Advertisment

കോവിഡ് കാലത്തിനെ അതിജീവിക്കാം.........

author-image
സത്യം ഡെസ്ക്
New Update

ചരിത്രത്തിൽ നിർണായകമായി രേഖപെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. കോവിഡിന് മുൻപ് കോവിഡിന് ശേഷം എന്നതായിരിക്കും ഇനി അടയാളം വയ്ക്കുക. ജീവിച്ചു വന്ന സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ പ്രകൃതി മാറ്റി മറിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ കാലത്തിനൊപ്പം മാറാൻ മനസ്സുകൊണ്ടും ചിന്തകൊണ്ടും തയ്യാറാവണം.വസൂരിയും, പ്ളേഗും, മന്തും, കുഷ്ഠവും, ക്ഷയരോഗങ്ങളും, ഡെങ്കിയും, സാർസും ഒക്കെ മാനവരാശിയുടെ സമാധാനം കെടുത്തി അന്നൊക്കെ അതിനെ അതിജീവിച്ചു മുന്നോട്ടു പോകാൻ മനുഷ്യൻ പ്രാപ്തമായി. ശാസ്ത്രം ഏറെ പുരോഗമിച്ചു. കാലം അതിന്റെ മുഖപടലത്തിൽ മാറ്റങ്ങൾ വരുത്തി കൊണ്ടേയിരുന്നു. രാജ്യങ്ങളുടെ കിടമത്സരങ്ങൾ ആയുധ വ്യാപാരികൾക്ക് ഏറെ സഹായകമാക്കി.

Advertisment

publive-image

ആയുധങ്ങൾ വാങ്ങിച്ചു കൂട്ടുവാനും ഒപ്പം അതാത് രാജ്യങ്ങളിൽ പുതിയ ആയുധങ്ങളുടെ കണ്ടു പിടിത്തങ്ങൾക്കായി കോടികൾ ചിലവഴിക്കാനും തുടങ്ങി. ദീർഘ ദൂര മിസൈലുകളും, അന്തർ വാഹിനികളും, യുദ്ധവിമാനങ്ങളും, ആധുനിക തോക്കുകളും ഒക്കെയുള്ള ശേഖരണം ഓരോ രാജ്യവും അവരുടെ കരുത്തായി കരുതി. ആണവായുധങ്ങൾ ഉണ്ടാക്കാൻ മത്സരിച്ചു. വിലക്കുകൾ പരസ്പരം ബോധപൂർവം മറന്ന് അല്ലെങ്കിൽ മറച്ചു വച്ചു പരീക്ഷണങ്ങൾ മുറയ്ക്ക് നടന്നു. ചന്ദ്രനിൽ പോലും വിപണന സാധ്യത കണ്ടെത്തി ആരാധ്യo എന്ന മത്സരം ആയിരുന്നു ലോക രാജ്യങ്ങൾ.ലോകത്ത് ആകെയുള്ള കമ്പോള വിപണിയിൽ തങ്ങളുടെ അപ്രമാദിത്യം ഉറപ്പിക്കുവാൻ ഉള്ള ശ്രമങ്ങൾ അതിന്റെ മൂര്ധന്യത്തിലേക്ക് എത്തുമ്പോൾ ആണ് ലോകം മുഴുവൻ തിരിച്ചടി നേരിട്ട് കൊണ്ട് ചൈനയിലെ വുഹാനിൽ നിന്ന് ഒരു കറുത്ത അദ്ധ്യായം ആരംഭിക്കുന്നത്.

ലോകാരോഗ്യ സംഘടന പോലും നിസാരവത്കരിച്ച വിപത്ത് ചൈനീസ് പുതു വർഷം കഴിഞ്ഞതോടെ ലോകമെങ്ങും പറക്കുകയായിരുന്നു. കേട്ടു കേൾവി ഇല്ലാത്ത ആ വൈറസ് കൊറോണ എന്ന പേരിൽ പിന്നീട് കോവിടായി ദേശം കടന്ന് ഭാഷവ്യത്യാസം ഇല്ലാതെ ഓരോ മൂക്കിനും മൂലയിലും എത്തി ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്തപ്പോഴും ലോകാരോഗ്യ സംഘടനയ്ക്ക് വ്യക്തമായ നിലപാടില്ലാതെ നിൽപായിരുന്നു. അതുകൊണ്ട് തന്നെ അമേരിക്ക ലോകാരോഗ്യ സംഘടന യ്ക്കുള്ള സഹായം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് ആ നീക്കത്തിന് ആസ്‌ട്രേലിയ കൂടി പിന്തുണ നൽകിയപ്പോഴേക്കും ലോകാരോഗ്യ സംഘടനയ്ക്ക് കുരുക്ക് മുറുകൽ ആയി അത് മാറി.

