Advertisment

രണ്ടാം ഘട്ട വാക്സിൻ കിട്ടാതെ കരഞ്ഞ് വിളിച്ച് സുഭദ്ര എത്തിയത് സമരക്കാരുടെ മുന്നിൽ; പ്രശ്നം തിരക്കിയ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ ഇടപെട്ടപ്പോൾ ഞൊടിയിൽ സുഭദ്രയ്ക്ക് വാക്സീൻ കിട്ടി !

author-image
സുനില്‍ പാലാ
New Update

രാമപുരം : രാമപുരം ഗവ. ആശുപത്രിയിലെ വാക്സീൻ വിതരണത്തിൽ അപാകതയുണ്ടെന്നും മാസങ്ങളായിട്ടും  പലർക്കും രണ്ടാം ഘട്ട  വാക്സീൻ  കിട്ടുന്നില്ലെന്നും ആരോപിച്ച് ബി.ജെ.പി. യുടെ നേതൃത്വത്തിൽ ആശുപത്രി പടിക്കൽ സമരം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് രാമപുരം കുന്നുംപുറം നെല്ലുകോട്ടിൽ സുഭദ്ര (64) കരഞ്ഞു വിളിച്ച് സ്ഥലത്തെത്തിയത്.

Advertisment

publive-image

അംഗ പരിമിത കൂടിയായ താൻ ഇതിനു മുമ്പ് രണ്ടു തവണ രാമപുരം ആശുപത്രിയിൽ എത്തിയിട്ടും ജീവനക്കാർ രണ്ടാം ഘട്ട വാക്സിൻ നൽകിയില്ലെന്നായിരുന്നു ഈ 64-കാരിയുടെ പരിദേവനം. മൂന്നാം തവണത്തെ ഈ വരവിനെങ്കിലും വാക്സിൻ തരണേ എന്നായിരുന്നു ഇവരുടെ അപേക്ഷ.

ബി.ജെ.പി. രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ജയൻ കരുണാകരനോടും ബി.ജെ. പി. പ്രതിനിധികളായ പഞ്ചായത്ത് മെമ്പർമാരോടും തന്നെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് സുഭദ്ര താണുകേണപേക്ഷിച്ചു.തീർച്ചയായും പരിഹാരമുണ്ടാക്കാമെന്ന്  ഉറപ്പു നൽകിയ ബി.ജെ.പി. നേതാക്കൾ അടുത്തുള്ള ബെഞ്ചിൽ ഇവരെയിരുത്തി.

ഇതിനിടെ ഇതെല്ലാം കണ്ടു കൊണ്ടു നിന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം എസ്. ഐ. സജി ജോർജ് സുഭദ്രയെ സമീപിച്ച് കാര്യം തിരക്കി. എസ്.ഐ.യ്ക്ക് മുന്നിലും പൊട്ടിക്കരഞ്ഞ് ഈ വയോധിക തൻ്റെ ദുരവസ്ഥ വിശദീകരിച്ചു.

ഉടൻ തന്നെ രാമപുരം ഗവ. ആശുപത്രിയിലെ വാക്സീൻ വിതരണ ചുമതലയുള്ള ഒരു  ആരോഗ്യ പ്രവർത്തകയെ ഫോണിൽ വിളിച്ച സജി ജോർജ്, എത്രയും വേഗം സുഭദ്രയ്ക്ക് വാക്സീൻ ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചു. ഇതോടെ വയോധികയുടെ സങ്കടക്കണ്ണീർ ആനന്ദക്കണ്ണീരായി.

വാക്സീൻ വിതരണം ഗവ. ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരുന്നു. ഇവിടേയ്ക്ക് ഓട്ടോയിൽ പൊയ്ക്കൊള്ളാൻ പോലീസ് നിർദ്ദേശിച്ചെങ്കിലും കയ്യിൽ പൈസയില്ലാത്തതിനാൽ സുഭദ്ര വിഷമിച്ചു. എങ്കിൽ ഓട്ടോ ചാർജ് താൻ തരാമെന്നായി എസ്. ഐ. സജി.

ഒടുവിൽ  ഇതു കണ്ടു നിന്ന ബി.ജെ. പി. പ്രതിനിധികളായ പഞ്ചായത്ത് മെമ്പർമാർ ഈ അമ്മയെ കാറിൽ വാക്സിൻ വിതരണ സ്ഥലത്തു കൊണ്ടുചെന്നാക്കി.

പ്രമേഹവും, സന്ധിവാതവുമെല്ലാം അലട്ടുന്ന സുഭദ്ര  ആദ്യ വാക്സിനെടുത്തത് മാർച്ച് 16-നായിരുന്നു. നീണ്ട മൂന്നു മാസത്തെ  കാത്തിരിപ്പ് കഴിഞ്ഞിട്ടും രണ്ടാം ഘട്ട വാക്സീൻ ലഭിക്കാത്തതിൽ സങ്കടപ്പെട്ട്  ഇതിനു മുമ്പ് രണ്ടു തവണ വീട്ടിൽ നിന്ന് നടന്ന് ഇവർ രാമപുരം ഗവ. ആശുപത്രിയിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

സുഭദ്രയുടെ സങ്കടക്കാത്തിരിപ്പിന്  മൂന്നു മിനിട്ടു കൊണ്ട് പരിഹാരം കണ്ട എസ്. ഐ. സജി ജോർജിനെ ബി.ജെ.പി. നേതാക്കൾ അഭിനന്ദിച്ചു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും നന്ദിയുണ്ടെന്നും പറഞ്ഞ് തൊഴുകൈകളോടെയാണ് ഈ വയോധിക വാക്സീൻ കേന്ദ്രത്തിൽ നിന്നും മടങ്ങിയത്.

covid vaccine
Advertisment