Advertisment

സാവകാശ ഹര്‍ജിയെന്നാല്‍ സാവകാശം പരിഗണിക്കാനുള്ള ഹര്‍ജിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ‘സുപ്രീം കോടതി തീരുമാനിക്കട്ടെ’

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

സാവകാശ ഹര്‍ജിയെന്നാല്‍ സാവകാശം പരിഗണിക്കാനുള്ള ഹര്‍ജിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പിലാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സാവകാശ ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിനാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മറുപടി.

അടിയന്തരമായി പരിഗണിക്കുമോയെന്ന ചോദ്യം തന്നെ തെറ്റാണെന്നും സാവകാശ ഹര്‍ജിയെന്നാല്‍ സാവകാശം പരിഗണിക്കേണ്ടതാണെന്നും എ പദ്മകുമാര്‍ പറഞ്ഞു. ഹര്‍ജി ദേവസ്വം ബോര്‍ഡ് ഇന്നലെ നല്‍കിയിട്ടുണ്ടെന്നും അതെങ്ങനെ പരിഗണിക്കണമെന്ന് സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാര്‍ പറഞ്ഞു.

സുപ്രീം കോടതി ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് സ്വപ്‌നം കാണാന്‍ ടാക്‌സ് നല്‍കേണ്ടതില്ലല്ലോ അതിനാല്‍ നല്ലത് വിചാരിക്കുന്നുവെന്നും ബാക്കിയെല്ലാം സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സാവകാശം വേണമെന്നാവശ്യപ്പെട്ടുള്ള ദേവസ്വംബോര്‍ഡിന്റെ ഹര്‍ജി പ്രതിഷേധക്കാരുടെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ആയിരത്തിലേറെ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

സുപ്രീംകോടതി വിധിയുണ്ടായിട്ടും അസാധാരണ സുരക്ഷയൊരുക്കിയിട്ടും ദര്‍ശനത്തിന് എത്തുന്ന യുവതിളെ തടയുകയാണ്. കൈയ്യേറ്റവും തെമ്മാടിത്തവുമാണ് നടക്കുന്നത്. ദര്‍ശനത്തിന് എത്തിയ യുവതികള്‍ക്ക് അക്രമം കാരണം മടങ്ങി പോകേണ്ടി വന്നെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി

Advertisment