുത്തു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ ഉള്‍പ്പെടെ പല പ്രധാന മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്കു ക്ഷണിച്ചില്ല. ദക്ഷിണേന്ത്യയില്‍ നിന്ന് ക്ഷണിച്ചത് എംകെ സ്റ്റാലിനെ മാത്രം. കേരള മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി, തെലുങ്കുദേശം മുഖ്യമന്ത്രി കെ ചന്ത്രശേഖര റാവു എന്നിവരെയും വിട്ടുകളഞ്ഞു.

publive-image


അതിപ്രധാനമായൊരു സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്കു പോലും പ്രതിപക്ഷ നേതാക്കളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ഒരുമിച്ചണിനിരത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് എങ്ങനെ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കും ?


അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരു വിശാല ഐക്യമുന്നണി രൂപീകരിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസ് പറഞ്ഞു പോരുന്നത്. രാജ്യത്തെവിടെയായാലും ഏതു മണ്ഡലത്തിലും ബിജെപിക്കെതിരായി ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാകാവൂ എന്നു പറഞ്ഞിട്ടുള്ളത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണന്നുമോര്‍ക്കണം.

കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ സത്യപ്രതിജ്ഞയ്ക്കു പ്രത്യേകം ക്ഷണിച്ചു. അത് സാമാന്യ രാഷ്ട്രീയ മര്യാദ എന്നു പറയാം. ദക്ഷിണേന്ത്യയിലെ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയൊക്കെയും അണിനിരത്തിക്കൊണ്ടൊരു സത്യപ്രതിജ്ഞാ ചടങ്ങായിരുന്നുവെങ്കിലോ ? അങ്ങനെയൊരു സുവര്‍ണ നിമിഷത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യം കോണ്‍ഗ്രസ് നേതാക്കള്‍ കണക്കിലെടുക്കാഞ്ഞത് രാഷ്ട്രീയമായി വലിയ നഷ്ടമായിപ്പോയി.

Advertisment