Advertisment

ശബരിമല പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തത് 700 ഓളം സ്ത്രീകള്‍; അക്രമണത്തിന് സാധ്യതയുണ്ടെന്ന് ഡിജിപി

New Update

Advertisment

തിരുവനന്തപുരം: ഇതുവരെ എഴുന്നൂറോളം സ്ത്രീകൾ സന്നിധാനത്തേക്ക് ദർശനത്തിനായി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സ്ത്രീകൾക്ക് ദർശനം നടത്താൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ പോലീസ് ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ഇതിൽ വിളിക്കുന്നവർക്ക് വേണ്ട സൗകര്യം നൽകാൻ പോലീസ് തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.

ശബരിമല സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ല. രാത്രി നട അടച്ചതിനു ശേഷം ആരെയും സന്നിധാനം പരിസരത്ത് തങ്ങാൻ അനുവദിക്കില്ല. മണ്ഡലകാലത്തിനായി നടതുറക്കുമ്പോള്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ല. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പോലീസുകാരെ ഇത്തവണ ശബരിമലയിൽ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്നും ‍ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കി.

മണ്ഡല-മകരവിളക്ക് കാലത്തിനായി നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ അടുത്ത ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച അർധരാത്രി മുതലാണ് നിരോധനാജ്ഞ. ഇലവുങ്കൽ, സന്നിധാനം, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാകും നിരോധനാജ്ഞ. ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രാർഥനായജ്ഞമോ, മാർച്ചോ, മറ്റ് നിയമം ലംഘിച്ചുള്ള ഒത്തുകൂടലുകളോ പാടില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടു.

Advertisment