Advertisment

എം.പി ഫണ്ട് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷിഭേദമന്യേ മണ്ഡലത്തിലെ ജനങ്ങള്‍ കത്തയക്കണം : ഡീന്‍ കുര്യാക്കോസ് എം.പി

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ: ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ ആളുകളും എം.പി ഫണ്ട് റദ്ദാക്കിയതിനെ ശക്തമായി എതിര്‍ക്കണമെന്നും, പ്രധാനമന്ത്രിക്ക് ഇ.മെയില്‍ സന്ദേശം അയയ്ക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പിആവശ്യപ്പെട്ടു. ഫേയ്‌സ്ബുക്കിലൂടെയാണ് എം.പി ഈ ആഹ്വാനം നല്‍കിയത്.

Advertisment

publive-image

ഇടുക്കി പോലെ ഗ്രാമീണ മലയോര മേഖലയില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചേരാത്ത നിരവധി മേഖലകള്‍ ഉണ്ട്. എം.പി യായി വിജയിച്ചപ്പോള്‍ അതിനൊക്കെ ഒരു പരിഹാരമുണ്ടാക്കാന്‍ എംപി ഫണ്ട് ഉപയോഗിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇപ്പോള്‍ അതിനുള്ള സാധ്യതയാണ് അടഞ്ഞിരിക്കുന്നത്.പ്രധാനമന്ത്രിയുടെ മെയില്‍ ഐഡിയിലോ, 'നരേന്ദ്ര മോഡി 'ആപ്പിലോ കത്തയയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

എം.പി ഫണ്ട് 2 സാമ്പത്തിക വര്‍ഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കോറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നിലവില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ 1 കോടി 48 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. എല്ലാ എം.പി മാരും കോറോണാ പ്രതിരോധ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയുമാണ്.

വേണമെങ്കില്‍ വരുന്ന രണ്ടു വര്‍ഷത്തെ ഫണ്ടും ഇടുക്കിയില്‍ ആരോഗ്യമേഖലയില്‍ ചിലവാക്കാന്‍ തയ്യാറാണ്. ഈ സ്ഥിതിയില്‍ വരുന്ന രണ്ടു വര്‍ഷത്തെ വികസന ഫണ്ട് എടുത്തു മാറ്റുന്നത് ബി.ജെ.പിയുടെ ആസൂത്രിത അജണ്ടയാണ്. യഥാര്‍ത്ഥത്തില്‍ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിനു ശേഷം ഒരു പൈസാ പോലും എം.പി ഫണ്ട് വര്‍ദ്ധിപ്പിച്ചിട്ടില്ല. കാലാനുസൃതമായ പരിഷ്‌ക്കരണം ഉണ്ടാവണം എന്ന് പലപ്രാവശ്യം ആവശ്യപ്പെടുമ്പോഴും, അതു നിരസിക്കപ്പെടുകയായിരുന്നു.

ഏറ്റവും ഭംഗിയായി നടന്നു കൊണ്ടിരിക്കുന്ന പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുന്ന ഈ സംവിധാനത്തോട് നയപരമായി ബി.ജെ.പി.ക്ക് എതിര്‍പ്പാണ് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ബി.ജെ.പി.യുടെ സ്വാധീനമേഖലകളില്‍ കേന്ദ്രീകൃതമായി വികസനത്തിനു വേണ്ട തുക അനുവദിക്കുക എന്നത് ആണ് ബി.ജെ.പി.യുടെ നയമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. കോവിഡ് പ്രതിരോധത്തിനായി ഈ പണം രാജ്യം മുഴുവന്‍ ഉപയോഗിച്ചാലും ആനുപാതികമായ വിഹിതം ഇടുക്കിക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ ഓരോ പദ്ധതിയുടെയും നിബന്ധനകള്‍ വ്യത്യസ്തവുമാണ്. പല പദ്ധതികളുടെയും പ്രയോജനം ആ നിലയില്‍ തന്നെ കേരളത്തിന് ലഭിക്കുന്നില്ല.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. ഒരവസരം ലഭിച്ചപ്പോള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചത് നടപ്പിലാക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ശമ്പളം വെട്ടിക്കുറച്ചതിനോട് വിയോജിപ്പില്ല. എന്നാല്‍ കോറോണയുടെ മറവില്‍ രാജ്യത്ത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ആനുകൂല്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ ഉണ്ടായ നഷ്ടങ്ങള്‍ മുഴുവന്‍ നികത്താനാണ് ഈ അവസരം ഉപയോഗിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് എം.പി ഫണ്ട് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ ജനങ്ങളോട് പ്രധാനമന്ത്രിക്ക് കത്തയച്ചു പ്രതിഷേധിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെടുന്നത്.

deen kuriyakose
Advertisment