Advertisment

കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം അനുഭവിക്കേണ്ടി വരും, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

New Update

ജനീവ: ലക്ഷക്കണക്കിന് ജീവന്‍ അപഹരിച്ച് ലോകത്ത് സംഹാര താണ്ഡവമാടുന്ന കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം അനുഭവിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ടത്. ലോകത്താകമാനം ഇതുവരെ 675000ത്തോളം ജീവന്‍ അപഹരിക്കുകയും 17.3 മില്യന്‍ പേരെ രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

കൊവിഡ് 19 പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത് നാലാം തവണയാണ് 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര സമിതി യോഗം ചേരുന്നത് .

ആറ് മാസം മുമ്പ് പൊതു ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ യോഗം ചേരുമ്പോള്‍ ചൈനയ്ക്ക് പുറത്ത് 100ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്നും മരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.

നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണിത്. ദശാബ്ദങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ സമയം വൈകിയാണ് ഡബ്ല്യൂഎച്ച്ഒ ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വിവിധ കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്. എത്രയും പെട്ടെന്നു വാക്‌സിന്‍ വികസിപ്പിക്കുന്നതു മാത്രമാണു കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നു ടെഡ്രോസ് പറഞ്ഞു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വൈറസിനെ ചെറുക്കാന്‍ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.

covid 19 corona virus
Advertisment