Advertisment

കോവിഡ് 19 : മരണപ്പെട്ട പ്രവാസികളുടെ നിർധന കുടുംബങ്ങൾക്കുള്ള പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പദ്ധതി ഉദ്ഘാടനം നവംബർ 15 ന്

New Update

കോഴിക്കോട് : കോവിഡ് ബാധിച്ച് മരണ മടഞ്ഞ ഗൾഫ് പ്രവാസികളുടെ നിർധനരായ കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെ ഉദ്‌ഘാടനം നവംബർ 15 ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും.

Advertisment

publive-image

വെർച്വൽ റിയാലിറ്റി പ്ലാറ്റ് ഫോമിൽ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടന കർമ്മം എം.പി അബ്ദുസ്സമദ് സമദാനി നിർവ്വഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ.അബ്ദുൽ അസീസ് പദ്ധതി നിർവഹണത്തിൻ്റെ സമാരംഭം കുറിക്കും.

നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മരണ മടഞ്ഞ പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങൾക്ക് ഭൂമി, പണി പൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കാനും പുതിയ വീടുകൾ പണിയാനും സഹായം, വീടുവെക്കാൻ സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ്റെ കൈവശം വിവിധ ജില്ലകളിലുള്ള സ്ഥലം അവർക്ക് സൗകര്യപ്രദമാണെങ്കിൽ അവിടെ ആവശ്യമായ സ്‌ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതികൾ.

പ്രവാസ ലോകത്ത് കോവിഡ്19 വ്യാപിക്കുകയും നിരവധി മലയാളികൾ മരണപ്പെടുകയും ചെയ്തതോടെയാണ് നിർധനരായ ഗൾഫ് പ്രവാസികളുടെ കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുന്നത്.

ഈ ഉദ്യമത്തെ കേരള ജനത ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രവാസി മലയാളി കൂട്ടായ്മകൾ, വ്യാപാരി പ്രമുഖർ തുടങ്ങി വിവിധ രംഗത്തുള്ളവർ സഹായ ഹസ്തവുമായി മുന്നോട്ട് വന്നു.

പദ്ധതി നിർവ്വഹണത്തിനായി കോവിഡ് ബാധിച്ചു മരണമടഞ്ഞ 300 ഗൾഫ് പ്രവാസികളുടെ വിവരങ്ങളാണ് പ്രാഥമികമായി ശേഖരിച്ചത്. ഇതിൽ നിന്നും സർവ്വേ നടത്തി കണ്ടെത്തിയ നിർധനരായ 70 കുടുംബങ്ങളിൽ നിന്നും പീപ്പിൾസ് ഫൗണ്ടേഷൻ പ്രാദേശിക സംവിധാനങ്ങളിലൂടെ അപേക്ഷ സ്വീകരിച്ചു.

ഓരോ അപേക്ഷകരുടെയും കുടുംബങ്ങളുമായും, അടുത്ത ബന്ധുക്കളുമായും പീപ്പിൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തി കുടുംബങ്ങൾക്ക് ഏറ്റവും ആവശ്യമായ സഹായങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.

ഏറ്റവും അർഹരായ 61 കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഏത് മേഖലയിലാണോ പീപ്പിൾസ് ഫൗണ്ടേഷൻ സഹായം നൽകുന്നത് അതിനോട് കൂടെ സാധ്യമാവുന്ന രൂപത്തിൽ കുടുംബത്തിന്റെ വിഹിതവും, മറ്റ് സഹായങ്ങളും ചേർത്ത് അതിനെ പൂർണതയിലേക്ക് എത്തിക്കാൻ പ്രാദേശികമായി സംവിധാനങ്ങളും ഒരുക്കിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസന മേഖലയിൽ നിർണ്ണായകമായ പങ്കാണ് പ്രവാസികൾ വഹിക്കുന്നത്.

പീപ്പിൾസ് ഫൗണ്ടേഷൻറെ ജനസേവന പദ്ധതികളിലെല്ലാം പ്രവാസികളുടെ അധ്വാനത്തിന്റെ പങ്ക് അവഗണിക്കാൻ പറ്റാത്തതാണ്. മറ്റ് സന്നദ്ധ സംഘടനകളും പ്രവാസികൾക്കായി പദ്ധതികളുമായി മുന്നോട്ട് വരണമെന്നാണ് പീപ്പിൾസ് ഫൗണ്ടേഷൻ ആഗ്രഹിക്കുന്നത്.

ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദലി എം കെ അധ്യക്ഷത വഹിക്കും. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദ് , പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ പി. മുജീബ് റഹ്‌മാൻ എന്നിവരും പങ്കെടുക്കും.

Advertisment