Advertisment

വിവാഹ നിശ്ചയം, മതചടങ്ങുകൾ, കണ്ണൂരിലേക്കുളള യാത്ര ; കൊറോണയെ തുടർന്ന് മരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് ഇങ്ങനെ

New Update

മാഹി : കൊറോണയെ തുടർന്ന് മരണമടഞ്ഞ മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് ഇടപഴകിയത് ഇരുന്നൂറിലേറെ പേരുമായിട്ടെന്ന് വിവരം. മാഹി സ്വദേശിയായ ഇദ്ദേഹം കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് ജില്ല കലക്ടർ നേരത്തെ അറിയിച്ചിരുന്നു.

Advertisment

publive-image

മതചടങ്ങുകൾക്കായി പളളിയിൽ പോകൽ, വിവാഹ നിശ്ചയ ചടങ്ങ് എന്നിങ്ങനെ വലിയ രീതിയിൽ ആളുകൾ പങ്കെടുത്ത നിരവധി പരിപാടികളിൽ മെഹ്റൂഫ് പങ്കെടുത്തതായിട്ടാണ് വിവരം. ഇദ്ദേഹത്തിന് ആരിൽ നിന്നാണ് കൊറോണ ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതും വെല്ലുവിളിയാണ്. ഇദ്ദേഹവുമായി നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവപരിശോധന നടത്തിയെങ്കിലും ആരിലും രോ​ഗം കണ്ടെത്തിയിരുന്നില്ല.

2020 മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും മെഹ്റൂഫ് പങ്കെടുത്തിരുന്നു. മാർച്ച് 18ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്‍റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്.

വിവാഹ നിശ്ചയ ചടങ്ങില്‍ വധൂവരന്‍മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയിലെ പ്രാർഥനയിലും പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള അമ്മാവന്‍റെ മക്കളിലൊരാള്‍ ഇദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു 71 കാരനായ മെഹ്റൂഫ്. മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്‍റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്‍ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30ന് വീണ്ടും മെഡിക്കല്‍ സെന്‍ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11ന് തലശ്ശേരി ടെലി മെഡിക്കല്‍ സെന്‍ററിലെത്തി ഐസിയുവില്‍ അഡ്മിറ്റായി.

അസുഖം മൂര്‍ച്ഛിച്ചതോടെ അന്നു വൈകീട്ട് നാലിന് തലശ്ശേരി കോ ഓപറേററീവ് ആശുപത്രിയിലെ ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റാവുകയും ഏപ്രില്‍ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയും ചെയ്തു. രോ​ഗം സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. അതീവ ​ഗുരുതരാവസ്ഥയിലായിരുന്ന മെഹ്റൂഫ് ശനിയാഴ്ച രാവിലെയോടെയാണ് മരിച്ചത്.

covid 19 corona virus corona death
Advertisment