Advertisment

കൊറോണ വൈറസ് ഇന്ത്യയില്‍ കഴിഞ്ഞ നവംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഗവേഷകര്‍

New Update

publive-image

Advertisment

ഹൈദരാബാദ്: ചൈനയിലെ വുഹാനില്‍നിന്ന് വ്യാപിച്ച കൊറോണ വൈറസിന്റെ വിഭാഗത്തിന്റെ പൂര്‍വ്വികന്‍ 2019 നവംബര്‍ മുതല്‍ രാജ്യത്തുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. വുഹാനിലെ വൈറസിന്റെ പൊതു പൂര്‍വികന്‍ (എംആര്‍സിഎ- മോസ്റ്റ് റീസന്റ് കോമണ്‍ ആന്‍സെസ്റ്റേഴ്‌സ്) 2019 നവംബര്‍ മുതല്‍ തന്നെ വൈറസ് വ്യാപനത്തിലായിരിക്കാമെന്നാണു കണക്കാക്കുന്നത്.

കണ്ടെത്തല്‍ പ്രകാരം വുഹാനില്‍നിന്നുള്ള നോവല്‍ കൊറോണ വൈറസ് കുടുംബത്തിലെ പൂര്‍വികന്‍ 2019 ഡിസംബര്‍ 11 മുതല്‍ രോഗം പരത്തുന്നതു തുടങ്ങിയിരുന്നു. 'ടൈം ടു മോസ്റ്റ് റീസന്റ് കോമണ്‍ ആന്‍സെസ്റ്റേഴ്‌സ്' രീതി വച്ചിട്ടാണു കണ്ടെത്തല്‍.

നവംബര്‍ 26-നും ഡിസംബര്‍ 25-നും ഇടയില്‍ തെലങ്കാനയിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ അക്കാലത്ത് വലിയ തോതിലുള്ള കൊറോണ വൈറസ് പരിശോധനകള്‍ നടന്നിട്ടില്ലാത്തതിനാല്‍ തന്നെ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ വഴിയാണോ ഇത് ഇന്ത്യയിലെത്തിയത് എന്ന കാര്യം വ്യക്തമല്ല.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി (സിസിഎംബി) ശാസ്ത്രജ്ഞരാണ് മറ്റു ഗവേഷകരോടൊപ്പം ചേര്‍ന്ന് ഇക്കാര്യത്തില്‍ പഠനം നടത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഡല്‍ഹി), അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ച് (ഗാസിയാബാദ്) എന്നിവിടങ്ങളിലെ വിദഗ്ധരും ഗവേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ വൈറസിന്റെ വര്‍ഗം വുഹാനിലെ പൂര്‍വികരുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഹൈദരാബാദില്‍ തിരിച്ചറിഞ്ഞ വൈറസ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്താണ് ഉത്ഭവിച്ചതെന്നാണ് കരുതുന്നത്. ഈ വിഭാഗത്തിലുള്ള വൈറസ് ഏത് രാജ്യത്താണ് ഉത്ഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിസിഎംബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു.

Advertisment