Advertisment

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്തതും അപ്രതീക്ഷിതവുമായ പരാജയത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുമെന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി; മാധ്യമങ്ങളിലുടെയും സമൂഹമാധ്യമങ്ങളിലൂടെയും പാര്‍ട്ടിക്കും നേതാക്കള്‍ക്കും അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം; കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന ബി.ജെ.പി.യുടെ ലക്ഷ്യത്തെ സഹായിക്കാന്‍ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ നേതൃത്വത്തില്‍ ബി.ജെ.പി.യുമായി വോട്ടുക്കച്ചവടം നടത്തിയെന്നും വിലയിരുത്തല്‍

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്തതും അപ്രതീക്ഷിതവുമായ പരാജയത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുമെന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി. പരാജയത്തില്‍ ദുഃഖിക്കുന്ന ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളുടെയും വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നുവെന്ന് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു.

പരാജയ കാരണങ്ങളെക്കുറിച്ച് യോഗം പ്രാഥമികമായ ചര്‍ച്ച നടത്തി. മണ്ഡലം-ബ്ലോക്ക്-ജില്ല-സംസ്ഥാന തലങ്ങളില്‍ വിശദമായ ചര്‍ച്ചയും പഠനവും നടത്തി ഫലപ്രദമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ നിന്നും, എല്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

യു.ഡി.എഫിന് വോട്ട് നല്‍കി സഹായിച്ച 81 ലക്ഷത്തിലധികം ജനാധിപത്യ മതേതരത്വ വിശ്വാസികളോട് യോഗം നന്ദി രേഖപ്പെടുത്തി. പാര്‍ട്ടിയുടെ എല്ലാ തലത്തിലുള്ള സംവിധാനത്തില്‍ ഉണ്ടായ ദുര്‍ബലാവസ്ഥ പരിഹരിക്കാനും എല്ലാ വിഭാഗിയ താല്‍പര്യങ്ങള്‍ക്കും ഉപരിയായി സംഘടനയെ നവീകരിക്കുന്നതിനും പാര്‍ട്ടി സംഘടനയെ അടിമുടി ഉടച്ചു വാര്‍ക്കുന്നതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. സംഘടനാപരമായ പാളിച്ചകള്‍, മുന്നൊരുക്കത്തിലെ അപാകതകള്‍, പ്രചരണത്തിലെ ന്യൂനതകള്‍ എല്ലാം പരിശോധിക്കും.

കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന ബി.ജെ.പി.യുടെ ലക്ഷ്യത്തെ സഹായിക്കാന്‍ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ നേതൃത്വത്തില്‍ ബി.ജെ.പി.യുമായി വോട്ടക്കച്ചവടം നടന്നെന്ന് യോഗം ആരോപിച്ചു. ഇത് ജനമധ്യത്തില്‍ തുറന്നു കാണിക്കാന്‍ യോഗം തീരുമാനിച്ചു. അതിന് മുന്‍കൈ എടുത്തത് ആര്‍.എസ്.എസ് ആണെന്നത് മതേതര വിശ്വാസികളെ ഞെട്ടിക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ബി.ജെ.പി.യ്ക്ക് വിജയസാധ്യത ഉണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങളിലും അവരുടെ വിജയസാധ്യതകളെ തടുത്തു നിര്‍ത്തിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ്. മഹാപ്രളയവും, മഹാമാരിയും സര്‍ക്കാരിനെതിരായ വിഷയങ്ങളെ സമരപഥത്തിലെത്തിക്കുന്നതിന് പ്രതിപക്ഷത്തിന് തടസ്സമായിട്ടുണ്ട്.

പരാജയ കാരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ച ശേഷം പാര്‍ട്ടി സംവിധാനങ്ങളെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുന്നതാണ്. 1967 ല്‍ 9 സീറ്റുകളില്‍ ഒതുങ്ങി പരാജയത്തില്‍ പതിച്ച പാര്‍ട്ടിയെ യുവശക്തിയുടെ മുന്നേറ്റത്തിലൂടെ കേരളത്തില്‍ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ചരിത്രം യോഗം അനുസ്മരിച്ചു.

സംഘടന സംവിധാനത്തെ നവീകരിച്ചുകൊണ്ട് യുവശക്തിയേയും പരിചയസമ്പന്നരായ പ്രവര്‍ത്തകരേയും സമന്വയിപ്പിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യമുണര്‍ത്തി മുന്നോട്ടു പോകുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച അവലോകനവും തുടര്‍ നടപടികളും തീരുമാനിക്കുന്നതിനായി വീണ്ടും രാഷ്ട്രീയ കാര്യസമിതിയുടെ യോഗം മെയ് 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേരുവാന്‍ തീരുമാനിച്ചു.

മാധ്യമങ്ങളിലുടെയും സമൂഹമാധ്യമങ്ങളിലൂടെയും പാര്‍ട്ടിക്കും നേതാക്കള്‍ക്കും അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.

കോവിഡിന്റെ അതിതീവ്ര വ്യാപനവും അനുബന്ധ പ്രശ്‌നങ്ങളും മൂലം അതീവഗുരുതരമായ സ്ഥിതി വിശേഷത്തിലേക്ക് നമ്മുടെ രാജ്യവും സംസ്ഥാനവും കടന്നുപോവുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കെ.പി.സി.സി പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് കമ്മിറ്റികളോടും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക്, ബെഡ്ഡിന്റെയും ഓക്‌സിജന്റേയും ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

രാജ്യത്ത് കോവിഡ് മഹാമാരി വന്നു 1 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് മോദി ഭരണകൂടം സ്വീകരിച്ചതെന്നും യഥാസമയങ്ങളില്‍ രാഹുല്‍ഗാന്ധി നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ തിക്തഫലമാണ് ഇന്നു രാജ്യം അനുഭവിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രാണവായു കിട്ടാതെ ആളുകള്‍ തെരുവില്‍ മരിച്ചുവീഴുന്നതും, ഉറ്റവരുടെ ശവസംസ്‌കാരത്തിനു പോലും കൈക്കൂലി കൊടുക്കേണ്ട ഗതികേടിന്റെയും സങ്കടങ്ങളുടേയും ഹൃദയഭേദകമായ കാഴ്ചകളാണ് രാജ്യത്തുടനീളം കാണുവാന്‍ കഴിയുന്നത്.

രാജ്യത്ത് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുവാന്‍, ചികിത്സ ഉറപ്പുവരുത്താന്‍, വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കുവാന്‍ സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment