Advertisment

കേരളം : കോവിഡിന് മുൻപും ശേഷവും..

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോവിഡിനെ അതി ജീവിക്കുന്നതിൽ കേരളം വിദഗ്ധ പങ്ക് വഹിച്ചു എന്നതാണ് പൊതുവെയുള്ള അഭിപ്രായം. ഇത് ഭരിക്കുന്ന സർക്കാരിന്റെ നേട്ടം എന്ന രീതിയിലല്ല കാണേണ്ടത്. മറിച് വളരെ വർഷങ്ങളായി കേരളം നേടിയ വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമൂഹ്യമായുമുള്ള വളർച്ചയുടെ പരിണത ഫലം കൂടിയാണ്. നിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ അത് അറിഞ്ഞുകൊണ്ട് സ്വീകരിക്കുന്ന ഒരു സമൂഹമാണ് കേരളത്തിന്റേത്.

Advertisment

publive-image

(ഡോ കെ. വി. ഫിലോമിന)

ഓരോ വ്യക്തിയും സ്വയം സന്നദ്ധ പ്രവർത്തകനായി, പൊലീസുകാരനായി, ഉത്തരവാദിത്വമുള്ള പൗരനായി മാറിയതുകൊണ്ടാണ് കോവിഡിനെ ചെറുക്കുന്നതിൽ കേരളം വിജയിച്ചത്. അല്ലാതെ ഒരു സർക്കാരിന്റെ നേട്ടമെന്ന് എടുത്തു പറയരുത്. ഇത്തരം പ്രചരണങ്ങൾ ഭരിക്കുന്ന സർക്കാർ അവരുടെ പബ്ലിക് റിലേഷന്റെ ഭാഗമായി പ്രചരിപ്പിച്ചോട്ടെ.

നമ്മൾ ചർച്ച ചെയ്യുന്നത് കോവിഡിന് മുൻപും കോവിഡിന് ശേഷവും ലോകത്തു അല്ലെങ്കിൽ നമ്മുടെ രാജ്യത്ത് അതുമല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം ആ മാറ്റത്തെ വളരെ വ്യക്തമായി പരിശോധിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വികസിത രാജ്യമായ അമേരിക്കയിൽ ഒരുമാസം കൊണ്ട് 20 ലക്ഷത്തിലധികം രോഗികളും 80, 0000 ലധികം മരണവുമുണ്ടായി. അമേരിക്കയിൽ ലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. സാമ്പത്തിക സഹായത്തിനു വേണ്ടി 25ലക്ഷത്തിലധികം ആൾക്കാരാണ് അപേക്ഷയുമായി സർക്കാരിന്റെ മുൻപിൽ വരുന്നത്. ലക്ഷക്കണക്കിന് കോടി ഡോളറിന്റെ പാക്കേജുകൾ പ്രഖ്യാപിച്ചു.

ആരോഗ്യ രംഗം തകർന്നു. ഒരു സാമ്പത്തിക ശക്തി എന്ന നിലയിൽ USA ദുർബലമായിക്കിണ്ടിരിക്കുകയാണ്. ഇതുതന്നെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും. വലിയ സമ്പന്ന രാജ്യങ്ങളിൽ കോവിഡ് സൃഷ്ടിച്ച ആഴത്തിലുള്ള പ്രതിസന്ധി ഇത്രമാത്രം രൂക്ഷമാണെങ്കിൽ 130 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ 3കോടിയിലധികം ജനങ്ങളുള്ള കേരളത്തെ ബാധിക്കുമെന്ന് നമ്മൾ കണ്ടറിയണം.

