Advertisment

പാഞ്ഞ് വന്ന് വീശിയെടുത്തുലച്ച്, ഹംപില്‍ ഹൈജംപ് ചാടിച്ച് യാത്രക്കാരുടെ നടുവൊടിച്ചും പിടലിയും തലയും ഇളക്കിയും വൈറ്റില ഹബ്ബിലേയ്ക്ക് പാഞ്ഞുകയറുന്ന സ്വകാര്യബസ്സുകളെ നിലയ്ക്ക് നിര്‍ത്തുമോ..?

New Update

എറണാകുളം: സ്വകാര്യബസ്സുകളുടെ വൈറ്റില ഹബ്ബിലേയ്ക്കുള്ള പാച്ചിലില്‍ യാത്രക്കാര്‍ക്ക് ദുരിതം. വൈറ്റില ജംഗ്ഷനിലെ ഗതാഗതകുരുക്കില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് ഹബ്ബിലേയ്ക്കുള്ള റോഡിലേയ്ക്ക് കടക്കുന്നതോടെ ഭ്രാന്തുപിടിയ്ക്കുന്ന സ്വകാര്യബസ്സ് ഡ്രൈവര്‍മാര്‍ ടോപ്ഗിയറില്‍ വേഗമെടുത്ത്, അതേവേഗത്തില്‍ ഹബ്ബിലേയ്ക്ക് വാഹനം വെട്ടിത്തിരിയ്ക്കുകയും ഹംപ് കയറ്റിചാടിച്ച് വീണ്ടും പാഞ്ഞ് ബസ്ബേയില്‍ നിര്‍ത്തുകയും ചെയ്യുന്ന അഭ്യാസം യാത്രക്കാര്‍ക്ക് കടുത്ത ശാരീരിക ക്ഷതമുണ്ടാക്കുന്നു.

Advertisment

publive-image

വൈറ്റിലയില്‍ ട്രിപ്പ് അവസാനിയ്ക്കുന്ന ബസ്സുകളിലെ ഡ്രൈവര്‍മാര്‍ പോലും ഈ അഭ്യാസത്തില്‍ മുന്നിലാണ്, പ്രത്യേകിച്ച് വടക്കന്‍ പറവൂരില്‍ നിന്നും വരുന്ന ബസ്സുകള്‍. ഈ ബസ്സുകളുടെ കാലപ്പഴക്കം ഭീതിയുണര്‍ത്തുന്നതാണ്.

കഴിഞ്ഞ ദിവസം ബസ്സില്‍ പാലാരിവട്ടത്തുനിന്നും കയറിയ വീട്ടമ്മ സീറ്റ് കിട്ടാഞ്ഞതിനാല്‍ നില്‍ക്കുകയായിരുന്നു. ഹബ്ബിലേയ്ക്ക് ഈ ബസ്സ് വീശിയെടുത്ത് ഹംപ് ചാടിച്ച്കടന്നപ്പോഴാണ് റിവേഴ്സില്‍ ഒരു ബസ്സ് വരുന്നത്.

സഡന്‍ ബ്രേക്ക് ഇട്ട് വെട്ടിത്തിരിച്ച് പാഞ്ഞപ്പോള്‍ ബസ്സിലെ പലയാത്രക്കാരോടുമൊപ്പം ഈ വീട്ടമ്മയും ആടിയുലഞ്ഞ് വീശലിലും ഹംപിലും പിന്നത്തെ സഡന്‍ ബ്രേക്കിംഗിലും പെട്ട് കൈക്കുഴയ്ക്കും പിടലിയ്ക്കും നല്ല പരിക്ക് പറ്റുകയുണ്ടായി. പല യാത്രക്കാരും രോഷം കൊള്ളുന്നുണ്ടായിരുന്നു.

ഇതിനെക്കുറിച്ച് അന്വഷിയ്ക്കാനായി ഞങ്ങളുടെ പ്രതിനിധികള്‍ പലബസ്സുകളിലും കയറി ഹബ്ബിലേയ്ക്ക് യാത്രചെയ്യുകയും ഹബ്ബില്‍ നിരീക്ഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത തയ്യാറാക്കിയത്.

publive-image

പിറവം, തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകളും ചില കെഎസ്ആര്‍ടിസി ബസ്സുകളും ഒരു മര്യാദയും കാണിയ്ക്കാതെയാണ് പായുന്നത്.

ബസ്സ്ബേ പിടിയ്ക്കാനായി പായുമ്പോഴാണ് ബസ്സ്ബേയില്‍ നിന്നും റിവേഴ്സില്‍ മറ്റ് ബസ്സുകള്‍ ഇറങ്ങുന്നതും ആ ബസ്സ് മുന്‍പിന്‍ നോക്കാതെ മുന്നോട്ട് എടുക്കുന്നതും. കൂട്ടിയിടിയ്ക്കാതെ പോകുന്നത് അതിവിദഗ്ദ്ധമായി തികഞ്ഞ അഭ്യാസിയെപ്പോലെ യാത്രക്കാരെയും കൊണ്ട് ബസ്സുകള്‍ ഒഴിഞ്ഞുമാറുന്നതുകൊണ്ടാണ്.

അപകടം ഉണ്ടായതിനു ശേഷംമാത്രം നിയമം ഉയര്‍ത്തിപിടിയ്ക്കുകയും പേരിന് ചില നടപടികള്‍ എടുത്ത് അവസാനിപ്പിയ്ക്കുകയും ചെയ്യുന്ന പ്രവണത നിര്‍ത്തേണ്ടിയിരിയ്ക്കുന്നു.ഹബ്ബില്‍ സ്ഥിരമായ പോലീസ് സാന്നിദ്ധ്യം ഉണ്ടായാല്‍ മാത്രം പോരാ നിയമലംഘനം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ എടുക്കാന്‍ ശുപാര്‍ശകള്‍ തടസ്സവും ആകരുത്.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് ഹബ്ബില്‍ നിരീക്ഷണം ശക്തമാക്ണം.അശ്രദ്ധമായും അലക്ഷ്യമായും ബസ്സ് ഡ്രൈവ് ചെയ്യുന്നവരുടെ ലൈസന്‍സിന് ആജീവനാന്ത വിലക്കും ബസ്സിന്റെ പെര്‍മിറ്റ് നിര്‍ത്തലാക്കുകയും ചെയ്യണം.

Advertisment