Advertisment

ശിവശങ്കറിനുമേല്‍ കുരുക്കു മുറുകിയതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലേക്ക്. കളങ്കിത മന്ത്രിമാരെ രാജിവപ്പിച്ച് മുഖം മിനുക്കലിന് നീക്കം ? ശിവശങ്കര്‍ അറസ്റ്റിലായാലുള്ള തുടര്‍ നീക്കങ്ങള്‍ക്കായി തിരക്കിട്ട കൂടിയാലോചനകള്‍. നേരറിയാന്‍ സി.ബി.ഐ വരുമോയെന്നും ആശങ്ക !

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കുരുക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് മേല്‍ മുറുകിയതോടെ സിപിഎമ്മും കൂടുതല്‍ പ്രതിരോധത്തിലേക്ക്. നേരത്തെ ഈ കേസ് സംബന്ധിച്ച അന്വേഷണം വിഷയങ്ങള്‍ പരമാവധി എം.ശിവശങ്കറിന്‍റെ തലത്തില്‍ നില്‍ക്കുമെന്നു സിപിഎം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന പേടി ഇപ്പോള്‍ പാര്‍ട്ടിക്കുണ്ട്.

ആദ്യം സ്വര്‍ണക്കടത്ത് കേസ് എന്ന നിലയില്‍ മാത്രമായിരുന്നു കാര്യമെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായും മാറിയിരിക്കുന്നു. സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികളില്‍ എം.ശിവശങ്കര്‍ ഇടപെട്ടോ അതൊക്കെ അഴിമതിയില്‍ കലാശിച്ചു എന്നതിലാണ് സിപിഎമ്മിന് ആശങ്ക.

publive-image

ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്ര പ്രാധാന്യം വന്നതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്ന ലേബല്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ശിവശങ്കര്‍ വഞ്ചകനാണെന്നു പറഞ്ഞത് പാര്‍ട്ടിക്ക് കൈയ്യൊഴിയാനായാലും മുഖ്യമന്ത്രിക്ക് അതു കഴിയുകയില്ല. അതുതന്നെയാണ് സിപിഎം നേരിടുന്ന പ്രധാന പ്രശ്നം.

ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരിയിലെ ഒരൊറ്റ പദ്ധതിയിയില്‍ നിന്നും മൂന്നുകോടി അറുപത് ലക്ഷം രൂപ സ്വപ്നയ്ക്കും മറ്റു ഉന്നതര്‍ക്കുമായി കിട്ടിയെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിട്ടുള്ളത്. ഇതു സ്വപ്നയ്ക്കും ശിവശങ്കറിനും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും മാത്രമല്ല ചില നേതാക്കള്‍ക്കും ലഭിച്ചതായും സൂചനകളുണ്ട്. ഇതു ഉന്നതരായ നേതാക്കളിലേക്ക് അന്വേഷണം വരുന്നു എന്നതിന്‍റെ സൂചനയാണ്.

അങ്ങനെയെങ്കില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ഒതുങ്ങില്ല. അതാണ് ഇപ്പോള്‍ സിപിഎമ്മിനെ കുഴയ്ക്കുന്നത്. നേരത്തെ എന്‍.ഐ.എ അന്വേഷണത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തതു തന്നെ എന്‍.ഐ.എയ്ക്ക് ഷെഡ്യൂള്‍ഡ് ക്രൈമുകള്‍ക്ക് അപ്പുറത്തേക്ക് അന്വേഷണം നടത്താനാവില്ല എന്ന ഉറപ്പിലാണ്.

അഴിമതിയാരോപണങ്ങള്‍ നീണ്ടാല്‍ അത് സി.ബി.ഐ വരണം എന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിന് ശക്തി പകരും. വിദേശ രാജ്യങ്ങളില്‍ ഗൂഢാലോചന നടന്ന കേസായതിനാല്‍ സംസ്ഥാനത്തെ ഏതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ച് കണ്ണില്‍പ്പൊടിയിടാനും സര്‍ക്കാരിന് കഴിയില്ല.

ഇതോടെ ആരോപണവിധേയരായ മന്ത്രിമാരെ മാറ്റി പകരം പുതിയ ആളുകളെ കൊണ്ടുവന്നു പ്രശ്നങ്ങള്‍ തണുപ്പിക്കാനാവുമോയെന്ന ചര്‍ച്ചയും സിപിഎമ്മിനുള്ളില്‍ സജീവമാണ്. മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്.

അതിനിടെ നിലവിലെ വിവാദങ്ങളില്‍ വിശദീകരണ ലഘുലേഖയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിശദീകരണം നടത്തുന്നുണ്ട്. എന്നാല്‍ ഓരോ ദിവസുമെത്തുന്ന പുതിയ പുതിയ അഴിമതി കഥകള്‍ പ്രവര്‍ത്തകരെയും മടുപ്പിക്കുന്നുണ്ട്.

cpm m sivasankar
Advertisment