Advertisment

മലബാര്‍ മേഖലയില്‍ കൊറോണ ബാധിതരും രോഗ സാധ്യതയുള്ളവരും അധികൃതരുടെ കണ്ണുവെട്ടിച്ച് വിലസി നടക്കുന്നു ; ഇത്തരക്കാരെ വീടിനുള്ളില്‍ തളച്ചിട്ടില്ലെങ്കില്‍ അപകടം ; അടുത്ത 3-4 ദിവസങ്ങള്‍ അതീവ നിര്‍ണ്ണായകം !

New Update

തിരുവനന്തപുരം : കോവിഡ് സമൂഹവ്യാപനം തടയുന്ന കാര്യത്തിൽ അടുത്ത 3–4 ദിവസങ്ങൾ അതീവ നിർണായകം. വൈകുന്നേരം 4 മണിയോടെ 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണു സംസ്ഥാനം മുഴുവൻ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.

Advertisment

publive-image

കോവിഡ് ബാധിച്ചവരും രോഗസാധ്യതയുള്ളവരും മലബാർ മേഖലയിൽ വ്യാപകമായി അധികൃതരുടെ കണ്ണു വെട്ടിച്ചു നടക്കുന്നതായി സർക്കാരിനു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മറ്റു പല ജില്ലകളിലും സമാന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാരെ വീടിനുള്ളിൽ തളച്ചിട്ടില്ലെങ്കിൽ അപകടമാണെന്നും സംസ്ഥാനം സ്തംഭിപ്പിക്കുകയാണു മാർഗമെന്നും വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയി‍ൽ കൂടിയ അവലോകന യോഗം വിലയിരുത്തി. സംസ്ഥാനത്തെ 10 ജില്ലകൾ അടച്ചു പൂട്ടാനുള്ള തീരുമാനം വൈകിക്കരുതെന്നു കേന്ദ്രസർക്കാരും നിർദേശിച്ചിരുന്നു.

സമൂഹ വ്യാപനത്തിനുള്ള സാധ്യത പരിഗണിച്ചാണു ബാറുകൾ അടച്ചത്. മദ്യശാലകൾ അടയ്ക്കണമെന്നു കെസിബിസി ഉൾപ്പെടെ ആവശ്യപ്പെട്ടതും ഈ തീരുമാനത്തിനു വഴിതെളിച്ചു. ബവ്കോ വിൽപന ശാലകൾ അടയ്ക്കുന്നതു സർക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നതിനാൽ ക്യൂ കോംപ്ലക്സ് ഉൾപ്പെടെ തയാറാക്കിക്കൊണ്ടു കാസർകോട് ഒഴികെയുള്ള ജില്ലകളിൽ തുറന്നു വയ്ക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

ലോട്ടറി വിൽപന നിർത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ പ്രധാന വരുമാന മാർഗമാണിത്. മന്ത്രിസഭാ യോഗത്തിനു ശേഷം പല അവലോകന യോഗങ്ങളും നടന്നു. വൈകുന്നേരം 4 മണിയോടെയാണ് ഇന്നലത്തെ കോവിഡ് രോഗികളുടെ കണക്കുമായി മന്ത്രി കെ.കെ. ശൈലജ, മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്. അതോടെ സംഗതിയുടെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടു. തുടർന്നു സമ്പൂർണ അടച്ചു പൂട്ടലിലേക്കു നീങ്ങുകയായിരുന്നു.

Advertisment