ബുരാരിയിലെ കൂട്ട ആത്മഹത്യ:ദുരൂഹത നീങ്ങുന്നില്ല; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ഒരുങ്ങി പോലീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 27, 2018

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി ബുരാരിയിലെ 11പേരുടെ കൂട്ട ആത്മഹത്യയുടെ ദൂരുഹത നീക്കാന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് പോലീസ് നീക്കം. ഡല്‍ഹി പോലീസ് കേസുമായി ബന്ധപ്പെട്ട് സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ക്രൈംബ്രാഞ്ച് സെന്‍ട്രെല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കത്തു നല്‍കിയിട്ടുണ്ട്.

സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ കേസിലെ ദൂരുഹത നീക്കാന്‍ സാധിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് മനശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ്. ഇത്തരം പോസ്റ്റ്മോര്‍ട്ടത്തില്‍ ലഭ്യമായ ഡയറിക്കുറിപ്പുകള്‍, കത്തുകള്‍ എന്നിവ മനശാസ്ത്രജ്ഞര്‍ പരിശോധിക്കും. ഇതുകൂടാതെ ആത്മഹത്യ ചെയ്തവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകളും ഇവര്‍ ആളുകളുമായി ഇടെപട്ടിരുന്ന ശൈലി എന്നിവയെല്ലാം സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധന നടത്തും. സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി മനശാസ്ത്രജ്ഞര്‍ അഭിമുഖങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കും.

ഇന്ത്യയെ നടുക്കിയ ഡല്‍ഹിയിലെ ബുരാരി കൂട്ട ആത്മഹത്യയില്‍ ഒരു കുടുംബത്തിലെ നാരായണീ ദേവി (77), മക്കളായ പ്രതിഭ (57), ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത (48), മക്കളായ മീനു (23), നീതു (25), ധ്രുവ് (15), ലളിത് ഭാട്ടിയയുടെ ഭാര്യ ടീന (42), മകന്‍ ശിവം(15), പ്രതിഭയുടെ മകള്‍ പ്രിയങ്ക (33) എന്നിവരാണ് സംഭവത്തില്‍ മരിച്ചത്.

ഏഴു ദിവസം നീണ്ട് നിന്നിരുന്ന അന്ധവിശ്വാസപരമായ ആചാരങ്ങളുടെ ഭാഗമായിട്ടാണ് കുടുംബം തൂങ്ങിമരിച്ചത്. ഈ കുടുംബം വിശ്വസിച്ചിരുന്നത് ഈ ചടങ്ങിന്റെ ഭാഗമായി നടക്കുന്ന ആചാരത്തില്‍ തങ്ങള്‍ മരിക്കില്ലെന്നാണ്. ഈ ചടങ്ങുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം വീണ്ടും പ്രശ്‌നങ്ങള്‍ അലട്ടുന്ന മറ്റൊരു ബന്ധുവിന്റെ കൂടെയും ഇതേ ആചാരം അനുഷ്ഠിക്കുന്നതിനും കുടുംബം തീരുമാനിച്ചതായി പോലീസിന് വിവരം ലഭിച്ചു. കയറത്തൂമ്പില്‍ പിടയുന്ന അവസാനനിമിഷം രക്ഷലഭിക്കുമെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചത് ലളിതിന്റെ ഡയറിക്കുറിപ്പുകള്‍ നിന്നാണ്. ഇയാള്‍ക്ക് അച്ഛന്‍ സ്വപ്നത്തില്‍ വന്ന് നിര്‍ദേശം നല്‍കിയിരുന്നതായി ഇതില്‍ പറയുന്നു. മരിച്ചു പോയ അച്ഛന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആചാരങ്ങള്‍ നടത്തിയതെന്നാണ് ഡയറിക്കുറിപ്പിലെ വിവരമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും കേസുമായി ബന്ധപ്പെട്ട് പല ദൂരുഹതകളും നിലനില്‍ക്കുന്നുണ്ട്. ഇത് നീക്കുന്നതിനാണ് പോലീസ് സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

×