എസ്‌. രാജേന്ദ്രന്റെ പരാമര്‍ശം ഇടുക്കി ജില്ലയ്‌ക്ക്‌ അപമാനമായെന്ന്‌ ഡി സി സി

സാബു മാത്യു
Monday, February 11, 2019

തൊടുപുഴ:  എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ.യുടെ ദേവികുളം സബികളക്‌ടറുടെ നേര്‍ക്കുള്ള പരാമര്‍ശം ഇടുക്കിജില്ലയ്‌ക്ക്‌ തന്നെ അപമാനമായെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍. തന്റെ രാഷ്‌ട്രീയ ഗുരുവായ എം.എം.മണിയ്‌ക്ക്‌ പഠിക്കുകയാണോ രാജേന്ദ്രനെന്ന്‌ അദ്ദേഹം ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ക്കെതിരെ ഇതിലും കടുത്ത പരാമര്‍ശങ്ങളാണ്‌ എം.എല്‍.എ. നടത്തിയത്‌.

എം.എല്‍.എ.യുടെ വീടിനു സമീപം അനധികൃതമായി മണ്ണിട്ടു നികത്തിയ കല്‍ക്കെട്ട്‌ അടങ്ങിയ സ്ഥലം സര്‍ക്കാരിലേയ്‌ക്ക്‌ കണ്ടെത്തണമെന്നും സി പി എമ്മിന്റെ ഒരു ഡസന്‍ നേതാക്കള്‍ക്കെതിരെയുള്ള ഭൂമി കൈയ്യേറ്റം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി.യുടെ വ്യാജപട്ടയ കേസില്‍ സി പി എമ്മിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങാതിരുന്നതും വനിതാമതിലില്‍ പങ്കെടുക്കാതിരുന്നതുമാണ്‌ സബ്‌ കളക്‌ടറോട്‌ സി പിഎമ്മിന്‌ വൈരാഗ്യമുണ്ടായത്‌.

ഏതു സാഹചര്യത്തിലാണ്‌ പഞ്ചായത്തിന്റെ കെട്ടിടം പണിയുന്ന സ്ഥലത്ത്‌ എം.എല്‍.എ.യോടൊപ്പം എത്തിയതെന്നും യഥാര്‍ത്ഥ സാഹചര്യങ്ങള്‍ മൂന്നു ദിവസത്തിനകം വിശദീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കാരണം കാണിക്കല്‍ നോട്ടീസ്‌ മൂന്നാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. കറുപ്പസ്വാമിക്കും ജില്ലാ പഞ്ചായത്തംഗം എസ്‌. വിജയകുമാറിനും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

×