Advertisment

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുളള പെൺകുട്ടി നിരാഹാരത്തിൽ, വീട് ആക്രമിച്ച പ്രതികൾക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളെന്ന് ആരോപണം

New Update

പത്തനംതിട്ട : കൊറോണ നിരീക്ഷണത്തിൽ കഴിയവെ വീട് ആക്രമിച്ച സിപിഎമ്മുകാരായ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ പെൺകുട്ടിയുടെ നിരാഹാരം. പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലുളള പെൺകുട്ടിയാണ് പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുളള വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങിയത്.

Advertisment

publive-image

വീട് ആക്രമിച്ച കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. തണ്ണിത്തോട് സ്വദേശികളായ നവീൻ, ജിൻസൻ, സനൽ എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ, മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവർക്ക് ജാമ്യം ലഭിച്ചിരുന്നു.

പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകളാണെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി ഗൗരവമായി എടുക്കാതെ ചില മാറ്റങ്ങള്‍ വരുത്തിയാണ് രേഖപ്പെടുത്തിയതെന്നും പെണ്‍കുട്ടിയും കുടുംബവും ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സിപിഎം പ്രവർത്തകർ വീട് ആക്രമിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട ആറ് പ്രതികളെയും അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തിരുന്നു. സംഭവം പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും മനുഷ്യത്വരഹിതമായ പ്രവർത്തിയായത് കൊണ്ടാണ് പാർട്ടി നടപടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും വിശദമാക്കിയിരുന്നു.

കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ക്വാറന്‍റൈനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്യുകയും പിന്നാലെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്.

Advertisment