Advertisment

ഇടുക്കിയില്‍ കൊവിഡ് പരിശോധന ലാബ് നിലവില്‍ ഇല്ല; ഇടുക്കിയിലെ സ്രവപരിശോധന കോട്ടയത്താണ് നടത്തുന്നത്; പരിശോധന നടത്തി ഫലം വരുമ്പോള്‍ മിനിമം മൂന്ന് ദിവസമെടുക്കും...ഇടുക്കിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അങ്ങേയ്ക്ക് ഒന്നും പറയാനില്ലെങ്കില്‍ എനിക്കും ഇടുക്കിയിലെ ജനങ്ങള്‍ക്കും അങ്ങയോട് ചിലത് പറയാനുണ്ട്; മുഖ്യമന്ത്രിയോട് ഡീന്‍ കുര്യാക്കോസ് പറയുന്നു

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലെങ്കില്‍ തനിക്കും ഇടുക്കിയിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയോട് ചിലത് പറയാനുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസ സമരത്തെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രിയുടെ മുഖത്ത് തികഞ്ഞ മര്‍ക്കടമുഷ്ടിയും നീരസവും പുച്ഛഭാവവും ഉണ്ടായിരുന്നെന്ന് ഡീന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലാണ് ഡീന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പോസ്റ്റിന്റെ പൂര്‍ണരൂപം...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്ര സമ്മേളനത്തിനിടയിൽ അദ്ദേഹത്തോട്, ഇടുക്കിയിൽ എം.പി നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസ സമരത്തെപ്പറ്റി ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടി, ''ഒന്നും പറയാനില്ല" എന്നായിരുന്നു.

തികഞ്ഞ മർക്കടമുഷ്ടിയും, നീരസവും, പുച്ഛഭാവവും ആ മുഖത്ത് ഉണ്ടായിരുന്നു. ജനകീയ പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്യുമ്പോഴും, വീഴ്ച്ചകൾ ചൂണ്ടി കാണിക്കുമ്പോഴും, മുഖ്യമന്ത്രി കാണിക്കുന്ന ജനാധിപത്യ ബോധമില്ലാത്ത അസഹിഷ്ണുതയെ സംബന്ധിച്ച് എനിക്കും ''ഒന്നും പറയാനില്ല''.

പക്ഷേ ഇടുക്കിയിലെ പ്രശ്നങ്ങളെ കുറിച്ച് അങ്ങേയ്ക്ക് ഒന്നും പറയാനില്ലെങ്കിൽ എനിക്കും, ഇടുക്കിയിലെ ജനങ്ങൾക്കും അങ്ങയോട് ചിലത് പറയാനുണ്ട്...

"ഇടുക്കിയിൽ കോവിഡ് പരിശോധന ലാബ് നിലവിൽ ഇല്ല. തുടക്കം മുതൽ കോട്ടയം ജില്ലയിൽ ആണ് ഇടുക്കിയിൽ നിന്നുമുള്ള സ്രവ പരിശോധന നടക്കുന്നത്. ഒരു ദിവസം സ്രവം എടുത്ത് പിറ്റേന്ന് പരിശോധന നടത്തി ഫലം വരുമ്പോൾ മിനിമം 3 ദിവസമെടുക്കും. ഇപ്പോൾ പരിശോധന സാമ്പിളുകൾ കൂടിയപ്പോൾ 4 ദിവസം വരെ എടുക്കുന്നു.

അങ്ങേക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ആദ്യം പറയാം.ഇടുക്കിയിൽ ആദ്യഘട്ടത്തിൽ കോവിഡ് ബാധിതനായ പൊതുപ്രവർത്തകൻ എപി ഉസ്മാൻ അദ്ദേഹത്തിന്റെ സ്രവ പരിശോധന ആദ്യത്തേത് നടത്തി മൂന്നാം ദിവസം ഫലം വന്നപ്പോൾ അദ്ദേഹത്തെ അഡ്മിറ്റാക്കി. അന്നേ ദിവസം എടുത്ത സ്രവം നെഗറ്റീവായി. എന്നു വച്ചാൽ അദ്ദേഹം ആശുപത്രി പ്രവേശിക്കുമ്പോൾ കൊറോണാ വൈറസ് അദ്ദേഹത്തിൽ നിന്നും വിട്ടകന്നിരുന്നു. ഈ അവസ്ഥക്ക് ഒരു വ്യത്യാസമുണ്ടാകണം. അന്നന്നു പരിശോധനാ ഫലം വരണം ഇതേ ഈ നാട്ടുകാർ ആവശ്യപ്പെടുന്നുള്ളൂ.

കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ആര്‍ടി പിസിആര്‍ ലാബ് സൗകര്യങ്ങൾ ഉണ്ട്. കേരളത്തിൽ ഈ സൗകര്യം ഇല്ലാത്ത ജില്ലകൾ കാസർഗോഡ്, വയനാട്, പാലക്കാട് ഇടുക്കി, പത്തനംതിട്ട എന്നിവയായിരുന്നു.

ഇതിൽ കാസർഗോഡ് തുടക്കത്തിൽ തന്നെ കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ 2 ദിവസം കൊണ്ടാണ് കേന്ദ്ര സർവകലാശാലയിൽ ഐസിഎംആര്‍ അംഗീകാരം വാങ്ങി ലാബ് കേരള സർക്കാർ ആരംഭിച്ചത്..

ഇടുക്കിയിൽ മെഡിക്കൽ കോളേജിൽ പിസിആര്‍ മെഷിനറി സ്ഥാപിക്കണമെന്നും ഇടുക്കിയിൽ സ്രവ പരിശോധനക്കുള്ള സംവിധാനമൊരുക്കണമെന്നും ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ ഇടുക്കിയിൽ അനിവാര്യമായ അവസ്ഥയില്ലെന്നും, ഇടുക്കിയിലെ സാമ്പിളുകൾ കോട്ടയത്തു പരിശോധിക്കാൻ അവസരമുണ്ട് എന്നുമായിരുന്നു മറുപടി.

ഭാഗ്യവശാൽ നമ്മൾ ഗ്രീൻ സോണിലായി. പക്ഷെ വളരെ പെട്ടെന്നു തന്നെ സ്ഥിതി മാറുകയും, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിൽ തന്നെ മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ഥമായ സാഹചര്യം വരുകയും ,കേസുകളുടെ എണ്ണം കൂടിവരികയും ചെയ്തു. ഇപ്പോൾ ഇടുക്കി റെഡ് സോണിൽ ആണ്. റാന്‍ഡം ചെക്കിംഗ് ഉൾപ്പടെ നടക്കുന്നു. കോട്ടയത്തും ഇങ്ങനെ തന്നെ.

ഇപ്പോൾ രണ്ടു ജില്ലകളിൽ നിന്നും മാക്സിമം സാമ്പിളുകൾ പരിശോധനക്ക് എടുക്കുന്നതിനാൽ കോട്ടയത്തു തന്നെ പരിശോധന കൃത്യ സമയത്തു പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ പത്തു ദിവസമായി കോട്ടയം തലപ്പാടിയിലെ ഒരു പരിശോധന യന്ത്രം പ്രവർത്തിക്കുന്നില്ല എന്നറിയുന്നത്.ഈ കോവിഡ് കാലഘട്ടത്തിൽ പത്തു ദിവസം ഒരു പരിശോധനയന്ത്രം കേടായി കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് ഇന്നലെ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മറുപടി.

ഇന്നിപ്പോൾ കരിമണ്ണൂർ സ്വദേശിനിയായ ഒരു യുവതി മരണപ്പെട്ടിട്ട് മൂന്നു ദിവസം പിന്നിടുകയാണ്. മൃതശരീരം തൊടുപുഴ ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയത്തുനിന്നും സ്രവ പരിശോധന പൂർത്തിയാക്കി വന്നെങ്കിലേ മൃതദേഹം അടക്കം ചെയ്യാൻ അനുമതി കിട്ടുകയുള്ളൂ. ഈ ദുരവസ്ഥക്ക് അവസാനം കുറിക്കണ്ടന്നാണോ മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നത്..?

ഇവിടെ അടിയന്തിരമായി ലാബ് തുടങ്ങിയാൽ അന്നന്നു തന്നെ സ്രവപരിശോധന പൂർത്തീകരിക്കാൻ കഴിയും.

ഇത്തരം അടിയന്തര പ്രാധാന്യം ഇടുക്കിക്ക് വന്നപ്പോൾ ന്യായമായും ഒരു പിസിആര്‍ ലാബ് തുടങ്ങണം എന്നാവശ്യപ്പെടുന്നത് തെറ്റാണോ? സ്രവ പരിശോധനക്ക് വേണ്ടി സ്വന്തം നാട്ടിലെ ജനങ്ങൾ ദിവസങ്ങളോളം ഭയചകിതരായി കാത്തിരുന്ന് പരിഭ്രാന്തരാകുന്നത് ഒഴിവാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

കൂടുതൽ പരിശോധന നടന്നാലെ ഈ മഹാ വ്യാധിയെ പിടിച്ചുകെട്ടാനാകൂ. കേരളം ഇപ്പോഴും ഇന്ത്യയിൽ പരിശോധന നടത്തുന്നതിൽ പത്താം സ്ഥാനത്താണെന്ന് മറന്നു പോകരുത്. ഇപ്പോൾ തന്നെ 4 ദിവസമായി വരേണ്ട 300 പരിശോധന ഫലങ്ങൾ ഇടുക്കിയിൽ വന്നിട്ടില്ല. എണ്ണം കൂടുന്നതനുസരിച്ച് പ്രയാസം കൂടി വരികയേയുള്ളൂ.

