Advertisment

എ സി റോഡിൽ കുടിവെള്ള കുഴൽ പൊട്ടി പാഴാകുന്നത് കുട്ടനാട്ടിലേക്കുള്ള ജീവജലം. വെള്ളം വേണമെങ്കിൽ നക്കി കുടിച്ചോട്ടെ എന്ന മനോഭാവത്തോടെ പൊതുമരാമത്ത് !

New Update

കുട്ടനാട്:   കഴിഞ്ഞ മാസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ കുട്ടനാട് നിയോജക മണ്ഡലത്തിലെ 13 പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ ഏകകണ്ഠമായി ആവശ്യപ്പെട്ടത് കുടിവെള്ളമായിരുന്നു.

Advertisment

കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ എ സി റോഡിൽ പൊട്ടി ഒഴുകുന്ന ശുദ്ധജലം ചർച്ചകളിൽ തീ പാറിച്ചു.

publive-image

വാട്ടർ അതോറിറ്റി മുൻ‌കൂർ പൈസ തന്നെങ്കിൽ മാത്രമേ പൊതുമരാമത്ത് റോഡ് പൊളിച്ച് പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകൂ എന്ന പൊതുമരാമത്ത് വകുപ്പിന്റെ കടുംപിടുത്തത്തിൽ ജനപ്രതിനിധികൾ ഒന്നടങ്കം രോഷാകുലരായി.

ഫെബ്രുവരി 17 ന് വാട്ടർ അതോറിറ്റിയുടെ തിരുവല്ല പി എച്ച് ഡിവിഷനിൽ എക്സിക്യുട്ടീവ് എഞ്ചിനീയറും പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറും തമ്മിൽ എ സി റോഡിലെ പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ പരസ്പര ധാരണയായി. ഇരുനൂറുരൂപ വിലയുള്ള മുദ്രപത്രത്തിൽ ആണ് ധാരണാപത്രം തയാറാക്കി ഒപ്പുവച്ചത്.

കൈനകരി ജംഗ്‌ഷനിലെ പൈപ്പ് പൊട്ടിയ കുഴി വൻ അപകടക്കെണിയാണ്. ഇരുചക്രവാഹനങ്ങൾ തെന്നി വീണ് അപകടങ്ങൾ സാധാരണയായിരുന്നു. ഇതുകൂടാതെ പൂപ്പള്ളി ജംഗ്‌ഷന്‌ സമീപവും ഒന്നാം കരയിൽ രണ്ടിടത്തും പള്ളിക്കൂട്ടുമ്മയിലും കിടങ്ങറ ഒന്നാമത്തെ പാലത്തിനടുത്തും രാമങ്കരിയിലും പൈപ്പുകൾ പൊട്ടിയിട്ട് മാസങ്ങളാകുന്നു.

ഇത് നന്നാക്കാൻ പി ഡബ്ള്യു ഡി അനുമതി കൊടുത്തിട്ടുണ്ട്. ബാക്കി കിടക്കുന്ന 12 സ്ഥലങ്ങളിൽ ലീക്കുകൾ പി ഡബ്ള്യു ഡിയിൽ നിന്നും ലഭിക്കുന്ന അനുമതിയ്ക്കനുസരിച്ച് ചെയ്യുമെന്ന് അതോറിറ്റി പറയുന്നു.

ഈ വാട്ടർ ലീക്കുകൾ പരിഹരിക്കുമോ എന്ന് കാത്തിരിക്കുകയാണ് കുട്ടനാട്ടുകാർ.വകുപ്പും നിയമവും ഉയർത്തിക്കാട്ടി ഇനിയും ജനങ്ങളെ പറ്റിയ്ക്കാൻ ശ്രമിച്ചാൽ ശക്തരായി തിരിച്ചടിക്കുമെന്ന് നാട്ടുകാർ പറയുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിയോജക മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന കുട്ടനാട്ടിൽ മന്ത്രിയുടെ വകുപ്പ് തന്നെ നിരുത്തരവാദത്തോടെ പ്രവർത്തിക്കുന്നതിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ട്. റോഡ് തടയൽ ഉൾപ്പെടെയുള്ള സമര പരിപാടികളുമായി ജനം പ്രതികരിച്ചേക്കാനിടയുണ്ടെന്നു പറയുന്നതു.

ഈ വരുന്ന ഉപതെരഞ്ഞെടുപ്പിലും പുറകെ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പരിപാടികളെയും അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത നീക്കമാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്.

Advertisment