Advertisment

നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങും; ടോക്കൺ ബുക്കിംഗ് സംവിധാനം രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെ; ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ; സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്റിജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ല; ഇത് കർശനമായി നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രി

New Update

തിരുവനന്തപുരം: നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങും. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബവ്റിജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്. എന്നാൽ ഓൺലൈൻ വഴി മദ്യം വിറ്റ് വീട്ടിലെത്തിക്കുന്ന സംവിധാനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

Advertisment

മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്റിജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

publive-image

ഫെയർ കോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ടോക്കൺ വിതരണത്തിനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഇവരെ തെരഞ്ഞെടുത്തത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. 301 ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാർ ഹോട്ടലുകൾ വഴിയും (612 എണ്ണത്തിൽ 576 ബാർ ഹോട്ടലുകൾക്കാണ് അനുമതി), 360 ബിയർ - വൈൻ പാർലറുകൾ വഴിയും മദ്യവിൽപ്പന നടത്തും. ശ്രദ്ധിക്കേണ്ടത്, ബാർ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. വാങ്ങിക്കൊണ്ട് പോകാനേ പാടുള്ളൂ. അതിന് പ്രത്യേക കൗണ്ടർ വേണം.

ഈ സംവിധാനം നടപ്പാക്കുമ്പോൾ, എസ്എംഎസ്, ക്ലൗഡിന്‍റെ വാടക, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് തുക കണ്ടെത്തണം. ഒരു കൺസ്യൂമർക്ക് 50 പൈസ വീതം എന്ന കണക്കിൽ ബവ്റിജസ് ഔട്ട്‍ലെറ്റുകളും ബിയർ, വൈൻ പാർലറുകളും, ബാർ ഹോട്ടലുകളും അടയ്ക്കണം. ഇത് ഉപഭോക്താവിന്‍റെ പക്കൽ നിന്ന് ഈടാക്കരുത്. ഈ പണം കൂടുതൽ ഈടാക്കുന്നതിനെയാണ് പ്രതിപക്ഷം കമ്പനിക്ക് പണം കൊടുക്കുന്നു എന്ന് പറഞ്ഞത്.

ഇത് കമ്പനിക്ക് കൊടുക്കുന്ന പണമല്ല. എസ്എംഎസ് സേവനത്തിനായി അടയ്ക്കാനുള്ള തുക, ഫെയർ കോഡ് ടെക്നോളജീസ് എന്ന കമ്പനി തന്നെ ആണ് അടയ്ക്കേണ്ടത്. അവരത് അടയ്ക്കും. ഒരു എസ്എംഎസിന് 15 പൈസയാണ് തുക. ആ പണം അവർ അടച്ച് കഴിഞ്ഞാൽ, അതിന് ശേഷം ബവ്റിജസ് തിരികെ കൊടുക്കും.

ബാറിന്‍റെ മുന്നിൽ ബവ്റിജസിന്‍റെ മുന്നിലോ ഒരു സമയം അഞ്ച് പേർ മാത്രമേ വരാൻ പാടുള്ളൂ. ആരോഗ്യവകുപ്പിന്‍റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് പിപിഇ കിറ്റുകളോടെയാകും മദ്യം വിതരണം ചെയ്യുക. മദ്യം രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ. ബുക്കിംഗ് രാവിലെ 6 മണി മുതൽ രാത്രി പത്ത് മണി വരെ. ഒരാൾക്ക് അഞ്ച് ദിവസത്തിലൊരിക്കലേ മദ്യം വാങ്ങാനാകൂ. 5 മണിക്ക് ക്യൂ അവസാനിപ്പിക്കും, ഔട്ട്‍ലെറ്റ് അടയ്ക്കും.

ബുക്കിംഗിൽ അനുമതി കിട്ടാത്ത ഒരാൾ പോലും ഔട്ട്‍ലെറ്റിന് മുന്നിലോ ബാറിന്‍റെ മുന്നിലോ വരാൻ പാടില്ല. ഇത് കർശനമായി വിലക്കിയിട്ടുണ്ടെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

tp ramakrishnan excise minister
Advertisment