എം.പി ഫണ്ടിൽ നിന്നും 1 കോടി 48 ലക്ഷം രൂപ കോവിഡ് പ്രതിരോധത്തിനായി എന്റെ മണ്ഡലത്തിൽ ഞാനും അനുവദിച്ചിട്ടുണ്ട്.പണമല്ല സർ പ്രശ്നം, അങ്ങയുടെ സർക്കാരിന്റെ ശരിയായ ഇടപെടലാണ്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കണമെങ്കിലും, ലാബ് തുടങ്ങണമെങ്കിലും സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് മാത്രമേ നടക്കുകയുള്ളൂ. ഇതാവശ്യപ്പെട്ടാണ് സമരം.

മറ്റൊരു പ്രധാന കാര്യം പറയാനുള്ളത് ഇടുക്കിയിൽ ജില്ലാ കളക്ടർ അറിയിച്ച 3 കേസുകൾ നെഗറ്റീവ് ആയത് അങ്ങ് അവതരിപ്പിച്ച രീതിയും ശരിയായില്ല. അങ്ങയുടെ ഇക്കാര്യത്തിലുള്ള സമീപനം ഒട്ടും ജനാധിപത്യപരവുമല്ല.

തിങ്കളാഴ്ച്ച രാത്രി ഇടുക്കി ജില്ലാ ഭരണകൂടത്തിന് ലഭിച്ച അടിയന്തിര സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ മുനിസിപ്പൽ കൗൺസിലർക്കടക്കം, പോസിറ്റീവ് ആയി റിസൽട്ടു വന്നപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ ചെയ്തു. രോഗികളായി വന്നവരെ അഡ്മിറ്റ് ചെയ്തു ചികിത്സ ആരംഭിച്ചു.

പിറ്റേന്നു കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി എം.എം മണിയും, ജില്ലയിലെ എംഎല്‍എമാരും ഒപ്പമുണ്ടായിരുന്നു. കളക്ടർ കാര്യങ്ങൾ വിശദീകരിച്ചു.അതിനു ശേഷം സ്ഥിതിഗതികൾ മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഇതിൽ എന്താണ് തെറ്റ്.?

കളക്ടർ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ അത് താങ്കളുടെയുൾപ്പടെ അനുവാദത്തോടെയാണ് ചെയ്തത് എന്നാണ് എന്റെ ബോധ്യം. ഇനി അതല്ലെങ്കിൽ ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങിയിട്ടുണ്ട് എന്നുറപ്പാണ്. എന്നിട്ടെന്തിനാണ് അദ്ദേഹത്തെ നിങ്ങൾ ഇകഴ്ത്തി കാണിക്കുന്നത്.

പരിശോധനയിൽ തെറ്റുപറ്റിയെങ്കിൽ അതിനുത്തരവാദി കളക്ടറല്ല, മറിച്ച് ആരോഗ്യ വകുപ്പിന് പറ്റിയ പാളിച്ചയാണ്.ഒരു കോവിഡ് കേസ് പോസിറ്റീവ് ആണെന്നു പറഞ്ഞാൽ എന്തു ചെയ്യണമെന്ന പ്രോട്ടോകോൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കണം.അതിനു പകരം മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ കുതിര കയറുന്നത് അത്ര നല്ല കാര്യമല്ല.

തന്നെയുമല്ല പരിശോധന ഫലം തെറ്റായി കണ്ടെത്തുകയും, ആ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണ്ടതല്ലേ? എന്തുകൊണ്ട് അതുണ്ടായില്ല. ഈ നാട്ടിലെ ജനങ്ങളുടെ പ്രശ്നം ചൂണ്ടി കാണിക്കുമ്പോഴും, പ്രതിരോധത്തിലാകുമ്പോഴും അങ്ങ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയോടും എനിക്കും ഒന്നും പറയാനില്ല.പക്ഷെ ജനങ്ങളുടെ ആശങ്കകൾ ചൂണ്ടി കാണിക്കുമ്പോൾ ഒരൽപ്പം ജനാധിപത്യ മര്യാദയാകാം.

ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും, കാരണം ഇത് ജനങ്ങളുടെ ജീവന്റെ കാര്യമാണ് അതിനെപ്പറ്റി ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും.

https://www.facebook.com/541037869282415/posts/3221027967950045/

Advertisment