ഡീൽ ഓർ നോ ഡീൽ, ഇതാണ് ഇപ്പോള്‍ കേരളത്തിൽ സംഭവിക്കുന്നത്. സിപിഎമ്മിലും കോൺഗ്രസ്സിലും ബിജെപിയിലും അണികൾക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ഇതിനൊക്കെ പിന്നിൽ ‘ലൂസിഫർ’ കളികളാണ് – ദാസനും വിജയനും

ദാസനും വിജയനും
Thursday, March 18, 2021

ഡീൽ ഓർ നോ ഡീൽ, അതുതന്നെയാണ് ഇന്നത്തെ കേരളത്തിൽ സംഭവിക്കുന്നത്. സിപിഎമ്മിലും കോൺഗ്രസ്സിലും ബിജെപിയിലും മുൻപില്ലാത്ത വിധത്തിൽ വിമതസ്വരങ്ങൾ ഉയരുന്നത് എന്തുകൊണ്ടെന്നത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഒന്നാമതായി അണികൾക്ക് നേതാക്കളിലുള്ള വിശ്വാസം എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു. നിങ്ങൾക്ക് കക്കാമെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് കയ്യിട്ട് വാരാമെങ്കിൽ ഞങ്ങൾക്കും അതൊക്കെ ആവാമെന്ന മട്ടിലാണ് ഇന്നത്തെയും ഇന്നലത്തേയും ഒക്കെ പ്രസ്താവനകൾ കൊണ്ട് നമ്മുക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ.

ശരിക്കും കേരളത്തിൽ ഡീൽ എന്ന വാക്ക് തന്നെ കണ്ടുപിടിച്ചത് ബിജെപി നേതാക്കളാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി , എൺപതുകളിൽ ആരംഭിച്ച വോട്ടുകച്ചവടം ഒട്ടും മോശമല്ലാത്ത അവസ്ഥയിൽ തകൃതിയായി നടക്കുമ്പോൾ ചെറിയ ചെറിയ ഡീലുകളാൽ ജീവിച്ചുപോന്നിരുന്ന ഇന്നത്തെ പാർട്ടി പ്രമുഖന്‍ ഇപ്പോള്‍ വലിയ വലിയ ഡീലുകളിൽ കൈ വെച്ചിരിക്കുകയാണ്.

പണ്ടൊക്കെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന സമയത്ത് ചില പേരുകൾ പറയുവാനും ചില പേരുകൾ പറയാതിരിക്കുവാനും അല്ലറചില്ലറ ഡീലുകൾ വെച്ചിരുന്നു എന്നതല്ലാതെ വലിയ ഡീലുകൾ നടത്തിയിരുന്നത് പ്രാദേശികമായ നേതാക്കന്മാർ ആയിരുന്നു.

ഇന്നത്തെ കാലം മാറി. ഹെലികോപ്റ്ററിൽ യാത്രചെയ്യുവാൻ തുടങ്ങിയ മനുഷ്യർ ഡീലുകളിലും ആ വലുപ്പം കാണിച്ചു തുടങ്ങിയിരിക്കുന്നു. ശരിക്കും ഡീൽ മേക്കർമാർ കണ്ണൂരിലെ ഇടതുപക്ഷ നേതാക്കന്മാർ തന്നെ എന്നതിൽ യാതൊരു സംശയവുമില്ല.

ശരിക്കും ഇതിനെല്ലാം വഴി മരുന്നിട്ട് എല്ലാവരെയും കളികൾ പഠിപ്പിച്ചു കൊടുത്തത് സാക്ഷാൽ കെ കരുണാകരൻ ആയിരുന്നു.

കരുണാകരന്റെ പാത പിന്തുടർന്ന് കേകേരളത്തിലെ സിപിഎം, പ്രധാനമായും പിണറായി വിജയനും, ഇപി ജയരാജനും, കൊടിയേരിയുമൊക്കെയാണ് ഡീൽ മേക്കർമാർ. പക്ഷെ പിണറായി വിജയൻ ഓരോരോ ജില്ലയിലും ഓരോരോ ഡീൽ മേക്കർമാരെ നിയോഗിക്കുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയുടെ ഡീൽ മേക്കറായി ചെങ്ങന്നൂർ എംഎൽഎയെ നിയോഗിച്ചത്.

