റഫാല്‍: കോണ്‍ഗ്രസ്സ്‌ ധര്‍ണ്ണ 15-ന്‌ ചെറുതോണിയില്‍

സാബു മാത്യു
Thursday, October 11, 2018

ഇടുക്കി:  റഫാല്‍ യുദ്ധവിമാന കരാര്‍ അഴിമതിയ്‌ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട്‌ ഡി സി സിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 15-ന്‌ രാവിലെ 11-ന്‌ ബി എസ്‌ എന്‍ എല്‍ സഹായ കേന്ദ്രത്തിനു മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. പെട്രോള്‍, ഡീസല്‍, ഗ്യാസ്‌ വിലവര്‍ദ്ധന, ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാത്ത കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ അനാസ്ഥ, പ്രകൃതി ക്ഷോഭത്തില്‍ കൃഷികള്‍ നശിച്ച കര്‍ഷകര്‍ക്ക്‌ ഒരു സഹായവും നല്‍കാത്ത സ്‌പൈസസ്‌ ബോര്‍ഡ്‌ പോലെയുള്ള ഏജന്‍സികളുടെ അനാസ്ഥ തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കും.

ഒക്‌ടോബര്‍ 17-ന്‌ തൊടുപുഴ കോലാനി സര്‍വ്വീസ്‌ സഹകരണബാങ്ക്‌ ഓഡിറ്റോറിയത്തില്‍ കെ പി സി സി മെമ്പര്‍മാര്‍, ഡി സി സി ഭാരവാഹികള്‍, മുന്‍ ഡി സി സി ഭാരവാഹികള്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗം രാവിലെ 10-ന്‌ നടക്കും. കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പിള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും.

പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍, വര്‍ക്കിംഗ്‌ പ്രസിഡന്റുമാരായ കെ.സുധാകരന്‍, എം.കെ. ഷാനവാസ്‌, കൊടിക്കുന്നില്‍ സുരേഷ്‌ എം.പി., യു ഡി എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ എന്നിവര്‍ പങ്കെടുക്കുമെന്നും ഡി സി സി പ്രസിഡന്റ്‌ അറിയിച്ചു.

×