കേരളത്തിൽ മൂന്നു പേർ മാത്രമേ മരിച്ചിട്ടുള്ളു. എങ്കിലും 100 ലധികം മലയാളികൾ അമേരിക്കയിലും ഇംഗ്ലണ്ടിലും ഗൾഫ് രാജ്യങ്ങളിലുമായി മരിച്ചു. അതെ സമയം നമ്മൾ ഈ രോഗത്തെ ഒന്ന് പിടിച്ചു കെട്ടിയിട്ടു. പക്ഷെ കേരളത്തിന്റെ സാമ്പത്തികവും തൊഴില്പരവുമായ സ്ഥിതി വളരെ ദയനീയമാക്കി മാറ്റുകയാണ് ചെയ്തത്.

കോവിഡാനന്തര കേരളം :

കോവിഡിന് ശേഷമുള്ള കേരളത്തെ നാം നോക്കി കാണുമ്പോൾ ഏതൊക്കെ മേഖലയിലാണ് അത് പ്രതിസന്ധി ഉണ്ടാക്കിയത് എന്ന് കാണണം.എല്ലാ മേഖലയിലും എന്നാണ് ഉത്തരം. അത് പരിശോധിക്കുന്നതിന് മുൻപ് കേരളത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതി പരിശിധിക്കണം. നമ്മുടെ വരുമാനമെന്നത് വ്യവസായത്തിൽ നിന്നോ ഐ ടി യിൽ നിന്നോ അല്ല മറിച് പ്രവാസികളിൽ നിന്നും ടൂറിസത്തിൽ നിന്നും സമുദ്രോത്പന്ന കയറ്റുമതിയിൽ നിന്നും കാർഷിക മേഖലയിലെ ചില കയറ്റുമതിയിൽ നിന്നുമാണ്. അതെ സമയം കാർഷിക മേഖല കഴിഞ്ഞ പത്തു വർഷത്തിനിടെ വലിയ തകർച്ചയിലാണ്.

റബ്ബർ, നാളികേരം, കുരുമുളക്, കശുവണ്ടി, അടക്ക ഇതെല്ലാം ഒരുകാലത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു എന്നാൽ ഇവയെല്ലാം ഇന്ന് തകർച്ചയിലാണ്. പ്രവാസികളിൽ നിന്നും പ്രതിവർഷം 50, 000 കോടിയിലധികം രൂപ കേരളത്തിൽ എത്തുന്നുണ്ട്. ഈ പണം കേരളത്തിന്റെ മാർക്കറ്റിനെ താഴെത്തട്ടു മുതൽ ചലനാത്മകമാക്കിയിട്ടുണ്ട്. അതോടൊപ്പം ആഭ്യന്തര വൈദേശിക ടൂറിസവും കേരളത്തിലേക്ക് പണം കൊണ്ടുവരുന്നുണ്ട്. കോവിഡിന് ശേഷം ടൂറിസം പൂജ്യം തലത്തിലേക്ക് താണു.

പ്രവാസിമലയാളികൾ തൊഴിൽ നഷ്ടപ്പെട്ട പലരും മടങ്ങി. ഈ രണ്ട് സാമ്പത്തിക നഷ്ടങ്ങൾ വന്നതോടെ കേരളത്തിന്റെ മാർക്കറ്റ് പ്രതിസന്ധിയിലായി. ഒരു സമ്പത് ഘടന ചലനാത്മകമാകണമെങ്കിൽ ജനതയുടെ കയ്യിൽ വാങ്ങാൻ പണമുണ്ടാകണം. വാങ്ങൽ ശേഷി ഉണ്ടെങ്കിൽ മാത്രമേ മാർക്കറ്റിൽ ഉത്പാദനം ഉണ്ടാവുകയുള്ളൂ ഉത്പാദനം ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തിക വളർച്ച ഉണ്ടാവുകയുള്ളൂ. ഈ ഫോർമുല കോവിഡ് തകർത്ത് തരിപ്പണമാക്കി

കേരളത്തിലെ റെവന്യൂ വരുമാനത്തിന്റെ 70%വും ശമ്പളത്തിനും പെൻഷനും വേണ്ടി പോകുകയാണ്.