ആ എംഎൽഎയുടെ സീറ്റ് ഉറപ്പിക്കുവാനായാണ് 1987 മുതൽ ബിജെപി സ്ഥാനാർത്ഥികൾക്ക് ഏറ്റവുമധികം വോട്ടുലഭിച്ചുകൊണ്ടിരിക്കുന്ന ചെങ്ങന്നൂർ എന്ന മണ്ഡലത്തിൽ സ്ഥലം എംഎൽഎയുടെ തന്നെ നോമിനിയെ ബിജെപിയുടെ സ്ഥാനാർത്ഥിയാക്കുകയും വർഷങ്ങളോളം പാർട്ടിക്കുവേണ്ടിയും പ്രസ്ഥാനത്തിന് വേണ്ടിയും അഹോരാത്രം പണിയെടുക്കുന്നവരെ ഒതുക്കി നിർത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമായതും. ആ വിവരങ്ങൾ അവരിൽ നിന്ന് തന്നെ വെളിയിൽ വരുകയും ചെയ്തത് .

എല്ലാ കളികൾക്കും ഒരവസാനമുണ്ട് എന്നതിന്റെ തെളിവുകൂടിയാണ് നമ്മൾ കണ്ടത്.

ശ്രീധരൻ പിള്ളയും ആർഎസ്എസിന്റെ പ്രബലനുമായ ബാലശങ്കറുമായി ചെങ്ങന്നൂരിലെ ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാർ ചർച്ചകൾ നടത്തുകയും അവർ മോദിജിയെ കാണുവാൻ ഡൽഹിയിലേക്ക് പുറപ്പെടുകയും ചെയ്തു.

എങ്ങനെയെങ്കിലും ചെങ്ങന്നൂർ സീറ്റ് പിടിക്കുവാൻ ക്രിസ്ത്യൻ മത മേലധ്യക്ഷന്മാരിൽ പ്രധാനികളായ യാക്കോബായ സഭയുടെ വക്താവും ക്നാനായ സഭാനേതാവുമൊക്കെ ബിജെപിയുമായി ഡീൽ ഉറപ്പിക്കുന്നതിനിടയിൽ കേരളത്തിലെ ബിജെപി നേതാക്കൾ ആർഎസ്എസ് നേതാവിനെ കാലുവാരി.

ഉടനെ ദൽഹി ചർച്ച ആർഎസ്എസ് അവസാനിപ്പിച്ച് സഭ നേതാക്കൾ നാട്ടിലേക്ക് വണ്ടി കയറുകയും ചെയ്തു. ഇതാണ് ഇപ്പോൾ സംഭവിച്ചതും ഇനി കാണുവാൻ ഇരിക്കുന്നതും.

കേരളത്തിലും ഇന്ത്യയിലും ബിജെപിയെ വളർത്തുന്നതും നിയന്ത്രിക്കുന്നതും ആർഎസ്എസ് എന്ന സംഘടനയുടെ പ്രത്യേക കഴിവിന്മേലാണ്. അതിലെ ലക്ഷക്കണക്കിന് പ്രവർത്തകന്മാർ ജീവൻ പണയം വെച്ചും സമയം മെനക്കെടുത്തിയുമാണ് കേരളത്തിൽ ബിജെപി ഇത്രയെങ്കിലും വളർന്നത്.

പക്ഷെ പകൽ മുഴുവൻ വെള്ളം കോരിയിട്ടു രാത്രി കുടമുടക്കുന്ന രീതികളാണ് കേരളത്തിലെ ബിജെപി നേതാക്കന്മാർ ചെയ്തു കൊണ്ടിരിക്കുന്നത് . ഈ സ്വര്ണക്കടത്തിൽ വരെ ബിജെപിയും സിപിഎമ്മും ഒരമ്മ പെറ്റ മക്കളെപോലെയാണ് കാര്യങ്ങൾ നീക്കുന്നത്.

ഈ സ്വർണക്കടത്തു വിഷയവും ഡോളർ കടത്തു വിഷയവും സ്പീക്കറിലേക്ക് എത്തിയപ്പോൾ ആ വിഷയം തിരഞ്ഞെടുപ്പിന് മുൻപായി ചർച്ച ചെയ്യാതിരിക്കുവാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരു കണക്കപിള്ളക്ക് റോൾസ്‌റോയ്‌സ് കാറാണ് സ്വര്ണക്കടത്തുകാർ സമ്മാനമായി നൽകിയത്.

