Advertisment

സ്വര്‍ണക്കടത്തിനെ മറയാക്കി സിപിഎമ്മില്‍ വീണ്ടും വിഭാഗീയതയുടെ നാളുകളോ.? ശിവശങ്കറിനെ പ്രകോപിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് ആരെ. സ്വപ്ന വിവാദം പുതിയ തലങ്ങളിലേക്ക്

New Update

publive-image

Advertisment

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയിലേക്കെത്തിയതോടെ താല്‍ക്കാലികമായി പത്തിമടക്കിയ സിപിഎമ്മിലെ വിഭാഗീയത സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ മെല്ലെ തലപ്പൊക്കുന്നതായി സൂചന. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ വിമത ശബ്ദങ്ങളോ വിമര്‍ശനമോ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഉണ്ടായിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതുപക്ഷേ അദ്ദേഹത്തിന്‍റെ ഭരണമികവോ, നേട്ടമോ അല്ല മറിച്ച് അദ്ദേഹത്തോടുള്ള നേതാക്കളുടെ ഭയമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകാതിരുന്നതിന്‍റെ കാരണമായി വിലയിരുത്തപ്പെട്ടത്.

ഉപദേശകര്‍ വിലസിയ ഓഫീസ്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ നാളുകളില്‍ മുഖ്യമന്ത്രി നേരത്തെ മുന്നറിയിപ്പു നല്‍കിയ അവതാരങ്ങളെ മാറ്റിനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. എന്നാല്‍ പതുക്കെ അവതാരങ്ങള്‍ ഉപദേശകരുടെ രൂപത്തില്‍ എത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പാര്‍ട്ടി നിയന്ത്രണം കൈവിട്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജനെ നിയമിച്ചത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം എം.വി ജയരാജന്‍ എത്തിയതോടെ ഓഫീസിലെ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടലുകള്‍ നടന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ പോയതോടെ കാര്യങ്ങള്‍ വീണ്ടും പഴയവഴിയായി. വടകരയില്‍ പി.ജയരാജന്‍ ലോക്സഭാ സ്ഥാനാര്‍ഥിയായതോടെയാണ് എം.വി ജയരാജനു ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കേണ്ടി കന്നതെന്നു പറയുന്നുണ്ടെങ്കിലും അതു സത്യത്തില്‍ പി.ജയരാജനെ ഒതുക്കാനായിരുന്നുവെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

ശിവശങ്കര്‍മാരുടെ ഓഫീസ്

എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിട്ടതോടെ കാര്യങ്ങള്‍ എം.ശിവശങ്കറടക്കമുള്ളവരുടെ കയ്യിലായി. ഐ.ടി വകുപ്പ് കൂടി കയ്യിലിരുന്നതോടെ ശിവശങ്കറിന്‍റെ സ്വാധീനം പതിന്‍മടങ്ങായി. പലപ്പോഴും പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണു നടക്കുന്നതെന്നുപോലും അറിയാതെയായി. ഇതോടെ പലര്‍ക്കും അതൃപ്തിയുയര്‍ന്നെങ്കിലും മുഖ്യമന്ത്രിയെ ഭയന്ന് ഒന്നും മിണ്ടിയില്ല. ഈ അസംതൃപ്തരായ നേതാക്കള്‍ക്ക് ഇപ്പോള്‍ കിട്ടിയ പിടിവള്ളിയാണ് സ്വര്‍ണക്കടത്ത് വിവാദം. മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തിന് ഇനി കാര്യങ്ങള്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് എണ്ണത്തില്‍ ചെറുതെങ്കിലും ഈ വിഭാഗം.

വീണ്ടുമൊരു വിഭാഗീയതക്കാലമോ.?

ചോദ്യംചെയ്യപ്പെടാനാവാതെ മുമ്പോട്ടു കുതിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഒറ്റപ്പെട്ട ചില സ്വരങ്ങള്‍ പാര്‍ട്ടി ഫോറങ്ങളിലെങ്കിലും ഉയരുന്നു എന്നത് കാണാതെ പോകരുത്. ഇതിനിടെയാണ് ഒരു മുതിര്‍ന്ന നേതാവ് തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഐ.എ.എസുകാരനെ കടന്നാക്രമിച്ച് രംഗത്തുവന്നത്. ഈ ആക്രമണത്തിന്‍റെ പ്രധാന ഉദ്ദേശം ഈ ഐ.എ.എസുകാരനെ പ്രകോപിപ്പിക്കുക എന്നതു തന്നെയാണെന്നും വിലയിരുത്തപ്പെടുന്നു. വിശ്വസിച്ചവര്‍ കൈവിട്ടു എന്ന നിലയിലേക്ക് വന്നാല്‍ അതു ചിലപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നും അത് മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കാന്‍ സഹായിക്കുമെന്നും കരുതപ്പെടുന്നു. നേരത്തെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇതേ നേതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ വിമര്‍ശനം സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരത്തിലേക്ക് നയിച്ചിരുന്നു. ഇത്തവണയും ഈ നേതാവിന്‍റെ പ്രസ്താവനയുടെ ലക്ഷ്യവും ഇതുതന്നെയാകാമെന്നു കണക്കുക്കൂട്ടുന്നു.

വാല്‍ക്കക്ഷണം: സ്വര്‍ണക്കടത്ത് വിവാദത്തിന്‍റെ തുടക്കത്തില്‍ ശിവശങ്കറിനെ സീതാ ദേവിയോട് ഒരു പ്രമുഖനായ സിപിഎം നേതാവ് താരതമ്യം ചെയ്തിരുന്നു. ഇപ്പോഴിതാ രാമായണമാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വേട്ടയാടിയെന്നു മന്ത്രി ജി.സുധാകരനും.

cpm kerala
Advertisment