Advertisment

രാഹുല്‍ ഗാന്ധി തിരികെയെത്തില്ലെന്നുറപ്പായതോടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് പകരക്കാരനെ തേടി തിരക്കിട്ട ചര്‍ച്ചകള്‍. പരിഗണനയിലുള്ളത് 7 പേരുകള്‍ ! ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ കയറിക്കൂടി 2 മലയാളി നേതാക്കളും ? പരിഗണനാ ലിറ്റ് ഇങ്ങനെ !

New Update

publive-image

Advertisment

ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി ഒരു വര്‍ഷം പിന്നിടുകയും രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

പുതിയ പ്രസിഡന്‍റ് ഗാന്ധി കുടുംബത്തില്‍നിന്നാകരുതെന്ന നിലപാടില്‍ സോണിയയും രാഹുലും പ്രയങ്കയും ഉറച്ചു നില്‍ക്കുകയാണ്.

പ്രസിഡന്‍റ് പദവി ഏറ്റെടുക്കാനുള്ള എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് രാഹുല്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. സോണിയാ ഗാന്ധിക്ക് ഇനിയും അധ്യക്ഷ പദവിയില്‍ തുടരുന്നതിന് ആരോഗ്യപരമായ അസൗകര്യങ്ങളുണ്ട്.

പകരം പ്രിയങ്കാ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷയാക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തെയെങ്കിലും അത്തരം ഉപജാപകര്‍ക്ക് വിലങ്ങിടാനാണ് ഗാന്ധി കുടുംബത്തില്‍നിന്നാരും വേണ്ടെന്ന നിലപാടിലേയ്ക്ക് ഹൈക്കമാന്‍റെത്തിയത്.

ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാളെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് നേതൃതലത്തില്‍ നടക്കുന്നത്.

അതേസമയം ഗാന്ധി കുടുംബത്തോട് വിധേയത്വവും വിശ്വസ്തതയും പുലര്‍ത്തുന്ന ആളായിരിക്കണം പുതിയ അധ്യക്ഷന്‍ എന്ന കാര്യത്തിലും നിര്‍ബന്ധമുണ്ട്. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഭാവിയിലും ഗാന്ധി കുടുബത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ഉറപ്പിക്കാനാണിത്.

നിലവില്‍ 7 പേരുകളാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രി ‍ഡോ. മന്‍മോഹന്‍സിംഗ്, മല്ലികാര്‍ജുന ഖാര്‍ഗെ, കമല്‍നാഥ്, അശോക് ഗെലോട്ട്, എകെ ആന്‍റണി, കെസി വേണുഗോപാല്‍, മനീഷ് തിവാരി എന്നീ പേരുകളാണ് സജീവ ചര്‍ച്ചയില്‍.

യുവത്വവും രാഹുലിന്‍റെ നോമിനേഷനുമാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ നിലവിലെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പേരിനായിരിക്കും മുന്‍ഗണന. ഈ പരിഗണന മനീഷ് തിവാരിയ്ക്കും ലഭിച്ചേക്കും.

അതേസമയം സീനിയോരിറ്റിയും  വിശ്വസ്തതയുമാണ് പരിഗണിക്കുന്നതെങ്കില്‍ ഡോ. മന്‍മോഹന്‍സിംഗ്, ഏകെ ആന്‍റണി, കമല്‍നാഥ്, അശോക് ഗെലോട്ട്, മല്ലികാര്‍ജുന ഖാര്‍ഗെ എന്നീ പേരുകള്‍ പരിഗണിക്കും.

1. കെസി വേണുഗോപാല്‍ - (57)

publive-image

ചടുലമായ രാഷ്ട്രീയ നീക്കങ്ങളില്‍ സമര്‍ത്ഥനെന്ന് തെളിയിച്ചുകഴിഞ്ഞു. കെഎസ്‌യു അധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് അധ്യകഷന്‍, എംഎല്‍എ, എംപി, സംസ്ഥാന മന്ത്രി, കേന്ത്ര മന്ത്രി, ഇപ്പോള്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ മികവ് തെളിയിച്ച വ്യക്തിത്വം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍. പ്രായം, സാമുദായിക പരിഗണനകള്‍ എന്നിവ അനുകൂലം.