ആർഎസ്എസ് -സിപിഎം കോമ്പ്രമൈസ് കളികൾക്ക് ചുക്കാൻ പിടിച്ച സ്വാമിക്കും ഈ മാഫിയയുമായി ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ പൊതുവായ കണക്കനുസരിച്ചു 40 നിയമസഭാ സീറ്റുകൾ കുത്തകയും, 40 സീറ്റുകൾ 10000 വോട്ടുകളുടെ ഭൂരിപക്ഷവും 40 സീറ്റുകൾ 3000 മുതൽ 6000 വരെ വോട്ടുകളും ബാക്കി 20 എണ്ണം 10 വോട്ട് മുതൽ 3000 വോട്ടുവരെ ഭൂരിപക്ഷവുമുള്ള മണ്ഡലങ്ങളാണ്.

ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പിഡിപി, എസ്ഡിപിഐ പോലുള്ള പാർട്ടികളുടെ വിലപേശലുകൾ നടന്നിരുന്നത്. ഒപ്പം ബിജെപിയും. പൂന്തുറ സിറാജ് -പിണറായി വിജയൻ അച്ചുതണ്ട് ഇക്കളികൾ വളരെയധികം പരീക്ഷിച്ചുനോക്കിയതാണ്.

അതുപോലെ ഇപ്പോൾ സുരേന്ദ്രൻ – പിണറായി അച്ചുതണ്ടിന്റെ ഇടനിലക്കാരൻ ഒരു ‘കർത്താവാണ്’ ? അദ്ദേഹമാണ് ബിജെപിക്ക് മലമ്പുഴ, മഞ്ചേശ്വരം, തൃശൂർ, നേമം, കോന്നി, കഴക്കൂട്ടം പോലെയുള്ള മണ്ഡലങ്ങളിൽ വിജയം സമ്മാനിച്ചുകൊണ്ട് ബാക്കിയുള്ള സീറ്റുകളിൽ സിപിഎമ്മിനെ സഹായിക്കാമെന്ന് വാക്ക് കൊടുത്തിട്ടുള്ളതെന്നൊക്കെയാണ് വിമതര്‍ പാടി നടക്കുന്നത്.

അപ്പോഴും ചെങ്ങന്നൂർ ബിജെപിക്ക് വിട്ടുകൊടുക്കുവാൻ സിപിഎം തയാറാകാത്തതിനാലാണ് ഈ കള്ളത്തരം ഇപ്പോൾ പൊളിഞ്ഞത്.

കേരളത്തിലെ സിപിഎം സ്ഥാനാർത്ഥികളിൽ 38 പേരെ പുതുമുഖങ്ങൾ ആക്കിയപ്പോൾ അതിൽ പകുതിയും ബിജെപിയുടെ നോമിനികൾ ആണെന്നു ശത്രുക്കള്‍ പറഞ്ഞു നടക്കുന്നു.

ആ വിശ്വാസത്തിലാണ് ബിജെപി പ്രസിഡണ്ട് 40 സീറ്റുകൾ ഞങ്ങളെ ജയിപ്പിക്കൂ , ഭരണം എങ്ങനെ ഉണ്ടാക്കാം എന്നത് ഞങ്ങൾ കാണിച്ചുതരാം എന്ന വീര വാദം മുഴക്കുന്നത്.

ഇന്നത്തെ സിപിഎം സ്ഥാനാർത്ഥികളിൽ പലർക്കും ബിജെപിയുടെ അനുഗ്രഹം ഉണ്ടെന്നു മനസിലാക്കിയ പൊന്നാനിക്കാരും കുറ്റിയടിക്കാരും ചടയമംഗലത്തുകാരും പേരാമ്പ്രക്കാരുമൊക്കെ ചരിത്രത്തിൽ ഇല്ലാത്ത വിധം കുടുംബസമേതം തെരുവിൽ ഇറങ്ങി പ്രക്ഷോഭം നടത്തിയത് ഇക്കാരണത്താലാണ്.

ബിജെപിയുടെ ആവശ്യപ്രകാരമാണ് ഡിവൈഎഫ്ഐ നേതാവ് റഹീമിന്റെ സീറ്റു വരെ ഇല്ലാതായിപ്പോയത് എന്നു പറയുന്ന ശത്രുക്കളും ധാരാളം ?

ഈ ഡീലിൽ സാധാരണക്കാരല്ല ഇടപെട്ടിരിക്കുന്നത്. രാഷ്ട്രീയക്കാരുമല്ല, സ്വാമിമാരുമല്ല. ഇതിന്റെ പിന്നിൽ ലൂസിഫർ കളികളാണ്. ഇവർ ചേർന്ന് കേരളം നശിപ്പിക്കും. ഉറപ്പാണ്. ഉറപ്പായും ഇവരെ ഒറ്റപ്പടുത്തണം ചെയ്യുക…

ഏറെ ദുഖത്തോടെ ദാസൻ  വെറുപ്പോടെ വിജയൻ

×