Advertisment

മാനിപുരം താമരശ്ശേരി റൂട്ടിലെ അണ്ടോണ വളവിൽ ഇനിയൊരു ജീവൻ പൊലിയരുത്; പരാതിയുമായി ഡിവൈഎഫ്ഐ

New Update

publive-image

Advertisment

താമരശ്ശേരി: മാനിപുരം താമരശ്ശേരി റൂട്ടിൽ അണ്ടോണയിലെ അപകട വളവിൽ ഇനിയൊരു ജീവൻ പൊലിയാനുള്ള സാഹചര്യം ഉണ്ടാവരുത് എന്ന ആവശ്യമുന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഡിവൈഎഫ്ഐ പരാതി നൽകും.

20 വർഷത്തിനുള്ളിൽ അപകടം മൂലം 8 പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. സി ആകൃതിയിലുള്ള ഈ വളവിലെത്തുമ്പോൾ കൃത്യമായി ഈ വളവിനെക്കുറിച്ചു ധാരണയില്ലാത്ത ഡ്രൈവർമാരുടെ നിയന്ത്രണം പിഴക്കുമെന്നത് തീർച്ചയാണ്.

അങ്ങനെവരുന്ന പിഴവ് 20 അടിയിലധികം താഴ്ചയുള്ള തോട്ടിലേക്ക് പതിക്കാൻ ഇടവരുത്തുന്നു. 4 ദിവസം മുൻപ് 26 വയസ്സുള്ള മുഹമ്മദ് ഇഷാദ് എന്ന ചെറുപ്പക്കാരന്റെ ബൈക്കപകടമരണം നാട്ടുകാരെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ സംഭവമാണ്.

2017ൽ മുൻ എംഎല്‍എ കാരാട്ട് റസാഖിന്റെ ഇടപെടൽ മൂലം 36 കോടി രൂപ വകയിരുത്തി വരിയട്ട്യാക്ക് മുതൽ താമരശ്ശേരി വരെ റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചു. എന്നാൽ ടെണ്ടർ പിടിച്ച നാഥ് കൺസ്ട്രക്ഷൻ കമ്പനിയുടെ അനാസ്ഥമൂലം നവീകരണ പ്രവർത്തി നീണ്ടുപോകുകയും പൂർത്തീകരണത്തിലെത്താതെ 2021വർഷം പകുതിയിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.

ഇതിനിടെ 9 കോടി രൂപകൂടി അധികമായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്, എന്നിട്ടുപോലും പണി പൂർത്തീകരിക്കുന്ന കാര്യത്തിൽ ഈ കമ്പനി കാണിച്ചിട്ടുള്ള അനാസ്ഥയുടെ ഭാഗമായിട്ടുള്ള അശാസ്ത്രീയ താൽക്കാലിക നിർമ്മാണ രീതിയും ഈ വളവിലെ അപകട ഭീഷണി വർദ്ധിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്.

ഇനിയൊരു ജീവൻ ഈ അപകട വളവിൽ പൊലിയാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായി ‍ഡിവൈഎഫ്ഐ വാവാട് മേഖലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ബ്ലോക്ക് സെക്രട്ടറി മഹറൂഫ് തട്ടാഞ്ചേരി പ്രസിഡണ്ട് വി. ലിജു, ജോ.സെക്രട്ടറി കെ.കെ ഷിജിൽ മേഖല സെക്രട്ടറി ഷെബിൻ ലാൽ, സിപിഐഎം ബ്രാഞ്ച് സെകട്ടറി രതീഷ് കുമാർ, ജിജിൽ. ഇ.ആർ, പി.കെ സനിൽ എന്നിവർ അപകടമേഖലയിൽ സന്ദർശനം നടത്തുകയും പൊതുമരാമത്തു വകുപ്പുമന്ത്രി മുഹമ്മത് റിയാസിന് നിജസ്ഥിതികൾ ബോധ്യപ്പെടുത്തി ഇതിനൊരു പരിഹാരം ഉണ്ടാക്കുന്നതിനുവേണ്ടി നിവേദനം നൽകുവാനും തീരുമാനിച്ചിരിക്കുകയാണ്.

kozhikode news
Advertisment