Advertisment

പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ നാലു മുതൽ 22 വരെ നടക്കും

മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിച്ച, പ്രതിപക്ഷത്തിന്റെയും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല.

New Update
winter session parliament.jpg

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ നാലു മുതല്‍ ഡിസംബര്‍ 22 വരെ നടക്കും. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വേണ്ടി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സെഷന്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു ദിവസം നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഈ സമ്മേളനത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വലിയ സ്വാധീനം ചെലുത്തും. 

Advertisment

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ 'ചോദ്യത്തിന് കൈക്കൂലി' ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഈ ശീതകാല സമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന പുറത്താക്കല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സഭ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് സഭയില്‍ അവതരിപ്പിക്കുന്നത്. 

കൂടാതെ, ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ലക്ഷ്യമിടുന്ന മൂന്ന് സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്തേക്കും. ഇതു സംബന്ധിച്ച് മൂന്ന് റിപ്പോര്‍ട്ടുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ കെട്ടിക്കിടക്കുന്നതാണ് മറ്റൊരു പ്രധാന ബില്‍.

മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിച്ച, പ്രതിപക്ഷത്തിന്റെയും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണരുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും പദവി മന്ത്രിസഭയുടേതിന് തുല്യമായി കൊണ്ടുവരുന്നതാണ് ബില്‍. നിലവില്‍ സുപ്രീം കോടതി ജഡ്ജി പദവിയാണ് ഇവര്‍ അനുഭവിക്കുന്നത്.

നവംബര്‍ മൂന്നാം വാരത്തില്‍ ആരംഭിച്ച് ഡിസംബര്‍ 25 ന് മുമ്പ് അവസാനിക്കുന്ന രീതിയിലാണ് സാധാരണഗതിയില്‍ ശീതകാല സമ്മേളനം നടന്നിരുന്നത്. ഇത്തവണ 19 ദിവസങ്ങളിലായി 15 സിറ്റിങ്ങുകള്‍ സെഷനില്‍ ഉണ്ടാകുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 

 

parliament
Advertisment