Advertisment

ഡല്‍ഹി സ്‌ഫോടനം; ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും കണ്ടെത്തി; രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌; ഇവരെ എത്തിച്ച ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു

New Update

ഡല്‍ഹി: ഇസ്രയേല്‍ എംബസിക്കു സമീപത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.

Advertisment

publive-image

ഇവരെ അവിടെ എത്തിച്ച ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയാറാക്കും. സ്‌ഫോടനത്തിനു പിന്നില്‍ ഇവരാണോ എന്നു വ്യക്തതയില്ല. എന്നാല്‍ നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്.

ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അതീവസുരക്ഷാ മേഖലയിലേക്കു കുറഞ്ഞ അളവിലെങ്കിലും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഏറെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് സംഘം കണ്ടെത്തി. സ്ഥലത്ത് ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ആര്‍ഡിഎക്‌സ് ആയിരുന്നു ഉപയോഗിച്ചതെങ്കിലും കൂടുതല്‍ നാശനഷ്ടമുണ്ടാകുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേല്‍ എംബസിക്കു സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനം ഉണ്ടായത്. വിജയ് ചൗക്കില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് 2 കിലോമീറ്ററോളം അകലെ എപിജെ അബ്ദുല്‍ കലാം മാര്‍ഗില്‍ വൈകിട്ട് 5.05നു സ്‌ഫോടനമുണ്ടായത്.

ആര്‍ക്കും പരുക്കു പറ്റിയതായി റിപ്പോര്‍ട്ടില്ല. നിര്‍ത്തിയിട്ടിരുന്ന 3 കാറുകളുടെ ചില്ലു തകര്‍ന്നു. വിമാനത്താവളങ്ങളിലും പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇന്ത്യ- ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ 29-ാം വാര്‍ഷികം വെള്ളിയാഴ്ചയായിരുന്നു. മുന്‍പ് 2012 ഫെബ്രുവരി 13ന് ഇസ്രയേല്‍ എംബസിക്കു മുന്‍പിലുണ്ടായ സ്‌ഫോടനത്തില്‍ ഡിഫന്‍സ് അറ്റാഷെയുടെ ഭാര്യ ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇറാനാണു സ്‌ഫോടനത്തിനു പിന്നെലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

delhi blast case
Advertisment