Advertisment

താരിഖ് അന്‍വറിന് മുന്നില്‍ മുല്ലപ്പള്ളിക്കെതിരായ പരാതികളുടെ കെട്ടഴിച്ച് നേതാക്കള്‍ ! സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്ന് നേതാക്കളുടെ ആവശ്യം. സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വി.ഡി സതീശന്‍. ഗ്രൂപ്പ് വീതം വെക്കല്‍ തിരിച്ചടിക്ക് കാരണമായെന്ന് അടൂര്‍ പ്രകാശ്. ജില്ലാ നേതൃത്വത്തിനും വീഴ്ചയില്‍ തുല്യപങ്കെന്ന് കെസി ജോസഫ്. ഏഴു ഡിസിസികള്‍ പിരിച്ചു വിടണമെന്ന് ടിഎന്‍ പ്രതാപന്‍. മുല്ലപ്പള്ളിക്കെതിരായ പരാതികള്‍ കേട്ട് തലമരച്ച് താരിഖ് അന്‍വറും !

New Update

publive-image

Advertisment

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും പഠിക്കാനെത്തിയ താരിഖ അന്‍വറിനുമുന്നില്‍ പരാതിയുടെ കെട്ടഴിച്ച് നേതാക്കള്‍. ഇന്നു രാവിലെ രാഷ്ട്രീയകാര്യ സമിതി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂട്ടപ്പരാതിയുയര്‍ന്നത്. നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്കാണ് താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തിയത്.

താരിഖ് അന്‍വറിനെ കണ്ട നേതാക്കള്‍ നേതൃത്വത്തെപ്പറ്റി വലിയ പരാതിയാണ് ഉന്നയിച്ചത്. ഗ്രൂപ്പ് വീതം വെക്കല്‍ തിരിച്ചടിക്ക് കാരണമായെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ജില്ലാ നേതൃത്വങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ.സി ജോസഫും അടൂര്‍ പ്രകാശും ചൂണ്ടിക്കാട്ടി.

സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉള്‍പ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ ഉടന്‍ മാറ്റണമെന്നു ടി.എന്‍ പ്രതാപനും ആവശ്യപ്പെട്ടു. അതേസമയം സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന ഗൗരമായ വീഴ്ച വി.ഡി സതീശന്‍ താരിഖ് അന്‍വറിന് മുന്നില്‍ ഉന്നയിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വ്യക്തിപരമായതടക്കം നിരവധി ആരോപണങ്ങളാണ് ഹൈക്കമാന്‍ഡ് പ്രതിനിധിക്ക് മുന്നില്‍ വന്നത്. ഫോണെടുക്കില്ല, നേതാക്കളോടു പോലുമുള്ള മോശമായ പെരുമാറ്റം, ശരീരഭാഷ എന്നതടക്കമുള്ള വിമര്‍ശനവും ഉയര്‍ന്നു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകണമെന്നും ഉമ്മന്‍ചാണ്ടി പാര്‍ട്ടിയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ നേതാക്കള്‍ താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം നേതാക്കള്‍ ഒറ്റക്കൊറ്റയ്ക്ക് കണ്ട് എഐസിസി ജനറല്‍ സെക്രട്ടറിയോട് പറഞ്ഞ വിമര്‍ശനങ്ങള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്നാണ് ഇന്നു കണ്ട പല നേതാക്കളും ഉന്നയിച്ച പ്രധാന ആവശ്യം.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പരസ്യ വാക്‌പോരും, നേതാക്കള്‍ക്കെതിരെ വ്യാപകമായി പോസ്റ്ററുകളുയര്‍ന്നതും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പടെ വ്യാപകമായ പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തിയതും ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്.

അതേസമയം നേതൃമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ന്നേക്കും.

Advertisment