Advertisment

രക്തത്തിലെ പഞ്ചസാര പെട്ടെന്ന് താഴ്ന്ന് പോവുകയാണെങ്കില്‍ കഴിക്കാനായി മധുരമുള്ള മിഠായിയോ ജ്യൂസോ കരുതി വയ്ക്കണം; പ്രമേഹ രോഗികള്‍ക്ക് കോവിഡ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

New Update

കോവിഡ് വരാനും വന്നു കഴിഞ്ഞാല്‍ രോഗതീവ്രത കൂടാനും സാധ്യത കൂടുതലുള്ളവരാണ് പ്രമേഹ രോഗികള്‍. കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ നിലവിലെ പ്രമേഹ രോഗികളായ നാലില്‍ മൂന്നു പേര്‍ക്കും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വന്‍ വ്യതിയാനം സംഭവിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

publive-image

ബീറ്റ്ഒ എന്ന ഡയബറ്റീസ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം 800 പ്രമേഹ രോഗികളില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇവര്‍ കോവിഡ് പോസിറ്റീവായതിന് ശേഷം മൂന്നു മാസത്തേക്കാണ് പഠനം നടത്തിയത്. കോവിഡ് പോസിറ്റീവായ ശേഷം ആദ്യ മാസം 28 ശതമാനവും രണ്ടാം മാസം 17 ശതമാനവും മൂന്നാം മാസം 11 ശതമാനവും വര്‍ധന ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം പറയുന്നു.

62 ശതമാനം പേര്‍ക്കും ഭാരത്തില്‍ വ്യത്യാസമുണ്ടായി. 37 ശതമാനം പേരുടെ രക്ത സമ്മര്‍ദ തോതിലും വ്യതിയാനം കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ദുര്‍ബലത, ശരീര വേദന, ക്ഷീണം എന്നീ മൂന്ന് പ്രശ്‌നങ്ങളാണ് രോഗമുക്തി വേളയില്‍ ഇവരില്‍ പ്രധാനമായും ഉണ്ടായതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പ്രമേഹ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകള്‍ക്ക് സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ന്യുമോണിയയ്ക്കും ശ്വാസകോശ അണുബാധയ്ക്കും രോഗിക്ക് നല്‍കുന്ന സ്റ്റിറോയ്ഡ് മരുന്നുകളും രക്തത്തിലെ പഞ്ചസാരയുടെ നില താളം തെറ്റിക്കും.

അതിനാല്‍ കോവിഡ് ബാധിതരായ പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ ബ്ലഡ് ഗ്ലൂക്കോസ് പരിശോധിക്കേണ്ടതാണ്. ഇന്‍സുലിന്‍, സള്‍ഫോണിലൂറിയസ് തുടങ്ങിയ മരുന്നുകള്‍ എടുക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും.

ദാഹക്കൂടുതല്‍, മനംമറിച്ചില്‍, വയര്‍വേദന, അതിയായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കീറ്റോണ്‍ തോത് പരിശോധിക്കേണ്ടതാണ്. ഇവ ഡയബറ്റീസ് കീറ്റോഅസിഡോസിസ് ലക്ഷണമാകാം. ഉടന്‍ തന്നെ ഡോക്ടറെയും കാണേണ്ടതാണ്.

അണുബാധ സമയത്ത് രക്തത്തിലെ പഞ്ചസാര ഉയരുമെന്നതിനാല്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ക്വാറന്റീനില്‍ പോകും മുന്‍പ് പ്രമേഹ മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പിക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ ഉപവാസമനുഷ്ഠിക്കാന്‍ പാടില്ല. മാത്രമല്ല നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ഒരു വേള രക്തത്തിലെ പഞ്ചസാര പെട്ടെന്ന് താഴ്ന്ന് പോവുകയാണെങ്കില്‍ കഴിക്കാനായി മധുരമുള്ള മിഠായിയോ ജ്യൂസോ കരുതി വയ്ക്കണം. നന്നായി ഉറങ്ങുകയും നിത്യവും വ്യായാമം, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ചെയ്യുകയും വേണം. രക്തത്തിലെ പഞ്ചസാര അനിയന്ത്രിതമായാല്‍ ഉടനെ ഡോക്ടറെ കാണാന്‍ മടിക്കരുത്.

പ്രമേഹമില്ലാത്തവരില്‍ പോലും പ്രമേഹത്തിന്റെ ആരംഭം കുറിക്കാന്‍ കോവിഡിന് സാധിക്കുമെന്ന് ചില ഗവേഷകര്‍ കരുതുന്നു. നിരന്തരം മൂത്രമൊഴിക്കാന്‍ മുട്ടല്‍, വര്‍ധിച്ച ദാഹം, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങളെ അതിനാല്‍ എല്ലാ കോവിഡ് രോഗികളും കരുതിയിരിക്കേണ്ടതാണ്.

ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി പ്രമേഹ സാധ്യത അറിയണം. ഉയര്‍ന്ന പ്രോട്ടീനുള്ള, സന്തുലിതമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, ആവശ്യത്തിന് വെള്ളം കുടി എന്നിവയെല്ലാം പ്രമേഹം വരാനുള്ള സാധ്യതകളെ ഒഴിവാക്കും.

covid 19 india
Advertisment