Advertisment

സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ഒപ്പം ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കാനും ഹൈക്കമാന്‍ഡ് നിര്‍ദേശം ! തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ തിരുകി കയറ്റിയാല്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് പണി കിട്ടും. സര്‍വേയ്ക്ക് മുമ്പേ ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പിജെ കുര്യനെയും കെവി തോമസിനെയും കോണ്‍ഗ്രസിലെ മാര്‍ഗനിര്‍ദേശക് മണ്ഡല്‍മാരാക്കണമെന്ന് ആവശ്യം. ഇടുക്കിയിലെ മൂന്നു മുന്‍ ഡിസിസി അധ്യക്ഷരെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും പരിഹാസം. തിരുവനന്തപുരത്തും പതിവു മുഖങ്ങളെ തന്നെ പരീക്ഷിക്കുന്നതിനെതിരെ പ്രതിഷേധം

New Update

publive-image

Advertisment

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ഒപ്പം സ്ഥാനാര്‍ത്ഥികളാകാതിരിക്കാനുള്ളവരെയും കണ്ടുപിടിക്കന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുമാനേജര്‍മാരുടെ നോമിനികളെ ഒഴിവാക്കാനാണ് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം. മൂന്നു സര്‍വേകളാണ് ഈ മാസത്തില്‍ ഹൈക്കമാന്‍ഡ് നടത്തുന്നത്.

ഇതിനകം സര്‍വേ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഓരോ നിയോജക മണ്ഡലം തിരിച്ചു നടത്തുന്ന സര്‍വേയില്‍ ആ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളാകാനുള്ളവരുടെ പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇതോടൊപ്പം ഒരു ബ്ലാക്ക് ലിസ്റ്റും തയ്യാറാക്കണമെന്നാണ് ഹൈക്കമാന്‍ഡ് സര്‍വേ ഏജന്‍സിക്ക നല്‍കിയിട്ടുള്ള നിര്‍ദേശം.

ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കുന്നത് ഒരു മണ്ഡലത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട സ്ഥാനാര്‍ത്ഥികളുടേതാണ്. നേതാക്കളുടെ പെട്ടിയെടുപ്പുകാര്‍ സ്ഥാനാര്‍ത്ഥികളാകുന്ന സാഹചര്യം തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പലപ്പോഴും അര്‍ഹരായവരെ തള്ളി നേതാക്കളും ഗ്രൂപ്പു മാനേജര്‍മാരും നല്‍കുന്ന പട്ടിക അംഗീകരിക്കുന്ന പതിവുണ്ട്.

ഈ പതിവിന് മാറ്റം വരുത്തുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. അതിനിടെ സര്‍വേ വേണ്ടെന്നും മത്സരിക്കാതെ ഇരിക്കേണ്ട നേതാക്കളുടെ ലിസ്റ്റ് തരാമെന്നുമാണ് പല കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാ്കുന്നത്. പല നേതാക്കളുടെയും പേരുകളും ഇതിനകം ബ്ലാക്ക് ലിസ്റ്റിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, മുന്‍കേന്ദ്രമന്ത്രി കെവി തോമസ്, മുന്‍ എംപി പീതാംബരകുറുപ്പ്, പിസി ചാക്കോ, കെപി ധനപാലന്‍ തുടങ്ങിയവരുടെ പേര് ഇതിനകം ലിസ്റ്റില്‍ പ്രവര്‍ത്തകര്‍ നല്‍കി കഴിഞ്ഞു. ഇടുക്കി ജില്ലയിലെ പല മുന്‍ ഡിസിസി പ്രസിഡന്റുമാരും ഈ ലിസ്റ്റില്‍ ഇതിനകം കയറിയിട്ടുണ്ട്.

റോയി കെ പൗലോസ്, ജോയി തോമസ്, ഇഎം ആഗസ്തി എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധമേറെയും. ഇവരൊക്കെ ഇപ്പോഴെ മത്സരിക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

എന്നാല്‍ ഇവര്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ പറയുന്നത്. കഴിയുമെങ്കില്‍ ഈ നേതാക്കളെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ജില്ലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന പ്രവര്‍ത്തകരുമുണ്ട്.

കോട്ടയത്ത് സീറ്റ് കിട്ടുമെന്ന ലക്ഷ്യത്തോടെ കെസി ജോസഫ് ഇക്കുറിയും സജീവമാണ്. എന്നാല്‍ ഇരിക്കൂരില്‍ വേണ്ടാത്ത നേതാവിനെ ചങ്ങനാശേരിയിലേക്ക് എന്തിനുകൊണ്ടുവരുന്നുവെന്ന ചോദ്യമാണ് കോട്ടയത്തെ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. പത്തനംതിട്ടയിലെ ചില നേതാക്കള്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്.

തിരുവനന്തപുരത്തെ പതിവു മുഖങ്ങള്‍ ഇക്കുറി മാറണമെന്ന് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ പറയുന്നുണ്ടെങ്കിലും അതിനു സാധ്യതയില്ല. ജയസാധ്യതയില്ലാത്ത പല നേതാക്കളും ഇപ്പോഴേ മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു.

ഈ നേതാക്കളില്‍ പലരും തോല്‍ക്കുമെന്നു ഉറപ്പാണെങ്കിലും ഇവര്‍ക്ക് സീറ്റ് ഉറപ്പാക്കുന്നത് ഗ്രൂപ്പുമാനേജര്‍മാര്‍ വഴിയാണ്. ഹൈക്കമാന്‍ഡിന്റെ സര്‍വേ വന്നാല്‍ അതു മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Advertisment