ലോകം മുഴുവൻ കോവിഡ് 19പടർന്നു പിടിച്ചപ്പോൾ എന്തു ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു. അനുദിനം രോഗികളുടെ എണ്ണം പെരുകി ഒപ്പം മരണവും. ലോകം അപ്പോഴേക്കും മാറുകയായിരുന്നു. രാജ്യങ്ങൾ അതിർത്തികൾ കൊട്ടി അടച്ചു. യാത്ര വിലക്കുകൾ നിലവിൽ വന്നു.പൊതു നിരത്തുകളും വിപണികളും നിശബ്ദമായി. തൊഴിലിടങ്ങളിൽ ആളിന്റെ എണ്ണം കുറയ്ക്കാൻ കമ്പനികൾ നിര്ബന്ധിതരായി. ജോലി നഷ്ടമായി ഇനിയെന്ത് എന്ന് ചിന്തിച്ച് അനവധി ആളുകൾ, കുടുംബങ്ങൾ. ആരോഗ്യ മേഖലയിൽ നേഴ്‌സുമാർ, ഡോക്ടർ മാർ തുടങ്ങിയവരുടെ ലഭ്യതയ്ക്ക് പരക്കം പാച്ചിലും. ഭക്ഷണ സാധനങ്ങൾ ആളുകൾ ശേഖരിച്ചു വച്ചു. തമ്മിൽ കണ്ടു കൊണ്ടിരുന്നവർ പരസ്പരം കാണാതെ നാല് ചുവരുകൾക്കുള്ളിൽ നിന്നു.

കൊറോണ വന്നതോടുകൂടി ആളുകൾ മാറ്റങ്ങൾക്ക് വിധേയമാകുകയായിരുന്നു. ഇനി കൊറോണ കാലത്തോടൊപ്പം എങ്ങനെ എന്ന ചിന്ത അതോടെ ഉടലെടുത്തു. ഇനിയും അതി ജീവിച്ചേ പറ്റു. അതിനായി പരിശ്രമിക്കണം. ഇനിയുള്ള കാലം തൊഴിലി ടങ്ങളിൽ മനുഷ്യ പ്രയത്നത്തിന്റെ തോതിൽ വളരെ കുറവുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിൻ ബലത്തോടെ റോബോട്ടുകളെ കൂടുതൽ ഉപയോഗപെടുത്തി കമ്പനികൾ ഉത്പാദന ക്ഷമത വർദ്ധിപ്പിച്ച് ലാഭകരമാക്കാൻ ശ്രമിക്കും.

ഇലക്ട്രോണിക്സ് ഉൾപ്പെടെ ഉള്ള മേഖലകളിൽ രാജ്യങ്ങളിൽ തന്നെ മുന്നേറ്റം ഉണ്ടാകുന്നതോടെ കയറ്റുമതി വിപണിയിൽ ഇടിവ് വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതു കൊണ്ട് തന്നെ പുതിയ സാങ്കേതിക വിദ്യകളുടെ കണ്ടു പിടിത്തം വഴി വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ സാധ്യതകൾ ഉണ്ടാകും. കേരളത്തിൽ ആയുർവേദം, ഹോമിയോപതി, അലോപ്പതി എന്നിവയെ ഒരുമിപ്പിച്ചു കൂടുതൽ ശ്രദ്ധ സർക്കാർ കൊടുത്താൽ ആരോഗ്യ മേഖലയിലും, ഹെൽത്ത് ടൂറിസത്തിലും വലിയ സാധ്യതകൾ ഉണ്ടാകും. രാജ്യത്തിന് അകത്തേക്ക് വരുന്ന ഏതൊരാൾക്കും ഹെൽത്ത്‌ സര്ടിഫിക്കറ്റ് നിർബന്ധം ആക്കുകയും ചെയ്യണം. ലോകം നിലനിൽക്കുന്നുടത്തോളം മനുഷ്യനും മൃഗങ്ങൾക്കും ഭക്ഷണം ആവശ്യമാണ്‌. അതു കൊണ്ട് തന്നെ കാർഷിക മേഖല അനന്ത സാധ്യതകൾ തുറന്നിടുന്നു. കാർഷികോത്പാദനം വർധിപ്പിക്കുകയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ബാക്കിയുള്ളവ കയറ്റുമതിക്കായി ശ്രമിക്കുകയും ചെയ്‌താൽ ഭക്ഷ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാം അതിനായി വ്യക്തികൾക്ക് തന്നെയോ, കൃഷി വകുപ്പുമായി സഹകരിച്ചോ ഗ്രൂപ്പ്‌ ആയോ കാർഷിക മേഖലയിൽ പ്രവർത്തിക്കണം. ഇതിന് സർക്കാർ സബ്‌സിഡി അടക്കമുള്ള സൗകര്യങ്ങൾ പ്രയോജന പെടുത്തണം.

