Advertisment

ഐക്യം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ജില്ലാ അതിര്‍ത്തിയായ ഏനാത്ത് പാലം കഴിഞ്ഞതും പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ അടിപൊട്ടി ! കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നു. കോന്നിയില്‍ മത്സരിക്കാനുള്ള മോഹന്‍രാജിന്റെ നീക്കത്തിന് തടയിട്ട് ഐ ഗ്രൂപ്പ്. റോബിന്‍ പീറ്ററെ മത്സരിപ്പിക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കം അംഗീകരിക്കില്ലെന്ന് എ ഗ്രൂപ്പും. അടൂര്‍ പ്രകാശിനെതിരെ എഐസിസിക്ക് പരാതി നല്‍കി എ ഗ്രൂപ്പ്. പരാതിക്കാരെ പൊതുമധ്യത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് ഐ ഗ്രൂപ്പും. തെരഞ്ഞെടുപ്പിന് മുമ്പേ തമ്മിലടി തുടങ്ങുന്ന കോണ്‍ഗ്രസ് മാതൃകയ്ക്ക് കോന്നിയില്‍ തുടക്കം !

New Update

publive-image

Advertisment

പത്തനംതിട്ട: ഐക്യം ഊട്ടി ഉറപ്പിച്ച് സ്വീകരണം ഏറ്റുവാങ്ങി ഐശ്വര്യ കേരളാ യാത്രാ നായകന്‍ രമേശ് ചെന്നിത്തല ജില്ലാ അതിര്‍ത്തിയായ ഏനാത്തു പാലം കടന്നപ്പോഴേക്കും കടന്നപ്പോഴേക്കും ഗ്രൂപ്പ് വിഴുപ്പലക്കല്‍ സജീവമാക്കി പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലേതുപോലെ കോന്നി മണ്ഡലമാണ് ഇപ്പോള്‍ വിവാദത്തിലേക്ക് വന്നിട്ടുള്ളത്.

കോന്നിയില്‍ റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ഥിയായേക്കും എന്ന അടൂര്‍ പ്രകാശ് എംപിയുടെ പ്രസ്താവനക്ക് എതിരെ ഡിസിസി ഭാരവാഹികളും എ വിഭാഗം നേതാക്കളുമായ സാമുവേല്‍ കിഴക്കുപുറവും എം എസ് പ്രകാശുമാണ് എഐസിസിക്ക് പരാതി നല്‍കിയ ശേഷം പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത്.

അടൂര്‍ പ്രകാശ് രാജിവെച്ച ഒഴിവില്‍ റോബിന്‍ പീറ്ററെ പരിഗണിക്കണമെന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുകയും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ പി മോഹന്‍രാജിന്റെ പരാജയം വരെ ചെന്നെത്തുകയും ചെയ്തു.

കോന്നി ഉപതെരഞ്ഞെടുപ്പില്‍ മോഹന്‍ രാജിനെ തോല്‍പ്പിക്കാന്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും ശ്രമിച്ചെന്നും അടുത്തിടെ നടന്ന ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പില്‍ മലയാലപ്പുഴ ഡിവിഷനില്‍ തന്നെ തോല്‍പ്പിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നും സാമുവേല്‍ കിഴക്കുപുറം ആരോപിക്കുന്നു.

ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം റോബിന് ലഭിച്ചത് സ്വന്തം ഇമേജ് കൊണ്ടല്ലെന്നും എ വിഭാഗം പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനിലാണ് റോബിന്‍ വിജയിച്ചത്.

ഇപ്പോള്‍ കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി എഐസിസിയും കെപിസിസിയും നടത്തുന്ന സര്‍വേയിലും റോബിന്‍ മുന്നിലാണെന്നാണ് സൂചന. ഇതും എ ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിക്കുന്നുണ്ട്.

എ വിഭാഗക്കാരുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെ അടൂര്‍ പ്രകാശിനെ ന്യായീകരിച്ചു ഡിസിസി വൈസ് പ്രസിഡന്റും ഐ വിഭാഗം നേതാവുമായ വെട്ടൂര്‍ ജ്യോതി പ്രകാശ് രംഗത്ത് വന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അടൂര്‍ പ്രകാശ് മറുപടി പറയുക മാത്രമാണ് ഉണ്ടായതെന്നും സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് നേതൃത്വം ആണെന്നുമായിരുന്നു ജ്യോതി പ്രകാശിന്റെ വിശദീകരണം.

എന്നാല്‍ ഇതിനെ വളച്ചൊടിക്കുകയും പൊതുജന മധ്യത്തില്‍ പാര്‍ട്ടിയെ കളങ്കപ്പെടുത്തുകയുമാണ് എ വിഭാഗം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാരെ പാര്‍ട്ടി അണികള്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ ചെന്നെത്തുമെന്നാണ് ജ്യോതി പ്രസാദ് പറയുന്നത്.

സംഭവങ്ങളില്‍ ഇരുവിഭാഗവും നടപടി ആവശ്യപ്പെടുന്നുമുണ്ട്. കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയവും ജയവും ഇക്കുറിയും കോണ്‍ഗ്രസിന് എളുപ്പമാകില്ല എന്നാണ് ഈ ജില്ലാ നേതാക്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

Advertisment