Advertisment

ഇടുക്കിയില്‍ സെല്‍വരാജിന്റേത്‌ രാഷ്‌ട്രീയ കൊലപാതകമെങ്കില്‍ 10 ദിവസം സി പി എമ്മിന്റെ പ്രതിഷേധം വൈകാന്‍ കാരണമെന്തെന്ന്‌ ഡി സി സി

author-image
സാബു മാത്യു
New Update

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല സ്വദേശി സെല്‍വരാജിന്റേത്‌ രാഷ്‌ട്രീയ കൊലപാതകമാണെന്ന്‌ ആരോപിക്കുന്ന സി പി എം, മെയ്‌ 23-ന്‌ നടന്ന സംഭവത്തിനുശേഷം പത്ത്‌ ദിവസം കഴിഞ്ഞു മാത്രം പ്രതിഷേധിച്ച്‌ രംഗത്ത്‌ വന്നത്‌ തന്നെ കള്ളത്തരം വ്യക്തമാക്കുന്നതാണെന്ന്‌ ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

24, 25, 26, 27 തീയതികളിലെ ദേശാഭിമാനി പത്രത്തില്‍ പോലും എന്തേ ഇത്‌ രാഷ്‌ട്രീയ കൊലപാതകത്തിലേയ്‌ക്ക നയിച്ച സംഘര്‍ഷമാണെന്ന്‌ വാര്‍ത്ത വന്നില്ല. 27-ാം തീയതി ഉടുമ്പന്‍ചോല പോലീസ്‌ സ്റ്റേഷനിലെടുത്ത 129/2019-ാം നമ്പര്‍ കേസിലെ എഫ്‌.ഐ.ആറില്‍ ഇത്‌ ആക്രിക്കച്ചവടത്തെ തുടര്‍ന്ന്‌ സെല്‍വരാജും അരുള്‍ഗാന്ധിയും തമ്മിലുണ്ടായ 200 രൂപയുടെ തര്‍ക്കത്തെ തുടര്‍ന്നാണെന്നും ഇത്‌ തികച്ചും വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സൂചിപ്പിക്കുന്നു.

മധുര രാജാജി മെഡിക്കല്‍ കോളേജിലേയ്‌ക്ക്‌ നല്‍കിയ ഇന്റിമേഷന്‍ റിപ്പോര്‍ട്ടിലും ഇത്‌ രണ്ട്‌ വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷമാണ്‌. പ്രാഥമിക അന്വേഷണ സ്റ്റേറ്റ്‌മെന്റിലും ഇത്‌ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സൂചിപ്പിക്കുന്നു.

മെയ്‌ 23-ന്‌ വോട്ട്‌ എണ്ണലിനുശേഷം യു ഡി എഫ്‌ ടൗണില്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ്‌ സംഭവമുണ്ടായതെന്ന വാദവും ശരിയല്ല. പ്രകടനത്തിന്റെ ആദ്യാവസാനം അര ഡസനോളം പോലീസുകാര്‍ പ്രകടനത്തിന്റെ പുറകില്‍ നിലയുറപ്പിച്ചിരുന്നു. സെല്‍വരാജിനെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട്‌ പോലീസ്‌ കേസെടുത്തില്ലെന്ന്‌ വ്യക്തമാക്കണം.

അക്രമം നടന്നത്‌ പ്രകടനത്തിനിടെയല്ല മറിച്ച്‌ അരുള്‍ഗാന്ധിയുടെ വീട്ടുവളപ്പിലാണെന്ന്‌ വളരെ വ്യക്തമാണ്‌. സെല്‍വരാജിന്‌ രക്തസാക്ഷി പരിവേഷം നല്‍കാനുള്ള സി പി എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയുള്ള ഗൂഢാലോചനയാണ്‌ ഇക്കാര്യത്തില്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവം നടന്ന്‌ രണ്ട്‌ ദിവസത്തിനുശേഷം മാത്രമാണ്‌ സെല്‍വരാജിന്‌ വൈദ്യസഹായം ലഭ്യമായത്‌. അരുള്‍ഗാന്ധി മദ്യത്തിന്‌ അടിമയായ വ്യക്തിയാണ്‌. ഇയാള്‍ ടൗണില്‍ നടക്കുന്ന എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രകടനങ്ങളിലും പങ്കെടുക്കുന്നയാളാണ്‌. ഇയാളുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടതില്ല. ഹൈക്കോടതിയുടെ പോലീസ്‌ സംരക്ഷണമുള്ള വ്യക്തിയാണ്‌ കോണ്‍ഗ്രസ്‌ ഉടുമ്പന്‍ചോല ബ്ലോക്ക്‌ പ്രസിഡന്റു കൂടിയായ ബെന്നി തുണ്ടത്തില്‍.

ബെന്നിയെയും സഹപ്രവര്‍ത്തകരെയും മൃഗീയമായി ടൗണിലിട്ട്‌ സി പി എം ഗുണ്ടകള്‍ മര്‍ദ്ദിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ്‌ ഓഫീസ്‌ കല്ലെറിഞ്ഞ്‌ തകര്‍ത്തു. ഡി സി സി മെമ്പര്‍ പി.ഡി.ജോര്‍ജ്‌, മകന്‍ ടിബിന്‍ ജോര്‍ജ്‌, കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായ സുരേഷേ പാറത്തോട്‌ എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ച്‌ അവര്‍ ആശുപത്രിയിലാണ്‌.

ഇത്‌ രാഷ്‌ട്രീയ കൊലപാതകമാക്കി മാറ്റിയതിനുശേഷം നിരപരാധികളായ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരെ കേസില്‍ കുടുക്കാന്‍ നടക്കുന്ന ശ്രമം എന്തു വിലകൊടുത്തും ചെറുക്കുമെന്നും ഡി സി സി പ്രസിഡന്റ്‌ പറഞ്ഞു.

Advertisment