Advertisment

കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ പ്രചാരണവും പൊളിഞ്ഞു പാളീസായി ! ഡിജിറ്റല്‍ മീഡിയായില്‍ ആകെ നടന്നത് 'വിഐപി പുത്രനായ' കണ്‍വീനറുടെ സെല്‍ഫ് പ്രമോഷന്‍. ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ 100 ലൈക്ക് കിട്ടാത്തവരെ തെരഞ്ഞുപിടിച്ച് ഡിജിറ്റല്‍ മീഡിയാ ടീമില്‍ ചേര്‍ത്തു ! കൃത്യമായ ഡേറ്റയോ, കണക്കോ ഇല്ലാത്ത തട്ടിക്കൂട്ട് പ്രവര്‍ത്തനത്തില്‍ പ്രതിഷധവുമായി പ്രവര്‍ത്തകര്‍. അനില്‍ ആന്റണിയെ മാറ്റി വിടി ബല്‍റാമിനെപ്പോലെയുള്ളവരെ നിയമിക്കണമെന്നും ആവശ്യം. തെരഞ്ഞെടുപ്പിലെ പിആര്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിലും പ്രതിഷേധം. പിആര്‍ ചുമതല വഹിച്ച എറണാകുളത്തെ എംഎല്‍എ തന്നിഷ്ടം കാട്ടിയെന്നും പരാതി !

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയില്‍ മാറ്റി നിര്‍ത്താനാവാത്ത ഒരു ഘടകമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം പരാജയമായത്. ഏറ്റവും മോശമായ സാമൂഹ്യ മാധ്യമ ഇടപെടലാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗം നടത്തിയതെന്നാണ് ആക്ഷേപം. കെപിസിസിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ സെല്‍ പിരിച്ചുവിട്ട് പുതിയ നേതൃത്വത്തെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കോവിഡ് കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈനിലൂടെയുള്ള പ്രചാരണം ഏറെ ഫലപ്രദമാകേണ്ടതായിരുന്നു. എന്നാല്‍ കെപിസിസിയുടെ ഔദ്യോഗിക പേജിലൂടെയുള്ള പ്രചാരണം ശരാശരി നിലവാരത്തിനും താഴെയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട പ്രാഥമിക ഒരുക്കങ്ങള്‍ പോലും നടത്താതെയായിരുന്നു ഡിജിറ്റല്‍ മീഡിയാ വിങ്ങിന്റെ പ്രവര്‍ത്തനം.

കൃത്യമായ ഡേറ്റാ അനലൈസ് ചെയ്യാതെ നടത്തിയ പ്രവര്‍ത്തനം പൂര്‍ണമായും തെറ്റി. സോഷ്യല്‍ മീഡിയായുടെ ബാലപാഠങ്ങള്‍ പോലുമറിയാത്തവരെ ഇടപെടുത്തിയായിരുന്നു ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ പ്രവര്‍ത്തനം. ഒരു പോസ്റ്റിട്ടാല്‍ 100 ലൈക്ക് കിട്ടാത്ത നേതാവായിരുന്നു എല്ലാത്തിനും നേതൃത്വം നല്‍കിയത്.

കൂടെ തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ സ്ഥിരമായി തെറിവിളിച്ചു നടക്കുന്ന കുറച്ചു നേതാക്കളെയും ഒപ്പം കൂട്ടി. പ്രചാരണത്തിന്റെ പേരില്‍ ഡിജിറ്റല്‍ മീഡിയ കണ്‍വീനറുടെ സ്വയം പ്രമോഷന്‍ മാത്രം കുറച്ചു നടന്നു. ഇതൊഴിച്ചാല്‍ പാര്‍ട്ടിക്ക് ഗുണകരമായതൊന്നും ഡിജിറ്റല്‍ മീഡിയ നടത്തിയില്ലെന്നാണ് ആക്ഷേപം.

