Advertisment

പട്ടയ ക്രമീകരണ ഉത്തരവ്‌: കോണ്‍ഗ്രസ്സ്‌ തുടര്‍സമരങ്ങളിലേയ്‌ക്ക്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: പട്ടയ ക്രമീകരിക്കല്‍ ഉത്തരവുകള്‍ പൂര്‍ണ്ണമായും റദ്ദ്‌ ചെയ്യണമെന്നും ഭൂപതിവു ചട്ടങ്ങളില്‍ ഭേദഗതി വരുത്തി മറ്റു ജില്ലകളിലെ പട്ടയക്കാര്‍ക്ക്‌ ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇടുക്കിജില്ലക്കാര്‍ക്കും ലഭിക്കണമെന്നും ആവശ്യപ്പെട്ട്‌ തുടര്‍സമരങ്ങളിലേയ്‌ക്ക്‌ കടക്കാന്‍ കോണ്‍ഗ്രസ്സ്‌ തീരുമാനിച്ചു.

Advertisment

ഒക്‌ടോബര്‍ 28-ന്‌ നടത്തുന്ന യു.ഡി.എഫ്‌ ഹര്‍ത്താല്‍, നവംബര്‍ 4-ന്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍ രാവിലെ 11-ന്‌ ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസം എന്നിവ വിജയിപ്പിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ മണ്‌ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റികളും ഒക്‌ടോബര്‍ 26-ന്‌ യോഗം ചേരും.

27-ന്‌ വൈകുന്നേരം ഓരോ പഞ്ചായത്തിലെയും പ്രമുഖ കേന്ദ്രങ്ങളില്‍ ഹര്‍ത്താലിനു മുന്നോടിയായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തും. എല്ലാ സ്ഥലങ്ങളിലും ഹര്‍ത്താലിനു മുന്നോടിയായി കടകള്‍ കയറി സഹകരണം അഭ്യര്‍ത്ഥിക്കും.

ജില്ല കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും കര്‍ഷകസഹകരണത്തോടെയുള്ള ഹര്‍ത്താലാണ്‌ കേരള നിയമസഭ സമ്മേളിക്കുന്ന ദിവസം ഇടുക്കിയില്‍ നടത്തുന്നത്‌.

26-ന്‌ ചേരുന്ന മണ്‌ഡലം കമ്മിറ്റി യോഗങ്ങളില്‍ ഓരോ മണ്‌ഡലത്തില്‍ നിന്നും നവംബര്‍ 4-ന്‌ പങ്കെടുക്കേണ്ട 25 പേരുടെ ലിസ്റ്റ്‌ തയ്യാറാക്കും.

ഡി.സി.സി. മെമ്പര്‍മാര്‍, ബ്ലോക്ക്‌ ഭാരവാഹികള്‍, മണ്‌ഡലം ഭാരവാഹികള്‍, ജനപ്രതിനിധികള്‍, പോഷകസംഘടനാ നേതാക്കള്‍ എന്നിവരാണ്‌ തിരുവനന്തപുരത്തെ ഉപവാസത്തില്‍ പങ്കെടുക്കേണ്ടത്‌. ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിക്കും.

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം നിര്‍വഹിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും. സമാപനസമ്മേളനം കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Advertisment