Advertisment

തലവടി തെക്കെ കരയിൽ ശുദ്ധജല ക്ഷാമം രൂക്ഷം: കുടിവെള്ള വിതരണവുമായി സന്നദ്ധ സംഘടനകൾ രംഗത്ത്

New Update

എടത്വാ:  കുടിവെെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം നടത്തണമെന്നുള്ള സർക്കാർ ഉത്തരവ് എത്തി 15 ദിവസം കഴിഞ്ഞിട്ടും തലവടി തെക്കെ കരയിൽ കുടിവെളളത്തിനായി നെട്ടോട്ടം.

Advertisment

മാർച്ച് 31 വരെ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയും ആണ് ഓരോ ഗ്രാമ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്നത്.

publive-image

ജി.പി.എസ് ലോഗും വാഹനത്തിൻ്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ചിലവ് തുക വിനിയോഗിക്കേണ്ടതും തദ്ദേശ വകുപ്പിൻ്റെ ജില്ലാതല മേധാവികൾ ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പിൻ്റെ നിബന്ധനകൾ സ്വയം ഭരണ വകുപ്പ് മേധാവികൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തലവടി തെക്കെക്കരയിൽ പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2017 ജൂൺ മാസം ഉത്തരവ് ഇട്ടിരുന്നു.

ഈ ഉത്തരവുകൾ എല്ലാം നിലവിലിരിക്കെ പ്രദേശവാസികൾ ശുദ്ധജലത്തിനായി അനുഭവിക്കുന്ന ദുരിതമേറേയാണ്. കിണറുകളും തോടുകളും വറ്റി. പാടശേഖരങ്ങളിലെ വാച്ചാലുകളിലെ വെള്ളവും വറ്റിയതോടെ തലവടി തെക്കേക്കരയുടെ ശുദ്ധ ജലക്ഷാമം രൂക്ഷമായി.

കൊറോണാ പോലുള്ള മാരക രോഗങ്ങളുടെ വ്യാപനം തടയുന്നതിന് ഉള്ള മുൻകരുതൽ തടയുന്നതിന് പോലും ആവശ്യമായ ശുദ്ധജലമില്ല.

എന്നാൽ സൗഹൃദ വേദി കൂട്ടായ്മയുടെ നേത്യത്വത്തിൽ ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് തോമസ് കെ. തോമസ് തലവടി പഞ്ചായത്തിലെ വാർഡ് 12 ൽ സൗഹൃദ നഗറിൽ മാർച്ച് 7 മുതൽ കുടിവെള്ളം വിതരണം ചെയ്യുന്നത് മാത്രമാണ് അല്പമാശ്വാസം.

തലവടി വാലയിൽ ബെറാഖാ ഭവനിൽ സ്ഥാപിച്ചിട്ടുള്ള കിയോസ്കിൽ നിന്നും രാവിലെ 7 മുതൽ വൈകുന്നേരം 8 വരെയാണ് കുടിവെള്ള വിതരണം നടത്തുന്നത്.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി കുടിവെള്ളം ഇവിടെ നിന്നും ശേഖരിക്കുന്നുണ്ട്.

എന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമായ വിവിധ ഭാഗങ്ങളിലേക്ക് മാർച്ച് 21 മുതൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കുടിവെള്ള വിതരണം നടത്തുവാൻ ഉദ്യേശിക്കുന്നതായി സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി വിൻസൻ പെയ്യാലുമാലിൽ, ട്രഷറർ സുരേഷ് പരുത്തിക്കൽ എന്നിവർ പറഞ്ഞു.

കുടിവെള്ള വിതരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ. ഫാ. ഷിജു മാത്യു മാർച്ച് 21 ന് 3 മണിക്ക് ഉദ്ഘാടനം ചെയ്യും.

Advertisment