ഈ പണം ഒരിക്കലും പ്രത്യുൽ പാദനപരമല്ല. അതെ സമയം അത് ധനതത്വ ശാസ്ത്ര പരമായി മാർക്കറ്റിനെ അതിധൃതം ചലിപ്പിക്കുന്നതാണ്. എന്നുവച്ചാൽ സർക്കാർ ജീവനക്കാർക്ക് ഒരു മാസം ലഭിക്കുന്ന 2000 കോടി രൂപ മുഴുവനായി തന്നെ അതെ മാസം മാർക്കറ്റിൽ ഇറങ്ങും. മത്സ്യ വിൽപ്പനക്കാരൻ മുതൽ സ്വർണ്ണക്കടക്കാരൻ വരെയും നിർമാണ തൊഴിലാളി മുതൽ മൊബൈൽ കടക്കാരൻ വരെയും തലങ്ങളിലൂടെ ആ 2000 കോടി രൂപ കറങ്ങിക്കൊണ്ടിരിക്കും.

പക്ഷെ കോവിദാനന്തരം ചിന്തിക്കേണ്ട ഒരു കാര്യം, ഈ രണ്ടായിരം കോടി എങ്ങനെ ഉണ്ടാക്കാമെന്നാണ്. ഗവണ്മെന്റിന്റെ മറ്റൊരു വരുമാന സ്രോതസ്സ് മദ്യവില്പനയാണ്. 100 രൂപ വില വരുന്ന മദ്യം 120%വരെ നികുതിയെടുത്തുകൊണ്ടാണ് സർക്കാരിന്റെ അംഗീകൃത മദ്യക്കടകളിൽ വിൽക്കുന്നത്. ബാറുകളിലൂടെ വിൽക്കുമ്പോൾ അത് 160% വരെ വില കൂടും മദ്യം വിൽക്കുന്നവരുടെ കയ്യിൽ നിന്നും ഇങ്ങനെ വാങ്ങുന്ന കോടികളാണ് സർക്കാരിന്റെ മറ്റൊരു ധനാഗമന മാർഗം.

കോവിഡ് ഇതിനെയും ബാധിച്ചിട്ടുണ്ട്. അതോടൊപ്പം ഏകദേശം ഒരു ലക്ഷം കോടിയിലധികം കടബാധ്യതയും കേരളത്തിനുണ്ട്. പലപ്പോഴും ട്രഷറി പൂട്ടുന്ന സന്ദർഭം ഉണ്ടായിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്ന് സർക്കാർ പണം കടമെടുത്തിട്ടുണ്ട്. KSRTC ക്ക്‌ പോലും ശമ്പളം കൊടുക്കുന്നത് ഇങ്ങനെ വൻ കടമെടുത്തിട്ടാണ്. നിലവിലുള്ള കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളും പൊതുമേഖലാ വ്യവസായങ്ങളും നഷ്ടത്തിലാകും. കേരളത്തെ ചലനാത്മകമാക്കുന്നതു ഏകദേശം ഒരു കോടിയോളം സാധാരണ , ഇടത്തരം, തൊഴിലാളികളും ജീവനക്കാരുമാണ്.

40ലക്ഷത്തോളം ഹോട്ടൽ തൊഴിലാളികൾ 40 ലക്ഷത്തോളം കർഷക തൊഴിലാളികൾ ബാക്കി എല്ലാ മേഖലകളിലെയും തൊഴിലാളികൾ കൂടിയാണ്. കോവിഡ് കേരളത്തിലെ ഗതാഗതത്തെ ബാധിച്ചപ്പോൾ ഉത്പാദനം, വിതരണം എന്നീ മേഖലകളിൽ വലിയ തകർച്ച ഉണ്ടായി. പ്രത്യക്ഷത്തിൽ വിദൂരമായൊരു പ്രതിസന്ധി കാണാത്തത് അരിയുടെയും മറ്റു ഭക്ഷ്യ വസ്തുക്കളുടെയും സ്റ്റോക് കേന്ദ്രത്തിലും കേരളത്തിലും ഉള്ളതുകൊണ്ടാണ്.