ഇനിയുള്ള കാലം കാർഷിക മേഖല പ്രാധാന്യം അർഹിക്കുന്നു എന്ന് നാം മുൻകൂട്ടി കണ്ടു പ്രവർത്തിക്കണം അതു പോലെ തന്നെ ഏറെ സാധ്യത ഉള്ള മറ്റൊരു മേഖല സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് മേഖല ആണ്. പുതിയ കാലത്തിന്റെ ആവശ്യകതയ്ക്ക് നിരവധി ആപ്പുകൾ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ അനിവാര്യമാണ്. സിനിമ കാണാൻ തീയേറ്ററുകളിൽ പോകാതെ റിലീസ് ദിവസം ആ സിനിമ സ്വന്തം ലാപ്പിൽ കാണുന്ന രീതിയിൽ റിലീസിംഗ് കാലം വരാൻ പോകുന്നുണ്ട്. വ്യാജ സി ഡി യുടെ ഉപദ്രവം ഇല്ലാതെ തീയേറ്റർ ഇടനിലയില്ലാതെ എല്ലാ വീടുകളിലേക്കും ഓൺലൈനിൽ റിസർവ് ചെയ്താൽ സിനിമ കാണുന്ന കാര്യം ഒന്ന് ചിന്തിച്ചു നോക്കിയേ. അതു പോലെ ടെക്‌നോളജി വളരും.

സൂപ്പർ മാർക്കറ്റിൽ പോകുന്നതിനു പകരം ഓൺ ലൈനിൽ ഷോപ്പുകൾ വിലനിലവാരങ്ങൾ ഒക്കെ മനസിലാക്കി ആളുകൾക്ക് സാധനം വാങ്ങാനുള്ള സൗകര്യങ്ങൾ ഉണ്ടാകാൻ പുതിയ കാലം കാരണം ആകും അതോടെ മാർക്കറ്റിങ് വിപണന തന്ത്രം പരസ്യം ഓൺ ലൈൻ സാധ്യതകളിൽ നിറയും ഓൺ ലൈൻ സാധ്യത വർധിക്കുന്നതോടെ പ്രിന്റഡ് മീഡിയകൾക്ക് ഇടിവുണ്ടാകും. ഇതു മുൻകൂട്ടി കണ്ടു എല്ലാവരും ഓൺലൈനിലും ശ്രദ്ധ കൊടുക്കുന്നു. ആനിമേഷൻ, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലും അവസരങ്ങൾ ഉണ്ടാകും.അങ്ങനെ പുതു കാലത്ത് സാദ്ധ്യതകൾ ഏറെ തുറക്കപെടുകയാണ്. ആത്മവിശ്വാസത്തോടെ കോവിഡിന് എതിരെ പോരാടാം. അതി ജീവിക്കാം കൊറോണ മാറ്റിമറിക്കുന്ന ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും പഴയ പ്രകൃതിയുടെ പച്ചപ്പിന് പുതു ജീവൻ കൊടുക്കുകയും ആവാം.

റെജി വി ഗ്രീൻലാൻഡ്

covid problem
Advertisment