തെരഞ്ഞെടുപ്പിന് പിന്നാലെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എകെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ഇടത്തിലെ കൂട്ടായ്മകളിലൊന്നായ സൈബര്‍ കോണ്‍ഗ്രസ് ടീം രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ നവമാധ്യമ രംഗത്തെ പ്രചാരണത്തിന് നേതൃത്വം കൊടുത്തവര്‍ ഇവരായിരുന്നു. ഇവരെയൊന്നും സഹകരിപ്പിക്കാതെ അനില്‍ ആന്റണി തന്നിഷ്ടത്തിന് കാര്യങ്ങള്‍ നടത്തിയതിലായിരുന്നു പ്രതിഷേധം.

ഡിജിറ്റല്‍ മീഡിയായുടെ പ്രചാരണം പൊളിഞ്ഞതോടെ യുഡിഎഫിന്റെ മുദ്രാവാക്യം ' നാടു നന്നാകാന്‍ യുഡിഎഫ് ' പുറം ലോകത്തേക്ക് എത്തിയതുപോലുമില്ല. പകരം 'ഈ.. നാട് നന്നാകാന്‍ യുഡിഎഫ് .. സമ്മതിക്കില്ല' ട്രോള്‍ അതിലേറെ ഹിറ്റായി. 'നാടു നന്നാകാന്‍ ...' മുദ്രാവാക്യം ഒട്ടും ആളുകളെ ആകര്‍ഷിക്കുന്ന ഒന്നായില്ല. അതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നതാണ്.

പാര്‍ട്ടി മുമ്പോട്ടു വച്ച മികച്ച പ്രകടന പത്രികയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ മീഡിയാ ടീമിനെ പിരിച്ചു വിടണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

വിടി ബല്‍റാമിനെപ്പോലെ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തുന്ന ആളുകളെ കണ്ടെത്തി ചുമതലയേല്‍പ്പിക്കണെമെന്നും ആവശ്യമുണ്ട്. അതിനിടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ മാധ്യമ സംഘത്തിന്റെ ഇടപെടലും വിമര്‍ശിക്കപ്പെടുന്നുണ്ട്.

കോണ്‍ഗ്രസ് വിരോധികളായ മാധ്യമങ്ങളെ തെരഞ്ഞു പിടിച്ച് പ്രചാരണത്തിന് ഏല്‍പ്പിച്ചുവെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ക്ക് പരസ്യമോ സാമ്പത്തിക സഹായമോ ചെയ്തു കൊടുത്തില്ല. അവരുടെ വായനക്കാര്‍ കോണ്‍ഗ്രസ് ആയതിനാല്‍ പണം കൊടുത്തില്ലെങ്കിലും അതിന്റെ ഗുണം കിട്ടും.

ഇടത് അനുകൂല മാധ്യമങ്ങള്‍ക്ക് പണം നല്കിയാല്‍ അവരുടെ വായനക്കാരെ സ്വാധീനിക്കാം എന്നായിരുന്നു മീഡിയ ടീമിന്‍റെ കണക്കുകൂട്ടാല്‍. ഇങ്ങനെ 20 ലക്ഷത്തിലേറെ രൂപയാണ് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എല്ലാത്തിനും ചുമതല വഹിച്ച മധ്യകേരളത്തിലെ ഒരു എംഎല്‍എ തനിക്ക് തോന്നിയവര്‍ക്കായി ഇതു വീതിച്ചു നല്‍കുകയായിരുന്നു.

ഒടുവില്‍ പരസ്യം കിട്ടിയ ഇടത് മാധ്യമങ്ങള്‍ സഹായിച്ചുമില്ല, പാര്‍ട്ടി അവഗണിച്ചതോടെ പാര്‍ട്ടി അനുഭാവ മാധ്യമങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തു. ഇതോടെ ആ നിലയ്ക്കുള്ള പ്രചാരണവും പാളിയിരുന്നു.

trivandrum news
Advertisment