കേരളത്തിൽ 4ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ട്. കേരളത്തിലെ നിർമാണ, കാർഷിക, അസംഘടിത മേഖലകളെ ചലനാത്മകമാക്കുന്നതു അവരുടെ അധ്വാനമാണ്. കോവിഡ് കാരണം അവർ തിരിച്ചു പോകുന്നതോടുകൂടി ഈ മേഖലയിൽ തൊഴിൽ എടുക്കാൻ ആളില്ലാതെയാകും പ്രതിവർഷം കേരളത്തിൽ 25000 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് സർക്കാർ, അർദ്ധ സർക്കാർ മേഖലയിലാണ്. വീട് നിർമാണം മുതൽ പാലം നിർമാണം വരെ ഇതിലുൾപ്പെടുന്നു.

ആയിരത്തിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പദ്ധതി വിഹിതമായി ചിലവഴിക്കുന്നത്. ഇതൊക്കെ പ്രതിസന്ധിയിലാകും. ഒന്ന് സാമ്പത്തിക പ്രതിസന്ധി, രണ്ടാമത്തേത് തൊഴിലാളികളുടെ ദൗർലഭ്യം. കോവിഡിന് ശേഷം ഒരു മാസം കൊണ്ടോ രണ്ടുമാസം കൊണ്ടോ നമ്മൾ ഇത് തിരിച്ചറിയണമെന്നില്ല. ഏകദേശം ഒരു വർഷം കഴിയുമ്പോൾ ആയിരിക്കാം പ്രതിസന്ധിയുടെ ആഴം നാം മനസിലാക്കുക.

വാചകമടികൊണ്ടും പരമ്പര്യം പറഞ്ഞുകൊണ്ടും ഡോ തോമസ് ഐസക്കിന്റെ കിഫ്‌ബി കണക്കു കൊണ്ടും ഇതിനു പരിഹാരമാകില്ല. പണം കയ്യിൽ വേണം, തൊഴിൽ വേണം, ഉത്പാദനം നടക്കണം. എങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ പറ്റൂ. എല്ലാം തകർന്നു എന്ന് വിലപിക്കുകയല്ല വേണ്ടത് സാധ്യതകളെ ഉപയോഗപ്പെടുത്തണം.സാധ്യതയും അവസരവും ചില പ്രത്യേക സന്ദർഭങ്ങളിലാണ് നമ്മുടെ മുന്നിൽ എത്തുക. അത് അപ്രതീക്ഷിതമായിരിക്കും . അതിനോട് നമ്മൾ വീടടച്ചു ഓടി ഒളിക്കുകയല്ല വേണ്ടത്. വൈറസിന്റെ മുൻപിൽ ഓടിയൊളിക്കേണ്ടി വരും. പക്ഷെ വൈറസ് ഉണ്ടാക്കുന്ന പ്രതിസന്ധിക്കു മുൻപിൽ നാം ഓടിയൊളിക്കരുത്.

സാധ്യത എങ്ങനെ പ്രയോജനപ്പെടുത്താം

..................

നമ്മുടെ കേരളത്തിന്റെ മൂലധനം എന്താണെന്നു പരിശോധിച്ച് നോക്കാം. അത് വ്യവസായമോ, സ്വർണമോ കൃഷിയോ ഒന്നുമല്ല പ്രധാനമായത്. എന്തും ചെയ്യാൻ കെല്പുള്ള, എവിടെയും സഞ്ചരിക്കാൻ തയ്യാറുള്ള, വിദ്യാഭ്യാസമുള്ള ഒരു ജനതയാണ് കേരളം. ഒരു കൊടിയിലധികം മലയാളികൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ജോലി ചെയ്യുന്നു.ലോകത്തിലെ മഹാസമ്പന്നന്മാരിൽ കുറേപ്പേർ കേരളക്കാരുമാണ്. നമ്മുടെ മൂലധനം ഇവരിൽ നിന്നാണ്, ഈ പ്രവാസികളിൽ നിന്നാണ് നമ്മൾ കണ്ടെത്തേണ്ടത്. അതെ സമയം പ്രവാസികൾ തിരിച്ചു വരികയാണ്. രോഗം കാരണമാണ് തിരിച്ചു വരുന്നതെങ്കിൽ അതെ രോഗത്തെ ഉപയോഗിച്ചുകൊണ്ട് നാം നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാൻ ശ്രമിക്കണം.