2. മനീഷ് തിവാരി - (55)

publive-image

എൻഎസ്‌യു,  ഇന്ത്യൻ യൂത്ത് കോൺഗ്രസ് എന്നിവയുടെ അധ്യക്ഷ സ്ഥാനത്ത് തിളങ്ങിയ ചുരുക്കം നേതാക്കളിലൊരാൾ. എംപിയും കേന്ദ്രമന്ത്രിയും. കോൺഗ്രസിലെ മുതിർന്ന മുതിർന്ന തലമുറയ്ക്കും ഇളം തലമുറയ്ക്കും സ്വീകാര്യനാണ് പഞ്ചാബിൽനിന്നുള്ള ഈ ജനകീയ നേതാവ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ - സോണിയയ്ക്കും സമ്മതൻ.

3. ഡോ. മാന്‍മോഹന്‍ സിംഗ് - (88)

publive-image

രാജ്യത്ത് ഇപ്പോഴും ഏറ്റവും സ്വീകാര്യതയുള്ള നേതാവ്. 2 തവണ പ്രധാനമന്ത്രിയായ ഇദ്ദേഹം പാര്‍ട്ടി അധ്യക്ഷനായാല്‍ കഴിഞ്ഞ 2 ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍ തകര്‍ന്നുനില്‍ക്കുന്ന പാര്‍ട്ടിക്ക് അന്തര്‍ദേശീയ തലത്തില്‍ വീണ്ടും പ്രസക്തി വര്‍ധിക്കും.

സാമ്പത്തിക തകര്‍ച്ചയുടെ കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രതികരണങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും പ്രാധാന്യം ലഭിക്കുന്നതിനിടയാക്കും. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്‍. രാഹുലിനും സ്വീകാര്യന്‍. ദേശീയ രാഷ്ട്രീയത്തില്‍ സര്‍വ്വസമ്മതനും ആദരണീയനും.

4. എകെ ആന്‍റണി - (80)

publive-image

ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള നേതാവായിരുന്നില്ലെങ്കില്‍ ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എകെ ആന്‍റണിയല്ലാതെ മറ്റൊരാളെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കില്ലായിരുന്നു. സോണിയാ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തന്‍. ഒട്ടും താല്‍പര്യം ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി എതിര്‍ക്കില്ല. വര്‍ഗീയത ചര്‍ച്ചചെയ്യപ്പെടുന്ന സമകാല രാഷ്ട്രീയത്തില്‍ ജാതിസമവാക്യം ആന്‍റണിക്ക് എതിരാണ്.

5. മല്ലികാര്‍ജുന ഖാര്‍ഗെ - (78)

publive-image

കര്‍ണാടകയില്‍നിന്നുള്ള പിന്നോക്കക്കാരനായ ഈ നേതാവ് രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍കൂടിയാണ്. കര്‍ണാടക പിസിസി അധ്യക്ഷനും നിയമസഭയിലെ പ്രതിപക്ഷ നേതവുമായിരുന്നു.

ഒന്നാം മോഡി സര്‍ക്കാരിന്‍റെ കാലത്ത് ലോക് സഭയിലെ പ്രതിപക്ഷനിരയുടെ നായകനായിരുന്നു. മുന്‍ കേന്ദ്രമന്ത്രികൂടിയായ ഖാര്‍ഗെയുടെ പദവി പിന്നോക്കക്കാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം മെച്ചപ്പെടുത്തും എന്നാണ് ഹൈക്കമാന്‍റിന്‍റെ 'ധാരണ'. എന്നാല്‍ ഒട്ടും ജനകീയനല്ലെന്നതാണ് ഗാര്‍ഖെയുടെ പ്രതികൂല ഘടകം.

6. കമല്‍നാഥ് - (74)

publive-image

മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്‍. ഖാര്‍ഗെയെപ്പോലെ രാജ്യത്തെ ധനികരായ നേതാക്കളിലൊരാള്‍. ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നത് കമല്‍നാഥിന് ഗുണം ചെയ്യാം.

7. അശോഗ് ഗെലോട്ട് - (69)

publive-image

സച്ചിന്‍ പൈലറ്റ് വിമത നീക്കവുമായി രംഗത്തുവന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ രാജസ്ഥാനില്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് എഐസിസി അധ്യക്ഷനാകാനുള്ള സാധ്യത ഏറെയായിരുന്നു. ഗെലോട്ടിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി നിയമിച്ച് പകരം സച്ചിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആലോചന.

എന്നാല്‍ ഇനി ഉടനെതന്നെ സച്ചിനെ മുഖ്യമന്ത്രിയായി കൊണ്ടുവരുന്നത് സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ ബുദ്ധിമുട്ടാകും. എങ്കിലും പ്രസിഡന്‍റ് സ്ഥാനത്ത് പാര്‍ട്ടി സജീവമായി ഈ ജനപ്രിയ നേതാവിന്‍റെ പേരും പരിഗണിക്കുന്നുണ്ട്.

congress
Advertisment