Advertisment

സംസ്ഥാന സർക്കാരിലേക്ക് സഹകരണ സ്ഥാപനങ്ങളെ പിഴിഞ്ഞ് പണം എത്തിക്കുന്നു . ;ഒരു വാക്സിൻ പോലും കിട്ടാതെ സംസ്ഥാനത്തെ സഹകരണ ബാങ്ക് ജീവനക്കാർ

New Update

ഇടുക്കി :സാധാരണക്കാരായ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്കുകളിലെ ജീവനക്കാരോട് സംസ്ഥാന സർക്കാർ അവഗണ കാട്ടുന്നതായി ആക്ഷേപം .വിവിധ വിഭാഗങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നല്കിയപ്പോഴും സഹകരണ ജീവനക്കാർ ഈ പട്ടികയിൽ ഇതുവരെയും വന്നിട്ടില്ല .

Advertisment

സംസ്ഥാന സർക്കാരിന്റെ വാക്സിൻ ചലഞ്ചു എന്ന പേരിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിനു രൂപയാണ് സംസ്ഥാന ഖജനാവിൽ എത്തിയത് .സർക്കാരിന്റെ ധന പ്രതിസന്ധിയിൽ സഹകരണ മേഖലയെ ചൂഷണം ചെയ്യുന്നവർ ജീവനക്കാരുടെ കാര്യത്തിൽ പുറം തിരിഞ്ഞു നിൽക്കുകയാണ് .

നാട് അടച്ചിടുമ്പോഴും നിയന്ത്രണം പാലിച്ച് തുറന്നിരിക്കേണ്ടവയാണ് ബാങ്കുകൾ. കേരളത്തിലാണെങ്കിൽ സഹകരണ ബാങ്കുകളും ഒരുവിഭാഗം സഹകരണ സംഘങ്ങളും അടച്ചിടാനെ കഴിയാത്തവിധം ജനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. പെൻഷൻ, ഭക്ഷ്യകിറ്റ് എന്നിവയുടെ വിതരണത്തിലും സംഭരണത്തിലുമെല്ലാം സഹകരണ സ്ഥാപനങ്ങളുടെ പങ്ക് ഏറെയാണ്. പേരിൽ സഹകരണ – ബാങ്കിങ് മേഖലയിലുള്ളവരെല്ലാം കോവിഡ് പോരാളികളാണ്.

പക്ഷേ, വാക്സിൻ വിതരണത്തിന് മാത്രം ഈ പരിഗണനയില്ല. സഹകരണ മേഖലയിലെ ജീവനക്കാരുടെ എല്ലാസംഘടനകളും വാക്സിൻ വിതരണത്തിൽ മുൻഗണന വിഭാഗക്കാരായി ഇവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രന്റ് നേതൃത്വത്തിൽ പല പ്രതിഷേധങ്ങളും സംഘടിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇപ്പോഴും സഹകരണ ജീവനക്കാരെ അവഗണിക്കുകയാണ് .

കുടുംബശ്രീക്കുള്ള വായ്പ വിതരണം, കെ.എസ്.ആർ.ടി.സി. പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ, മറ്റ് ഇടപാടുകൾ എന്നിവയെല്ലാം കാരണം സഹകരണ സംഘങ്ങളിലെ ജീവനക്കാർ കൂടുതലായി ജനങ്ങളോട് ഇടപഴകേണ്ടിവരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. . ഇതൊന്നും സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടാകാൻ കാരണമായിട്ടില്ല.

രാജ്യത്തെ മുഴുവൻ ബാങ്ക് ജീവനക്കാർക്കും കോവിഡ് വാക്സിൻ കുത്തിവെയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം, വിവിധ സംസ്ഥാനസർക്കാരുകൾ എന്നിവയോട് കേന്ദ്ര ധനകാര്യമന്ത്രാലയം നിർദേശിച്ചിരുന്നതാണ്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ, എച്ച്.ഡി.എഫ്.സി.ബാങ്ക്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.

ബാങ്ക് ജീവനക്കാർ കോവിഡ് ബാധിതരായി മരിച്ച സംഭവങ്ങൾ കേന്ദ്രധനവകുപ്പ് ആരോഗ്യമന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. സംസ്ഥാനസർക്കാരുകൾക്ക് കീഴിലുള്ള ജീവനക്കാർക്കെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുൻപായി കോവിഡ് വാക്സിനേഷൻ ഒന്നും രണ്ടും ഘട്ടം പൂർത്തീകരിച്ചിരുന്നു. അപ്പോഴും ബാങ്ക് ജീവനക്കാരെ പരിഗണിച്ചില്ല. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ബാങ്കുകൾ മുഖേനയാണ് നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ കോവിഡ് കാല സഹായമടക്കം സഹകരണ ബാങ്കുകളെ ആശ്രയിച്ചാണ് നടത്തുന്നത്.

ഡിജിറ്റൽ ബാങ്കിങ് പരമാവധി പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും ഇന്ത്യൻ ഗ്രാമീണ സാഹചര്യത്തിൽ അത്ര ഫലപ്രദമായില്ല. കോവിഡ് കാലത്തും ബാങ്കിനെ നേരിട്ടാശ്രയിക്കുന്ന ഉപഭോക്താക്കളാണ് കൂടുതലും. വർക്ക് ഫ്രം ഹോം സൗകര്യവും ബാങ്കിങ് മേഖലയിൽ കാര്യമായിട്ട് നടപ്പായിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി 229-ാം റിപ്പോർട്ടിൽ ബാങ്ക് ജീവനക്കാരെ കോവിഡ് പോരാളികൾ എന്ന ഗണത്തിലുൾപ്പെടുത്തിയിരുന്നു. ലോക്ഡൗൺ കാലയളവിലും മികച്ച സേവനം നൽകി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ തകർച്ചകൂടാതെ നിലനിർത്തി.

കോവിഡ് വ്യാപനമേഖലയിലെല്ലാം ബാങ്ക് പ്രവർത്തനം തടസ്സമില്ലാതെ നടന്നു എന്നതുകൂടി പരിഗണിച്ചാണ് കോവിഡ് പോരാളികൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിലും സർക്കാരിനുള്ള സാമ്പത്തിക പിന്തുണയിലും കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഇടപെടലിനെ മുഖ്യമന്ത്രി പലവട്ടം ശ്ലാഘിച്ചിട്ടുണ്ട്. പക്ഷേ, തൊട്ടടുത്തുള്ളവർ മരണത്തിന് കീഴടങ്ങുമ്പോൾ ആധിയും ആശങ്കയും നിറയുന്ന സഹകരണ ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലഎന്നാണ് ജീവനക്കാരുടെ പരാതി .

covid vaccine
Advertisment