ഒരുദാഹരണം പറയാം. ലോകത്താകമാനം കോവിഡാനന്തരം 20 ലക്ഷത്തിലധികം നഴ്സ് മാരുടെ സേവനം ആവശ്യമായി വരും മലയാളി നഴ്സുമാർ ഇറ്റലി ഉൾപ്പെടെ ലോകത്തിന്റെ നാനാ ഭാഗത്തും ജോലി ചെയ്യുന്നുമുണ്ട്. എന്തുകൊണ്ട് കേരളത്തിൽ മെച്ചപ്പെട്ട നഴ്സുമാരെ ട്രെയിൻ ചെയ്‌തു വിദേശത്തെ ജോലി കണ്ടെത്തിക്കൂടാ? നഴ്സുമാർ മാത്രമല്ല കേരളത്തിലെ ചികിത്സാരംഗം, ഇന്ത്യയിൽ ഏറ്റവും സുഖമുള്ള, സുന്ദരമായ കാലാവസ്ഥയുള്ള സ്ഥലമാണ് കേരളം. മിതശീതോഷ്ണ കപാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത.പടിഞ്ഞാറ് മുഴുവൻ കടലോരമാണ്. കിഴക്ക് മുഴുവൻ കുന്നുകളും കോവിഡ് ടൂറിസത്തിനു പാരയാകുമ്പോൾ നാം അവിടെ ചെയ്യേണ്ടത് മെഡിക്കൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

ഏറ്റവും ചുരുങ്ങിയതും ഏറ്റവും ചിലവ് കുറഞ്ഞതും ഏറ്റവും മെച്ചപ്പെട്ടതുമായ ചികിത്സ സൗകര്യം കേരളത്തിന്‌ കൊടുക്കാൻ പറ്റും. നിലവിൽ മാലിയിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഒക്കെ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. അത് പോരാ, മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ ചികിത്സക്ക് ആളെത്തണം. ഉദാഹരണമായി ദന്താരോഗ്യ ചികിത്സയുടെ കാര്യമെടുക്കാം. ദന്ത ചികിത്സ വിദേശത്ത് വൻ ചിലവുള്ള കാര്യമാണ്. ആ മേഖലയിലേക്ക് സാധ്യത തുറന്നുകിട്ടുന്നു. മറ്റ് ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാം.

കൂടുതൽ വിദേശികൾ കേരളത്തിൽ വരികയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്യും

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാം അഞ്ഞൂറിലധികം ആയുർ വേദ മരുന്ന് ഫാക്ടറികൾ ഉണ്ട്. ആയുർവേദ ചികിത്സ വിദേശികളെ ആകർഷിക്കുന്ന രീതിയിലേക്ക് മാറ്റാം.. ഇപ്പോൾ ആ മേഖല ശക്തിപ്പെട്ടിട്ടില്ല. ഇന്ന് ആളോഹരി മരുന്ന് വിതരണം ഏറ്റവുമധികം കേരത്തിൽ നടക്കുന്നുണ്ട്. മിക്ക മരുന്ന് കമ്പനികളും ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, എന്നീ സ്ഥലങ്ങളിലാണ്. കേരളത്തിലെ മരുന്ന് പുറത്ത് നിന്നാണ്.

കേരളത്തിൽ ഈ മേഖലയിൽ ഫാർമ ബിസിനെസ്സ് ഉണ്ടായിരുന്നെങ്കിൽ അത് കേരളത്തിൽ തന്നെ നിൽക്കുമായിരുന്നു.അമേരിക്ക ഈ പ്രതിസന്ധിയെ നേരിടാൻ മലമ്പനിയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോ ക്വിൻ ഇന്ത്യയോടാവശ്യപ്പെട്ടു. അമേരിക്ക, ബ്രസിൽ തുടങ്ങിയ രാജ്യങ്ങളിലേക്കും അയച്ചുകൊടുക്കുകയുണ്ടായി. അത് ഉത്പാദിപ്പിക്കാനുള്ള സാധ്യത കേരളത്തിൽ വയനാട് പോലെയുള്ള സ്ഥലങ്ങളിൽ പ്രയോജനപ്പെടുത്താം.

വൈദ്യോപകരണങ്ങൾ

............

ഇതിൽ വലിയ രീതിയിൽ ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്. (മെക്കാനിക്കൽ പ്രോസസ്സിന്റെ ഭാഗമായി വെന്റിലേറ്റർ, സ്കാനിംഗ് മെഷിൻ ഇ സി ജി മെഷിൻ തുടങ്ങിയവ. )മെഡിക്കൽ രംഗത്ത് അങ്ങനെ തൊഴിലവസരങ്ങൾ വർധിക്കും. ഈ ടെക്നോളജി അറിയുന്ന കുട്ടികൾ, അവയുടെ എൻജിനീയറിങ് കോളേജുകൾ എല്ലാം ആവശ്യമായി വരും.130 കോടി ജനങ്ങൾക്ക്‌ മാസ്ക് നിർമാണമാണ് മറ്റൊരു ആവശ്യ മേഖല.

മോദി സർക്കാർ പറയുന്ന ഇരുപതിനായിരം കോടി പാക്കേജിൽ ചെറുകിട വ്യവസായങ്ങൾ : ഉദാഹരണം റബ്ബർ, നാളികേരം തുടങ്ങിയവയിൽ പുനരുത്പാദന സാധ്യതകൾ കണ്ടെത്തണം.. കൂടാതെ മൂല്യ വർധിത ഉത്പന്നങ്ങളുടെ ഉല്പാദനത്തിനുള്ള പരിശീലനം കൊടുക്കണം. കോവിഡിന് ശേഷം എല്ലാം തകർന്നുപോയി എന്ന് വിലപിച്ചിട്ടു കാര്യമില്ല. അതിനെ പരിഹരിക്കാൻ ആവശ്യമായ സാധ്യതകൾ ഉണ്ടാക്കിയെടുക്കണം.

പ്രവാസികൾ തിരിച്ചു വരുമ്പോൾ കേരളത്തിൽ 5ലക്ഷത്തോളം ആളുകൾ മടങ്ങിയെത്തും. പത്തോ മുപ്പതോ ശതമാനം ആളുകൾ തിരിച്ചു പോയേക്കും. എഴുപതുകൾക്കു ശേഷമാണ് മലയാളികൾ ഗൾഫ് നാടുകളിലേക്ക് പോയത്. അതിന് മുൻപ് സിംഗപ്പൂർ, ബർമ, മലയാ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോയത്.

ഇനി ഗൾഫ് മേഖലകളിലെ പ്രതീക്ഷകൾ വറ്റുമ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്താനുള്ള സംവിധാനം സർക്കാർ മുൻകൈയെടുത്തു ഉണ്ടാക്കി കൊടുക്കണം. ആഫ്രിക്ക ഒരു കന്യാവനമാണ്. അവിടെ പുതിയ സാധ്യതകൾ തേടാം. നമ്മുടെ വിദ്യാഭ്യാസത്തിനു വലിയൊരു പൊളിച്ചെഴുത്തു വേണ്ടിവരും. എല്ലാം ഓൺലൈനാകുന്ന കാലവും വിദൂരമല്ല

വർക്ക്‌ ഫ്രം ഹോം

................

തൊഴിൽ ശൈലിയിൽ ഒരുപാട് മാറ്റമുണ്ടാകും. നാളത്തെ ലോകമെന്നത് എല്ലാവരും ഓഫിസിൽ പോയി ജോലി ചെയ്യുക എന്ന സങ്കൽപം മാറി വീടുകളിരുന്നു ജോലി ചെയ്യുന്ന സ്ഥിതി വരും. കോവിഡാനന്തരം വരുന്ന വെല്ലുവിളികളെ നേരിടാനായി സമ്പൂർണ്ണ പൊളിച്ചെഴുത്തു വേണ്ടി വരും. ഐ ടി മാത്രമല്ല കമ്പ്യൂട്ടർ, ലാപ് ടോപ്, മൊബൈൽ തുടങ്ങിയവ 90 % വും ചൈനയിലാണ് ഉല്പാദിപ്പിക്കുന്നത്.

മടുക്കാതെ ജോലി ചെയ്യുന്ന ഒരു തൊഴിൽ സംസ്കാരവും കുറഞ്ഞ ശമ്പളനിരക്കുമാണ് അവിടുത്തെ പ്രത്യേകത. ചൈനയിൽ ഒരോ വീടും ഓരോ ഫാക്ടറിയാണ്. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട വിജയിച്ച സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ വ്യവസായങ്ങൾക്ക് മുതൽ മുടക്കാൻ പല കമ്പനികളും തയ്യാറായെന്നു വരാം. വൻകിട കമ്പനികളെ ക്ഷണിച്ചു കൊണ്ട് വരാവുന്നതാണ്.

കേരളത്തിൽ കമ്പനികൾ വരാത്തതിന് കാരണം പ്രധാനമായും സംഘടനകളുടെ അനാവശ്യ തൊഴിൽ സമരങ്ങളും വൃത്തികെട്ട പെരുമാറ്റവും കൊണ്ടാണ്. തൊഴിലാളികൾ ഒരുപണിയും ചെയ്യാതെ നോക്കു കൂലി വാങ്ങുന്നു.മുൻപ് നോക്കുകൂലി കൊണ്ടുവന്ന പിണറായിക്ക്‌ ഇപ്പോൾ നോക്കുകൂലി നടപ്പിലാക്കാൻ വിടില്ല എന്ന് മുഖ്യ മന്ത്രി കസേരയിൽ ഇരുന്നപ്പോൾ പറയേണ്ടി വന്നു.

പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിച്ചുകൊണ്ട് മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എല്ലാവരും മാറുകയാണ്. കേരളത്തെ പരമാവധി നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റണം. കേരളത്തിൽ നിക്ഷേപം ഇറക്കിയാൽ നഷ്ടമാകില്ല എന്ന ബോധ്യം സംരംഭകന് ഉണ്ടാകണം. വിദേശമൂലധനം കേരളത്തിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം.

ലോകത്തിലെ ഏത് ആരോഗ്യ സംവിധാനത്തോടും കിടപിടിക്കുന്ന കേരളത്തിലെ ആരോഗ്യ സംവിധാനത്തെ അന്താരാഷ്ട്ര തലത്തിൽ മാർക്കറ്റു ചെയ്യാനും അതുവഴി നിക്ഷേപകരെയും ആഗോള ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ഇച്ഛാശക്തി ഭരിക്കുന്ന സർക്കാരിന് ഉണ്ടാകണം. അങ്ങനെ ബുദ്ധിപരമായ നടപടി കളിലൂടെ കേരളത്തെ പുനർനിർമിക്കാനാകും.

ലേഖനം : ഡോ കെ. വി. ഫിലോമിന

covid 19 lock down
Advertisment